മഹല്ലുകൾ മുസ്‌ലിം ശാക്തീകരണത്തിൻ്റെ വഴിവിളക്കുകൾ
യു. മുഹമ്മദ് ശാഫി ഹാജി
സമൂഹത്തിൽ ഗുണപരമായ മാറ്റങ്ങൾക്ക് വേണ്ടിയുള്ള പരിശ്രമങ്ങൾ നടക്കേണ്ടത് തൃണമൂലതല(Grassroot level)ത്തിലാണ്, മലയാളി മുസ്‌ലിം സമാജത്തിൻ്റെ അടിസ്ഥാന ഏകകങ്ങളായ മഹല്ലുകളെ ഏകോപിപ്പിക്കുകയും ശാക്തീകരിക്കുകയും ചെയ്യുക വഴി ഉമ്മത്തിൻ്റെ ഉത്ഥാനവും ശാക്തീകരണവും എളുപ്പത്തിൽ സാധ്യമാകും. ഇത്തരമൊരു മുന്നേറ്റത്തിന് ചാലകശക്തികളാകേണ്ടത് പണ്ഡിത(ഉലമ)രും സമുദായ നേതാക്ക(ഉമറ)ളുമാണ്. ഈ ചിന്തകളുടെയും ആലോചനകളുടെയും ഫലമായാണ് സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷൻ (എസ്.എം.എഫ്) സംസ്ഥാപിതമായതും കർമപഥത്തിൽ മുന്നോട്ട് പോകുന്നതും.
1976ൽ നടന്ന തിരൂർ താലൂക്ക് സമസ്ത സമ്മേളനത്തിൻ്റെ സംഘാടനവുമായി ബന്ധപ്പെട്ട് വന്ദ്യരായ മർഹും എം.എം ബശീർ മുസ്‌ലിയാർ, സി.എച്ച് ഐദറൂസ് മുസ്‌ലിയാർ, ഡോ. യു ബാപ്പുട്ടി ഹാജി എന്നിവർ നടത്തിയ കൂടിയാലോചനകളുടെ ഫലമായാണ് സമസ്തക്ക് കീഴിൽ മഹല്ലുകളുടെ കൂട്ടായ്മയെന്ന ആശയം രൂപപ്പെട്ടത്. ആത്മീയ നഭോമണ്ഡലത്തിലെ സൂര്യതേജസ്സായിരുന്ന മർഹും ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുടെ ആശീർവാദത്തോടെയാണ് സുന്നീ മഹല്ല് ഫെഡറേഷൻ്റെ സമാരംഭം. ടി.കെ.എം ബാവ മുസ്‌ലിയാർ പ്രസിഡൻ്റും സി.എച്ച് ഐദറൂസ് മുസ്‌ലിയാർ ജനറൽ സെക്രട്ടറിയും ഡോ. യു ബാപ്പുട്ടി ഹാജി ട്രഷററും പി.കെ അബ്ദു മുസ്‌ലിയാർ ഓർഗനൈസറുമായി തിരൂർ താലൂക്കിലാണ് പ്രഥമ കമ്മിറ്റി നിലവിൽ വന്നത്. പിറ്റേ വർഷം മലപ്പുറം ജില്ലാ കമ്മിറ്റി രൂപീകരിക്കപ്പെട്ടു. കോട്ടുമല അബൂബക്കർ മുസ് ലിയാർ (പ്രസിഡൻ്റ്), ചെമ്മുക്കൻ കുഞ്ഞാപ്പു ഹാജി (ജനറൽ സെക്രട്ടറി), ഡോ.യു ബാപ്പുട്ടി ഹാജി (ട്രഷറർ) എന്നിവരായിരുന്നു പ്രഥമ ഭാരവാഹികൾ.
