എവിടെ നിർഭയമാകുന്നു മാനസം..
പി.കെ.പാറക്കടവ്
എന്റെ വാക്കുകൾക്ക്
വയസാവുകയില്ല.
എന്റെ വാക്കുകൾ തോൽപ്പിക്കപ്പെടുകയില്ല
എന്റെ വാക്കുകൾ തുറമുഖത്ത്
ഒരു യാത്രയ്ക്കായി കാത്തിരിക്കുന്നു.
ഹാവൂ! ഒരു യാത്രയുടെ ഉത്കണ്ഠ!
എനിക്കൊരു ഗിത്താർ തരൂ
എനിക്കൊരു പൂവ് തരൂ
കാരണം ഒരു വേലിയിറക്കത്തിനായ്
ഒരു യാത്രയ്ക്കായി ഞാൻ കാത്തിരിക്കുന്നു.
ഹാവൂ! തൂവാല
കണ്ണീര് കൊണ്ട് നനഞ്ഞിരിക്കുന്നു!
എന്റെ ആകാശം പെയ്‌തൊടുങ്ങുകയാണെങ്കിലും
ഇരുളാണെങ്കിലും
പാവങ്ങളുടെ വ്യഥ;
തോൽപ്പിക്കപ്പെട്ട നഗരങ്ങളിൽ നിന്ന്
ബാൽക്കണികൾക്ക് താഴെനിന്ന്
അവരുടെ കരച്ചിൽ;
എല്ലാം ഞാൻ കാണുന്നു.
ഹാവൂ! ഒരു യാത്രയുടെ ഉത്കണ്ഠ!
എന്റെ വാക്കുകൾ
ഒരിക്കലും വാടിപ്പോകാത്ത പൂക്കളാണ്
(ഇറാഖി കവി അബ്ദുൽ വഹാബ് ബയാത്തിയുടെ 'എന്റെ വാക്കുകൾ' എന്ന കവിത)
ഗാന്ധിയെ തമസ്‌കരിച്ച്, നെഹ്‌റുവിയൻ മൂല്യങ്ങളെ പുച്ഛിച്ചുതള്ളുന്ന വെറുപ്പിന്റെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നവർ ഭയപ്പെടുന്നത് സത്യം പറയുന്ന മാധ്യമങ്ങളെയാണ്. അസഹിഷ്ണുതയുടെ കൂർത്ത തൃശൂലങ്ങൾ നേര് വിളിച്ചുപറയുന്ന മാധ്യമങ്ങൾക്ക് നേരെ നീണ്ടുവന്നത് ഇക്കഴിഞ്ഞ ആഴ്ച നാം കണ്ടു. രുചിക്കാത്ത സത്യങ്ങൾ വിളിച്ചു പറഞ്ഞതുകൊണ്ടാണ് ഇംഗ്ലിഷ്-ഹിന്ദി വാർത്താപോർട്ടലായ ന്യൂസ് ക്ലിക്കിനെ യു.എ.പി.എ ചുമത്തി വേട്ടയാടിയത്. സ്ഥാപക എഡിറ്റർ പ്രബീർ പുർകായസ്ത, അഡ്മിനിസ്‌ട്രേറ്റർ അമിത് ചക്രവർത്തി എന്നിവരെ അറസ്റ്റു ചെയ്തു.
എഡിറ്ററുടെയും മുതിർന്ന മാധ്യമപ്രവർത്തകരുടെയും ഇവരുമായി സഹകരിക്കുന്നവരുടെയും വീടുകളടക്കം മുപ്പതിലേറെ സ്ഥലങ്ങളിലാണ് റെയ്ഡിന്റെ പേരിൽ കേന്ദ്രത്തിന് കീഴിലുള്ള ഡൽഹി പൊലിസ് അഴിഞ്ഞാടിയത്. ചൈനീസ് ഭരണകൂടത്തിന് അനുകൂലമായ വാർത്തകൾ പ്രചരിപ്പിക്കുന്നതിന് ന്യൂസ് ക്ലിക്കിന് അമേരിക്കൻ കോടീശ്വരൻ നെവിൽ റോയ് സിംലം സഹായധനം നൽകിയെന്ന് ന്യൂയോർക്ക് ടൈംസ് ഓഗസ്റ്റ് അഞ്ചിന് വാർത്ത നൽകിയതാണ്, കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിന്റെ നിശിതവിമർശകരായ ന്യൂസ് ക്ലിക്കിനെതിരേ ഇപ്പോഴത്തെ സംഭവങ്ങളിലേക്ക് നയിച്ചത്.
