അനധികൃത പണമിടപാട് കര്‍ശനമായി പരിശോധിക്കും ; നിരീക്ഷണക്കണ്ണില്‍ എല്ലാ ബാങ്കിടപാടുകളും
കൊച്ചി:ലോക് സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അനധികൃത പണമിടപാട് കര്‍ശനമായി നിരീക്ഷിക്കാനും നടപടികള്‍ സ്വീകരിക്കാനും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്‍ ജില്ലാ വരണാധികാരികള്‍ക്ക് നിര്‍ദേശം നല്‍കി.
എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി എറണാകുളത്ത് ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ബാങ്കുകളിലെയും സംശയകരമായ ഇടപാടുകള്‍ ഉള്‍പ്പെടെ നിരീക്ഷിക്കും. ആദായ നികുതി വകുപ്പ് പ്രത്യേക കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്.
അയല്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലും ജില്ലാതിര്‍ത്തികളിലും കര്‍ശന പരിശോധന ആവശ്യമാണ്. ചെക്ക് പോസ്റ്റുകളില്‍ സി.സി.ടി.വി നിരീക്ഷണം കൂടുതല്‍ ശക്തമാക്കും. വിവിധ എന്‍ഫോഴ്‌സ് മെന്റ് ഏജന്‍സികളുടെ സംസ്ഥാന നോഡല്‍ ഓഫിസര്‍മാര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സ്വീകരിക്കുന്ന നടപടികള്‍ യോഗത്തില്‍ വിശദീകരിച്ചു.
പരാതി രഹിതമായി തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ നിര്‍ദേശിച്ചു. വോട്ടെടുപ്പില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പ്രധാന പരിഗണന നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. കുട്ടികളെ ഒരു കാരണവശാലും പ്രചാരണത്തില്‍ ഉപയോഗിക്കരുത്.
ചാനലുകള്‍ നടത്തുന്ന തെരഞ്ഞെടുപ്പ് സംവാദ പരിപാടികള്‍ക്ക് മുന്‍കൂര്‍ അനുമതി വാങ്ങണം. ചില സ്ഥലങ്ങളില്‍ സംഘര്‍ഷമുണ്ടായ സാഹചര്യത്തിലാണ് ഇത്. ജില്ലകളിലെ സുരക്ഷാ ക്രമീകരണങ്ങള്‍, ജില്ലാ തെരഞ്ഞെടുപ്പ് മാനേജ്മെന്റ് പ്ലാനുകള്‍, ലോജിസ്റ്റിക്കല്‍ ആവശ്യകതകള്‍, റിട്ടേണിംഗ് ഓഫിസര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫിസര്‍ എന്നിവരുടെ എണ്ണം, ഇലക്ഷന്‍ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് (എപിക് )വിതരണം, ഇ.വി.എം, വിവിപാറ്റ് ക്രമീകരണം, സ്വീപ് പ്രവര്‍ത്തനങ്ങള്‍, തെരഞ്ഞെടുപ്പ് ചെലവ് വിവരങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു.
അഡീഷനല്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായ ഡോ. അദീല അബ്ദുള്ള, വി.ആര്‍ പ്രേംകുമാര്‍, എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ ജില്ലാ കലക്ടര്‍മാര്‍, കൊച്ചി സിറ്റി പൊലിസ് കമ്മിഷണര്‍, ജില്ലാ പൊലിസ് മേധാവിമാര്‍, വരണാധികാരികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."