ജില്ലയെ വിവിധ മേഖലകളായി വിഭജിച്ചും പ്രവർത്തനങ്ങൾ ശാസ്ത്രീയമായി വികേന്ദ്രീകരിച്ചും സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും ഭാരവാഹികളെയും പ്രവർത്തകരെയും അണിനിരത്തിയുമുള്ള പ്രവർത്തനം ജില്ലയുടെ സാംസ്കാരിക മുഖച്ഛായ തന്നെ മാറ്റിമറിക്കുന്നതായിരുന്നു. പലയിടങ്ങളിൽ മാതൃകാ ദർസുകൾ സ്ഥാപിക്കുകയും മഹല്ല് ഭരണം കാര്യക്ഷമമാക്കുകയും ചെയ്തു. പരമ്പരാഗതമായുള്ള ദർസ് വിദ്യാഭ്യാസത്തോടൊപ്പം കാലാനുസൃതമായ ഭൗതിക വിദ്യാഭ്യാസവും നൽകുന്ന മാതൃകാ ദർസുകളെക്കുറിച്ചുള്ള ആലോചനകളാണ് ഇത്തരത്തിൽ വിപുല പഠനസംവിധാനമുള്ള ഒരു സ്ഥാപനത്തിന് രൂപംകൊടുക്കുകയെന്ന ഗൗരവമായ ചിന്തയിലേക്ക് നയിച്ചത്. 1986ൽ, എസ്.എം.എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കീഴിൽ ദാറുൽഹുദാ ഇസ്‌ലാമിക് അക്കാദമിയുടെ സംസ്ഥാപനമായിരുന്നു ഈ ചിന്തകളുടെ പരിണതഫലം.
കേവലം സ്ഥാപനം എന്നതിലുപരി വലിയൊരു വിദ്യാഭ്യാസ പ്രസ്ഥാനമായി വളർന്ന് കഴിഞ്ഞ ദാറുൽ ഹുദാ നിലവിൽ ലോക പ്രശസ്തമായ ഇസ്‌ലാമിക് യൂനിവേഴ്സിറ്റിയാണ്. കേരളത്തിനകത്തും പുറത്തുമായി 27 സഹസ്ഥാപനങ്ങൾ ദാറുൽ ഹുദാ സിലബസ് അനുസരിച്ച് പ്രവർത്തിക്കുന്നുണ്ട്. ആന്ധ്രാപ്രദേശ്, വെസ്റ്റ് ബംഗാൾ, അസം, കർണാടക സംസ്ഥാനങ്ങളിലും തിരുവനന്തപുരത്തുമായി അഞ്ച് ഓഫ് കാംപസുകളും നിലവിലുണ്ട്. സമൂഹത്തിലെ വിവിധ തുറകളിലുള്ള പൊതുജനങ്ങൾക്ക് കൂടി ഉപയോഗപ്രദമായ വിവിധ കോഴ്സുകൾ പ്രദാനം ചെയ്യുന്ന വിദൂരവിദ്യാഭ്യാസ വിഭാഗം 'സിപെറ്റും' ദാറുൽ ഹുദാ സംവിധാനത്തിൻ്റെ ഭാഗമായുണ്ട്. ദാറുൽ ഹുദാ സന്തതികൾ കേരളത്തിനകത്തും പുറത്തുമായി ശ്രദ്ധേയമായ നിരവധി വൈജ്ഞാനിക- പ്രബോധന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു. ദാറുൽ ഹുദാ പൂർവ വിദ്യാർഥി കൂട്ടായ്മ 'ഹാദിയ'യുടെ നേതൃത്വത്തിൽ കേരളേതര സംസ്ഥാനങ്ങളിൽ നടന്നുവരുന്ന ആയിരത്തി അഞ്ഞൂറിലേറെ മോറൽ സ്കൂളുകളിലായി ഒരു ലക്ഷം വിദ്യാർഥികളാണ് അധ്യയനം നടത്തിക്കൊണ്ടിരിക്കുന്നത്.
1987ൽ കുറ്റിപ്പുറത്ത് നടന്ന സമസ്ത മലപ്പുറം ജില്ലാ സമ്മേളനത്തിൽ വച്ചാണ് എസ്.എം.എഫ് സംസ്ഥാന കമ്മിറ്റി നിലവിൽവരുന്നത്. ശൈഖുനാ ശംസുൽ ഉലമാ ഇ.കെ അബൂബക്കർ മുസ്‌ലിയാർ പ്രസിഡന്റും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ജനറൽ സെക്രട്ടറിയും ഡോ. യു. ബാപ്പുട്ടി ഹാജി ട്രഷററുമായിരുന്നു. തുടർന്ന് സംസ്ഥാനതലത്തിൽ സംഘടനയുടെ പ്രവർത്തനം വിപുലപ്പെടുത്തുകയും കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടിനകം ശ്രദ്ധേയമായ ഒട്ടനവധി പദ്ധതികൾ നടപ്പാക്കുകയും ചെയ്തു.
