HOME
DETAILS

മരണത്തിലേക്ക് പൂപോലെ വിരിഞ്ഞ പക്ഷി; അമേരിക്കന്‍ കവിയും നോവലിസ്റ്റുമായ ജിം ഹാരിസണ്‍

  
backup
October 08 2023 | 08:10 AM

sunday-siuplementary-on-jim-harrison

മരണത്തിലേക്ക് പൂപോലെ വിരിഞ്ഞ പക്ഷി; അമേരിക്കന്‍ കവിയും നോവലിസ്റ്റുമായ ജിം ഹാരിസണ്‍

അവധൂതരുടെ വന്‍കരകള്‍
ഡോ. രോഷ്നി സ്വപ്ന

അമേരിക്കയില്‍ ജനിച്ചുവെങ്കിലും മിഷിഗണില്‍ ജീവിതത്തിന്റെ മുക്കാല്‍ഭാഗവും ജീവിച്ച കവിയും നോവലിസ്റ്റുമായ ജിം ഹാരിസണ്‍ പ്രകൃതിയിലേക്ക് നോക്കിയാണ് തന്റെ കവിതകളെ പകര്‍ത്തിയെടുത്തത്. കാല്‍പനികതയും യാഥാര്‍ഥ്യബോധവും കലര്‍ന്ന ആഖ്യാനശൈലിയാണ് ജിം ഹാരിസണിന്റേത്. അദ്ദേഹത്തിന്റെ കല്‍പനകളില്‍ വാക്ക് ഏറെ പ്രസക്തമായ സ്വാതന്ത്ര്യത്തിന്റെ അടയാളമാണ്.

ജീവിതത്തിന്റെ സ്വാഭാവികതയെ നശിപ്പിക്കുന്ന എല്ലാത്തിനെയും അദ്ദേഹം തന്റെ കവിതയില്‍ നിന്നും ജീവിതത്തില്‍ നിന്നും പുറത്താക്കി. മനുഷ്യരും പ്രകൃതിയും ഇടകലര്‍ന്ന ആവാസ വ്യവസ്ഥക്ക് കുറുകെ കടക്കുന്ന എല്ലാ വിധ്വംസകപ്രവര്‍ത്തനങ്ങളെയും അദ്ദേഹം മാറ്റിനിര്‍ത്തി. ഏണെസ്റ്റ് ഹെമിങ്വേയുടെ എഴുത്തിന്റെ സവിശേഷതകളോടാണ് നിരൂപകര്‍ ജിം ഹാരിസനെ താരതമ്യം ചെയ്തത്.
1961 മുതല്‍ 1981 വരെയുള്ള കവിതകളില്‍നിന്ന് തിരഞ്ഞെടുത്ത രചനകള്‍ ഉള്‍ക്കൊള്ളുന്ന അദ്ദേഹത്തിന്റെ സമാഹാരത്തില്‍ ഈ സ്വഭാവം പ്രകടമാണ്. അമേരിക്കയുടെ പരമ്പരാഗതമായ പുരുഷ കേന്ദ്രീകൃത പൈതൃകങ്ങളെ കുടഞ്ഞുമാറ്റുകയായിരുന്നു ജിം തന്റെ കവിതകളിലൂടെ ചെയ്തത്. ബാഹ്യജീവിതവും ആന്തരികജീവിതവും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ തീര്‍ക്കുന്ന മൂര്‍ച്ചകള്‍ ആ കവിതകളില്‍ പ്രകടമാണ്.