മാധ്യമ സ്വാതന്ത്ര്യം അപകടത്തിലാണെന്ന് പറഞ്ഞുകൊണ്ട് പതിനാറ് മാധ്യമസംഘടനകൾ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് തുറന്ന കത്തെഴുതുകയുണ്ടായി. 'മാധ്യമപ്രവർത്തകർ നിയമത്തിന് മുകളിലല്ലെന്ന് ഞങ്ങൾ അംഗീകരിക്കുന്നു. എന്നാൽ മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും വിരട്ടി നിർത്താനുള്ള നീക്കങ്ങൾ ജനാധിപത്യസമൂഹത്തിന്റെ അടിസ്ഥാനഘടനയെ വെല്ലുവിളിക്കുന്നതാണ്. യു.എ.പി.എ കേസുകളിൽ അറസ്റ്റിലാകുന്ന മാധ്യമപ്രവർത്തകർ വർഷങ്ങളോളും ജാമ്യം കിട്ടാതെ ജയിലുകളിൽ നരകിക്കും. രണ്ടുവർഷം തടവിനുശേഷമാണ് സിദ്ദീഖ് കാപ്പന് ജാമ്യം ലഭിച്ചത്.
സത്യസന്ധമായ അന്വേഷണവുമായി സഹകരിക്കാൻ തയാറാണ്. സുപ്രിംകോടതി അടിയന്തരമായി ഇടപെടണം'- കത്തിൽ പറയുന്നു.
ന്യൂസ് ക്ലിക്ക് റെയ്ഡ് റിപ്പോർട്ടിങ്ങിൽ നമ്മുടെ മലയാള മാധ്യമങ്ങൾപോലും എങ്ങനെയാണ് റിപ്പോർട്ട് ചെയ്തതെന്ന് പത്രപ്രവർത്തനം ഗൗരവമായെടുത്തവരെങ്കിലും ചിന്തിക്കണം. റിപ്പോർട്ടിങ്ങിൽ നമ്മുടെ മാധ്യമങ്ങൾ നീതി ചെയ്തില്ലെന്ന് ദി ടെലഗ്രാഫ് എഡിറ്റർ അറ്റ് ലാർജ് തുറന്നടിക്കുകയുണ്ടായി(ഭരണകൂടത്തിന് വിറയലുണ്ടാക്കുന്ന തലക്കെട്ടുകൾ വഴി ദി ടെലഗ്രാഫ് ഏറെ ശ്രദ്ധിക്കപ്പെട്ട പത്രമാണ്).
'46 മാധ്യമപ്രവർത്തകർക്കെതിരേ ഒറ്റദിവസം നടപടിയെടുത്തത് രാജ്യചരിത്രത്തിൽ ആദ്യമാണ്. അടിയന്തരാവസ്ഥക്കാലത്തുപോലും അരങ്ങേറാത്ത ഭരണകൂടവേട്ടയാണ് ഡൽഹിയിൽ നടന്നത്. എന്നാൽ ഇത്ര ഭീകര സംഭവമായിട്ടും റിപ്പോർട്ടിങ്ങിൽ അത് പ്രകടമായില്ല. ഒറ്റപ്പത്രവും ഒന്നാം പേജ് ശൂന്യമാക്കി പ്രതിഷേധിച്ചില്ല'-ആർ. രാജഗോപാൽ പറഞ്ഞു.
മാധ്യമവേട്ട അവസാനിക്കുന്നില്ല. കേരളത്തിലെ പത്തനംതിട്ടയിലും ന്യൂസ്‌ക്ലിക്ക് മുൻ ജീവനക്കാരിയുടെ വീട്ടിൽ ഡൽഹി പൊലിസ് റെയ്ഡ് നടത്തിയതാണ് പുതിയ വാർത്ത. എതിരഭിപ്രായങ്ങളെ ഇല്ലാതാക്കുന്നതോടുകൂടി ജനാധിപത്യവും ഇല്ലാതാവുന്നു. വാക്കുകളെ ഭയപ്പെടുന്നവരാണ് ഗൗരി ലങ്കേഷിനെയടക്കം തോക്കുകൾക്ക് ഇരയാക്കിയതെന്ന് നമുക്കറിയാം. നിവർന്നുനിന്ന് നേരെഴുതാൻ എത്ര പത്രമാധ്യമങ്ങൾ തയാറുണ്ട് എന്നുള്ളതാണ് പ്രസക്തമായ ചോദ്യം.
കഥയും കാര്യവും
എവിടെ നിർഭയമാകുന്നു മാനസം,
എവിടെ നിൽക്കുന്നു ശീർഷം സമുന്നതം,
അവിടയേ സ്വാതന്ത്ര്യമുള്ളൂ- രവീന്ദ്രനാഥ ടാഗോർ.
Content Highlights:Today's Article In 07/10/2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."