മലയാളി മുസ്‌ലിംകളുടെ സമസ്തമേഖലകളിലും സ്വാധീനം ചെലുത്തുന്ന സംരംഭമാണ് മഹല്ല് സംവിധാനം. അതുകൊണ്ട് മതപരവും സാമൂഹികവും വിദ്യാഭ്യാസപരവുമായ മുഴുവൻ കാര്യങ്ങളിലും ഇടപെടേണ്ടത് മഹല്ല് കമ്മിറ്റികളുടെ ഉത്തരവാദിത്വമാണ്. മഹല്ല് ഭരണം കാര്യക്ഷമമാകണമെങ്കിൽ ജനങ്ങളുടെ സാമൂഹിക, സാംസ്കാരിക, വൈജ്ഞാനിക, സാമ്പത്തിക മേഖലകളിൽ കാര്യക്ഷമത ഉറപ്പുവരുത്തണം. കമ്മിറ്റിയും ജനങ്ങളും തമ്മിൽ നല്ല ബന്ധവും കെട്ടുറപ്പുമുണ്ടാകണം. പള്ളികളുടെയും മദ്റസകളുടെയും ഭൗതിക വളർച്ചക്കപ്പുറം മഹല്ലിലെ മുസ്‌ലിംകളുടെ ധാർമികവും സാംസ്കാരികവും സാമൂഹികവുമായ വളർച്ചയും കൂടി മഹല്ല് ഭാരവാഹികളുടെ ഉത്തരവാദിത്വമാണ്. അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന, അനിശ്ചിതത്വങ്ങൾ നിറഞ്ഞ പുതിയ കാലത്ത് വിശിഷ്യാ, നവംനവങ്ങളായ വെല്ലുവിളികളാണ് മഹല്ല് നേതൃത്വത്തിന് സംബോധന ചെയ്യേണ്ടി വരുന്നത്.
മഹല്ലുകളെയും മഹല്ല് നിവാസികളെയും ശാക്തീകരിക്കാനാവശ്യമായ കാലോചിതമായ നിരവധി പദ്ധതികൾ എസ്.എം.എഫ് വിഭാവനം ചെയ്ത് നടപ്പാക്കിവരുന്നുണ്ട്. ഇസ്‌ലാമിക് പ്രീമാരിറ്റൽ കോഴ്സ്, ഇസ്‌ലാമിക് പാരൻ്റിങ് കോഴ്സ്, ഡിപ്ലോമ കോഴ്സ് ഇൻ മോറൽ ആൻ്റ് പ്രാക്ടിക്കൽ എഡ്യുക്കേഷൻ (സ്വദേശി ദർസ്), സുന്ദൂഖ് പലിശരഹിത വായ്പാ പദ്ധതി, ആശ്വാസ്, 'സിമാപ്' മഹല്ല് ശാക്തീകരണ പദ്ധതി, മഹല്ല് സർവേ, മഹല്ല് സ്ക്വാഡ് തുടങ്ങിയവ ഇവയിൽ പ്രധാനപ്പെട്ടതാണ്. അതോടൊപ്പം, കാലികമായി സമുദായം നേരിടുന്ന പ്രശ്നങ്ങളെ സംബോധന ചെയ്യാനും പ്രതിരോധിക്കാനുമാവശ്യമായ കാംപയിനുകളും സംഘടന നടത്താറുണ്ട്.
പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാർ പ്രസിഡൻ്റും യു. മുഹമ്മദ് ശാഫി ഹാജി ജനറൽ സെക്രട്ടറിയും അബ്ദുസ്സമദ് പൂക്കോട്ടൂർ വർക്കിങ് സെക്രട്ടറിയും സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ട്രഷററുമായ സംസ്ഥാന കമ്മിറ്റിയാണ് നിലവിൽ എസ്.എം.എഫിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കൊയ്യോട് ഉമർ മുസ്‌ലിയാർ പ്രസിഡൻ്റും നാസർ ഫൈസി കൂടത്തായി ജനറൽ സെക്രട്ടറിയുമായ ജംഇയ്യത്തുൽ ഖുത്വബാ, കെ. ഉമർ ഫൈസി മുക്കം ചെയർമാനും ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി ജനറൽ കൺവീനറുമായ സ്വദേശി ദർസ് അക്കാദമിക് കൗൺസിൽ, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ചെയർമാനും എസ്.വി മുഹമ്മദലി വർക്കിങ് ചെയർമാനും സി.ടി അബ്ദുൽ ഖാദർ തൃക്കരിപ്പൂർ ജനറൽ കൺവീനറുമായി എസ്.എം.എഫ് അക്കാദമിക് വിങ് എന്നിവ സംസ്ഥാന കമ്മിറ്റിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന അനുബന്ധ സംവിധാനങ്ങളാണ്.