മിഷിഗണ്‍ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയില്‍ ബി.എയും എം.എയും നേടിയതിനു ശേഷം അധ്യാപകനായി കുറച്ചുകാലം പ്രവര്‍ത്തിച്ചു. തന്റെ ആദ്യ കവിതാസമാഹാരമായ പ്ലെയിന്‍ സോങ്(1965) പ്രസിദ്ധീകരിച്ചതിനുശേഷം, അദ്ദേഹം മിഷിഗണിലേക്കു മടങ്ങി, അവിടെ ഫ്രീലാന്‍സ് ജേണലിസ്റ്റായും തൊഴിലാളിയായും ജോലി ചെയ്തു. പലവിധത്തിലുള്ള ജീവിതങ്ങളെയും മനുഷ്യരെയും കണ്ടെത്താനും ജീവിതത്തിന്റെയും കവിതയുടെയും രാഷ്ട്രീയം തിരിച്ചറിയാനും ഈ കാലം അദ്ദേഹത്തെ സഹായിച്ചു. ലിവിങ്സ്റ്റന്‍ സ്യൂട്, സേവിങ് ഡേ ലൈറ്റ്, ഇന്‍ സെര്‍ച്ച് ഓഫ് സ്മാള്‍ ഗോഡ്സ്, സോങ്സ് ഓഫ് അണ്‍ റീസന്‍, ഡെഡ് മാന്‍സ് ഫ്ളോഡ് തുടങ്ങി ഒരു ഡസനിലധികം കവിതാ സമാഹാരങ്ങള്‍ ഹാരിസണ്‍ പ്രസിദ്ധീകരിച്ചു. നിരവധി നോവലുകളും കുറിപ്പുകളും ലേഖനങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. കവിതയും ഗദ്യവും ഒരുപോലെ കൈകാര്യം ചെയ്തു. 1979ല്‍ എഴുതിയ ലെജന്‍ഡ്സ് ഓഫ് ദ ഫാള്‍എ ന്ന നോവല്‍ കാര്യമായ നിരൂപക പ്രശംസ നേടുകയും ആ നോവല്‍ ആസ്പദമായി 1995ല്‍ ഒരു ചലച്ചിത്രം പുറത്തു വരികയും ചെയ്തു.

വാര്‍ണര്‍ ബ്രോസിനും മറ്റ് സ്റ്റുഡിയോകള്‍ക്കുമായി ഹാരിസണ്‍ നിരവധി തിരക്കഥകളും എഴുതിയിട്ടുണ്ട്.
ദി നേഷന്‍ എന്ന മാസികയുടെ പോയട്രി എഡിറ്ററായും സുമാകിന്റെകോ എഡിറ്ററായും അദ്ദേഹം സേവനമനുഷ്ഠിച്ചു. എസ്‌ക്വയര്‍മാസികയ്ക്കായി അദ്ദേഹം 'ദി റോ ആന്‍ഡ് ദി കുക്ക്ഡ്' എന്ന ഒരു ഭക്ഷണകോളം എഴുതി. കൂടാതെ ജസ്റ്റ് ബിഫോര്‍ ഡാര്‍ക്ക് (1991) എന്ന അദ്ദേഹത്തിന്റെ ലേഖനങ്ങളുടെ ശേഖരത്തില്‍ സാഹിത്യപരവും പ്രകൃതിപരവുമായ ഉപന്യാസങ്ങള്‍ക്കൊപ്പം അദ്ദേഹത്തിന്റെ ചില ഭക്ഷണരചനകളും ഉള്‍പ്പെടുന്നു. 2016ല്‍ ജിം ഹാരിസണ്‍ അന്തരിച്ചു.

1.
മറ്റേതോ രാജ്യം
ഈറന്‍ മുറ്റുന്ന ഈ പുലര്‍കാലം
എനിക്ക് പ്രിയപ്പെട്ടതാണ്.
നൂറായിരം പക്ഷിക്കലമ്പലുകള്‍
നിങ്ങള്‍ക്ക് കേള്‍ക്കാം. പക്ഷേ,
കോടമഞ്ഞില്‍ മൂടിക്കളിക്കുന്ന
ആ പക്ഷികളെ നിങ്ങള്‍ക്ക്
കാണാനാവില്ല.
അന്യഗ്രഹ ജീവിയുടേതു
പോലെയുള്ള എന്റെ ശരീരം
ഒരു പരദേശിയാണ്.
മറ്റേതോ രാജ്യത്തിലേക്ക് പലായനം
ചെയ്യാന്‍ അതെപ്പോഴും കൊതിക്കുന്നു.
ഉന്മാദികളുടെ
നിലവിളികള്‍ കേട്ട്
ഞാന്‍ അടിമുടി
വിറക്കുന്നു.
എന്റെ അറയിലേക്ക് തിരിച്ചെത്തുമ്പോള്‍
ഞാന്‍ ഒരു പുസ്തകം കാണുന്നു
അതില്‍ എന്താണെന്ന്
എനിക്കറിയില്ല,
ഉറപ്പാണ്.

