കാലിക്കറ്റ് സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളറെ പുറത്താക്കാന്‍ നീക്കം
ഇഖ്ബാല്‍ പാണ്ടികശാല
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ പരീക്ഷാ നടത്തിപ്പിലെയും ഫലപ്രഖ്യാപനത്തിലെ വീഴ്ചകളും നിലവിലെ പരീക്ഷാ കണ്‍ട്രോളറുടെ തലയില്‍ കെട്ടിവച്ച് അദ്ദേഹത്തെ പുറത്താക്കാന്‍ അണിയറയില്‍ നീക്കങ്ങള്‍ സജീവമായി.
ഉന്നത വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ മാസം 31 ന് ഡിഗ്രി ഫലം പ്രഖ്യാപിക്കുമെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നുവെങ്കിലും ഇതിനു കഴിയാതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തം പരീക്ഷാ കണ്‍ട്രോളറുടെ പോരായ്മയാണെന്ന് വരുത്തിത്തീര്‍ത്താണ് ഇടതു സര്‍വിസ് സംഘടനാ നേതാക്കളുടെ ഒത്താശയോടെ നീക്കം നടക്കുന്നത്. അന്തിമമായി ഈ മാസം 16ന് മുഴുവന്‍ ഡിഗ്രി ഫലങ്ങളും പ്രഖ്യാപിക്കുമെന്നായിരുന്നു അധികാരികളുടെ പ്രഖ്യാപനമെങ്കിലും ഓണാവധിക്കു ശേഷമേ മുഴുവന്‍ ഡിഗ്രികളുടെയും ഫലങ്ങള്‍ പുറത്തുവിടാന്‍ കഴിയൂവെന്നാണ് ജീവനക്കാര്‍ വ്യക്തമാക്കുന്നത്. പരീക്ഷാ ജോലികളില്‍ നിസ്സഹകരിക്കുന്ന ചില യൂനിയന്‍ നേതാക്കളുടെ നീക്കങ്ങള്‍ നേരത്തേ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് സിന്‍ഡിക്കേറ്റംഗങ്ങളില്‍ ചിലര്‍ ശരിവച്ചിരുന്നു. പരീക്ഷ എഴുതിയ നൂറുകണക്കിനാളുകളെ ആബ്‌സെന്റ് പട്ടികയിലായിരുന്നു ഉള്‍പെടുത്തിയത്. കഴിഞ്ഞ സെമസ്റ്റര്‍ ഫലങ്ങള്‍ ഇത്തരത്തില്‍ നിരവധി വിദ്യാര്‍ഥികളുടേത് തടഞ്ഞുവയ്ക്കുകയും ചെയ്തിരുന്നു. ഇത്തരം വാര്‍ത്തകള്‍ പുറത്തു വരുമ്പോള്‍ വിദ്യാര്‍ഥികളുടെ വീഴ്ച കൊണ്ടാണെന്ന് വരുത്തിത്തീര്‍ത്ത് വിശദീകരണക്കുറിപ്പിറക്കിയാണ് സര്‍വകലാശാല അധികൃതര്‍ മുഖം മിനുക്കുന്നത്.
ജാതീയമായ വിവേചനം പോലും കാണിച്ച് പരീക്ഷാ കണ്‍ട്രോളര്‍ക്ക് സ്വന്തമായി വാഹനം പോലും അനുവദിക്കാതിരുന്നതിനെ സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഡോ.റഷിദ് അഹമ്മദ് ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു താല്‍ക്കാലികമായി സര്‍വകലാശാലയുടെ പഴയ വാഹനം ഇദ്ദേഹത്തിന്റെ ഔദ്യോഗിക യാത്രകള്‍ക്ക് അനുവദിക്കാന്‍ തയാറായത്. നിലവിലുള്ള പരീക്ഷാ നടത്തിപ്പിന്റെ സ്വകാര്യത അട്ടിമറിക്കാനാണ് ഓണ്‍ ലൈന്‍ ചോദ്യപ്പേപ്പര്‍ സംവിധാനം നടപ്പാക്കാനുള്ള സര്‍വകലാശാല കേന്ദ്രീകരിച്ചുള്ള ലോബിയുടെ നീക്കം. ഇതിന്റെ പോരായ്മകളും കണ്‍ട്രോളറില്‍ കെട്ടിവയ്ക്കാമെന്നാണ് ഇവരുടെ കണക്കു കൂട്ടല്‍.
സര്‍വകലാശാല ആസ്ഥാനത്തെ ഒരു അധ്യാപകസംഘടനാംഗത്തെ പരീക്ഷാ കണ്‍ട്രോളറായി കൊണ്ടുവരാനുള്ള ജീവനക്കാരുടെ ഒരു സര്‍വിസ് സംഘടനയുടെ നീക്കങ്ങള്‍ പാളിയതോടെയാണ്, ഇവരുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി നിയമിതനായ ഇപ്പോഴത്തെ കണ്‍ട്രോളര്‍ക്കെതിരെയുള്ള നീക്കങ്ങള്‍ക്ക് ആക്കംകൂടിയത്. പരീക്ഷാ നടത്തിപ്പിന്റെയും ഫലപ്രഖ്യാപനമുള്‍പെടെയുള്ള കാര്യങ്ങളിലും കണ്‍ട്രോളറുടെ വീഴ്ച ആരോപിക്കുന്ന പ്രമുഖ യൂനിയനില്‍പെട്ടവര്‍ പരീക്ഷാ ഭവനില്‍ ജോലി ചെയ്യാതെ കൂടുതല്‍ സുരക്ഷിത സ്ഥാനങ്ങളായ ഭരണകാര്യാലയ മുള്‍പെടെയുള്ള സ്ഥലങ്ങളിലേക്ക് ചേക്കേറുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."