നാലായിരത്തിൽപരം ഖത്തീബുമാരുടെ കൂട്ടായ്മയാണ് ജംഇയ്യത്തുൽ ഖുത്വബാ. സംസ്ഥാനത്തിനകത്തും പുറത്തുമായി 270 ഓളം സ്വദേശി ദർസുകൾ പ്രവർത്തിച്ചുവരുന്നുണ്ട്. അക്കാദമിക് വിങ് നേതൃത്വം നൽകുന്ന ഇസ്‌ലാമിക് പ്രീ മാരിറ്റൽ സർട്ടിഫിക്കറ്റ് കോഴ്സ് ഓൺലൈനായും ഓഫ്‌ലൈനായും വെബ്ആപ്പ് വഴിയും നടന്നുവരുന്നു. നൂറുകണക്കിന് പുരുഷ- വനിതാ ആർ.പിമാരാണ് കോഴ്സിന് നേതൃത്വം നൽകുന്നത്. 400 കേന്ദ്രങ്ങളിലായി പതിനായരത്തിലധികം പേർ കോഴ്സ് പൂർത്തീകരിച്ച് സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ട്.
നാലായിരത്തിലേറെ മഹല്ലുകൾ നിലവിൽ എസ്.എം.എഫിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലും പുറമേ, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലും സംഘടനയുടെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.കൃത്യമായ ആസൂത്രണങ്ങളോടെയും സജീവ പ്രവർത്തനങ്ങളിലൂടെയും സംഘടനയുടെ പദ്ധതികളും പ്രവർത്തനങ്ങളും നടപ്പിലാക്കുന്നതിനായി വിവിധ ജില്ലകളിൽ മുഴുസമയ ഓർഗനൈസർമാർ പ്രവർത്തിക്കുന്നുണ്ട്. എ.കെ ആലിപ്പറമ്പാണ് ചീഫ് ഓർഗനൈസർ. ഓർഗനൈസർമാരുടെ ശമ്പളം, യാത്രാ ബത്ത, അനുബന്ധകാര്യങ്ങൾ, പദ്ധതികളുടെ നടത്തിപ്പിനാവശ്യമായ ആർ.പിമാർക്കുള്ള ട്രൈയിനിങ്, വിവിധ പഠന പരിശീലനങ്ങൾ, ജംഇയ്യത്തുൽ ഖുത്വബാ സംസ്ഥാന കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്കാവശ്യമായ സാമ്പത്തിക സഹായം തുടങ്ങിയവ ഭാരിച്ച ഉത്തരവാദിത്വമായതിനാൽ വർഷത്തിലൊരിക്കൽ എസ്.എം.എഫിൽ രജിസ്റ്റർ ചെയ്ത മഹല്ലുകളിൽ നിന്ന് പ്രവർത്തന ഫണ്ട് ശേഖരിക്കാൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരിക്കുകയാണ്. തദടിസ്ഥാനത്തിൽ, ഇന്ന് പള്ളികൾ കേന്ദ്രീകരിച്ച് ഫണ്ട് ശേഖരണം നടക്കുകയാണ്. എസ്.എം.എഫിൻ്റെ പദ്ധതികൾ പരിചയപ്പെടുത്താനും അവയെക്കുറിച്ച് ജനങ്ങളെ ബോധവാൻമാരാക്കാനുമുള്ള അവസരം കൂടിയായി ഇതിനെ ഉപയോഗപ്പെടുത്തണം. ഖത്തീബുമാരും മഹല്ല് ഭാരവാഹികളും സംഘടനാ പ്രവർത്തകരും മുന്നിട്ടിറങ്ങി ഫണ്ട് ശേഖരണം വിജയിപ്പിക്കണമെന്ന് അഭ്യർഥിക്കുന്നു.
(എസ്.എം.എഫ് സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ലേഖകൻ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."