2
പരാതി
ഗാനമേ,
ഞാന്‍ നിനക്ക്
അപരിചിതനായേക്കാം.
നീ വരുമ്പോള്‍
നിന്റെ ശബ്ദം
മരങ്ങള്‍ക്കിടയില്‍നിന്ന്
മറ്റാരെയോ
എന്റെ പേര്
ചൊല്ലിവിളിക്കുകയായിരിക്കും.
ഞാന്‍ കുറേശ്ശെയായി
എന്റെ നടത്തം
നിന്നിലേക്ക് തിരിച്ചുവിട്ടു.
എനിക്ക് നിന്റെ ഭാരം താങ്ങാന്‍
വയ്യായിരുന്നു.
നിന്നെ ഞാന്‍ എന്റെ
ഉറക്കത്തില്‍ അടക്കം ചെയ്തു.
അല്ലെങ്കില്‍
കൂടുതല്‍ കൂടുതല്‍
വീഞ്ഞ് ഒപ്പിയെടുക്കാന്‍
ഉപയോഗിച്ചു.
അതോ, മറ്റാരുടെയോ
സംഗീതത്തില്‍
മറന്നുവച്ചോ?
നീ ഒരിക്കല്‍
സംസാരിച്ചിരുന്നുവെന്നത്
ഞാന്‍ മറന്നുപോയിരിക്കുന്നു.
ഒരുപക്ഷേ, വീണ്ടും
നീ വരികയാണെങ്കില്‍,
ക്ഷണപത്രങ്ങള്‍
ഒരിക്കല്‍ മാത്രം ഗര്‍ജനങ്ങളോ
പ്രകാശസ്തംഭങ്ങളോ
ആകുകയാണെങ്കില്‍,
ഞാന്‍ നിന്നെ
ഒറ്റിക്കൊടുക്കില്ല,
ഉറപ്പ്.

3
കവിത
രൂപം
ഒരു കാടാണ്,
മരങ്ങളാണ്,
മരക്കൂട്ടങ്ങളാണ,്
പിശാചാണ്.
രൂപം
ഇടതൂര്‍ന്ന വനം
ചുവന്ന താളിക്കൂട്ടങ്ങള്‍ക്കിടയില്‍
കാട്ടുപൂച്ചയുടെ
ആവാസസ്ഥലംപോല്‍
നിഗൂഡം.

സുവര്‍ണനിറം
കലര്‍ന്ന
തവിട്ട് മണ്‍പാതയ്ക്കു കുറുകെ
ഓടുന്ന കാട്ടുമയില്‍,
സമൃദ്ധമായ പച്ചപ്പ്
ഇളകുന്ന ശാഖകള്‍,
മരച്ചില്ലകള്‍..
ചില്ലയില്‍നിന്ന്
വേറിട്ടുനില്‍ക്കുന്ന ഒരില.
മരണത്തിലേക്ക്
പൂപോലെ വിരിഞ്ഞ
ഒരു പക്ഷി..
ഇലകള്‍
മരിച്ചവരെക്കുറിച്ച്
ഓര്‍ക്കുകയോ
പെട്ടെന്ന്
തീര്‍പ്പുകളിലെത്തുകയോ
ചെയ്യുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാരതപ്പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  2 months ago
No Image

ലോകാരോഗ്യ സംഘടനാ സഹകരണത്തിൽ; 'യു.എ.ഇ സ്റ്റാൻഡ്‌സ് വിത്ത് ലബനാൻ' ദുരിതാശ്വാസ കാംപയിനിന് തുടക്കം

uae
  •  2 months ago
No Image

അഞ്ച് ദിവസ സന്ദര്‍ശനത്തിനായി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയിലെത്തി

National
  •  2 months ago
No Image

'അത് അപ്പുറം പാക്കാലാം'; തമിഴില്‍ മറുപടിയുമായി അന്‍വര്‍, വാഹനം പൊലീസ് തടയുന്നുവെന്നും ആരോപണം

Kerala
  •  2 months ago
No Image

'കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുത്'; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

Kerala
  •  2 months ago
No Image

പി.വി. അന്‍വറിന്റെ നയവിശദീകരണ സമ്മേളനം അല്പസമയത്തിനകം

Kerala
  •  2 months ago
No Image

വനിത ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ്: പാകിസ്താനെതിരേ ഇന്ത്യക്ക് 106 റണ്‍സ് വിജയ ലക്ഷ്യം

Cricket
  •  2 months ago
No Image

കൊല്ലം-എറണാകുളം സ്‌പെഷ്യല്‍ മെമു സര്‍വീസ് നാളെ മുതല്‍

Kerala
  •  2 months ago
No Image

അടച്ചിട്ട് മൂന്നുമാസത്തിന് ശേഷം വാഗമണ്ണിലെ ചില്ലുപാലം തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

Kerala
  •  2 months ago
No Image

പരീക്ഷയ്ക്ക് മുന്‍പേ എല്‍ഡി ക്ലാര്‍ക്ക് ചോദ്യപേപ്പര്‍ വെബ്‌സൈറ്റിലെന്ന് പരാതി; ചോര്‍ന്നിട്ടില്ലെന്ന് പിഎസ്‌സി 

Kerala
  •  2 months ago