മുൻഗണനാ റേഷൻ കാർഡുകൾക്കുള്ള അപേക്ഷകൾ 10 മുതൽ; എങ്ങിനെ അപേക്ഷിക്കാം
മുൻഗണനാ റേഷൻ കാർഡുകൾക്കുള്ള അപേക്ഷകൾ 10 മുതൽ; എങ്ങിനെ അപേക്ഷിക്കാം
തിരുവനന്തപുരം: മാസങ്ങളായി നിർത്തിവെച്ചിരുന്ന മുൻഗണനാ റേഷൻ കാർഡുകൾക്കുള്ള അപേക്ഷകൾ ഈ മാസം 10 മുതൽ സ്വീകരിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ്. ഈ മാസം 10 മുതൽ 20 വരെയാണ് അപേക്ഷകൾ സമർപ്പിക്കാൻ അവസരമൊരുങ്ങുന്നത്. അക്ഷയ വഴി ഓൺലൈൻ ആയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. സംസ്ഥാനത്ത് മുൻഗണന കാർഡിന് അർഹതയുള്ള നിരവധി പേരാണ് ഇപ്പോഴും അവസരം കാത്തുകഴിയുന്നത്. അനർഹമായി മുൻഗണനാ കാർഡ് കൈവശം വെക്കുന്നവരെ ഒഴിവാക്കിയാണ് പകരം ഇവർക്ക് അവസരം നൽകിയത്.
ആർക്കൊക്കെ മുൻഗണന കാർഡ് ലഭിക്കും ?
ആശ്രയ പദ്ധതി, ആദിവാസി, വികലാംഗർ, കിടപ്പ് രോഗികൾ, ഓട്ടിസം, ലെപ്രസി, അവയവമാറ്റം, കാൻസർ, ഡയാലിസിസ്, എച്ച്.ഐ.വി എന്നീ വിഭാഗങ്ങളിൽ ഉള്ളവർക്ക് ആണ് മുൻഗണന കാർഡ് ലഭിക്കുക.
ഇതിന് പുറമെ വിധവ, അവിവാഹിത, വിവാഹമോചിത തുടങ്ങിയ നിരാലംബരായ സ്ത്രീകൾക്കും മാർക്ക് പരിഗണനയില്ലാതെ മുൻഗണനാ കാർഡ് ലഭിക്കും.
അപേക്ഷിക്കേണ്ടത് എങ്ങിനെ?
വിവിധ രേഖകൾ സഹിതം അക്ഷയ വഴി ഓൺലൈൻ ആയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. താഴെ പറയുന്ന രേഖകളാണ് അപേക്ഷക്കൊപ്പം നൽകേണ്ടത്.
- വരുമാന സർട്ടിഫിക്കറ്റ്
- വീടിന്റെ വിസ്തീർണം കാണിക്കുന്ന തദ്ദേശ സ്ഥാപനത്തിൽനിന്നുള്ള സർട്ടിഫിക്കറ്റ്
- 2009ലെ ബി.പി.എൽ പട്ടികയിലുൾപെട്ടതാണെങ്കിൽ അതിന്റെ സർട്ടിഫിക്കറ്റ്
- ദാരിദ്യരേഖക്ക് താഴെയുള്ളവരാണെങ്കിൽ അത് തെളിയിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സർട്ടിഫിക്കറ്റ്
- സ്വന്തമായി സ്ഥലം ഇല്ലെങ്കിൽ വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രം
- വീടില്ലെങ്കിൽ പഞ്ചായത്ത് സാക്ഷ്യപത്രം
- രോഗിയോ വികലാംഗനോ ആണെങ്കിൽ മെഡിക്കൽ സർട്ടിഫിക്കറ്റ്
മതിയായ ഒഴിവുകളില്ലാത്തതിനാൽ സംസ്ഥാനത്ത് മുൻഗണനാ കാർഡിനുവേണ്ടിയുള്ള അപേക്ഷ സ്വീകരിക്കൽ മാസങ്ങളായി നിർത്തി െവച്ചിരിക്കുകയായിരുന്നു. നേരത്തേ, കഴിഞ്ഞ ജൂലൈ 18 മുതൽ ആഗസ്റ്റ് 10 വരെ അപേക്ഷ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കേന്ദ്ര മാനദണ്ഡം കർശനമാക്കിയതോടെ ഇത് നടന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."