വനിതാ സുഹൃത്ത് നല്‍കിയ ജ്യൂസ് കുടിച്ച യുവാവ് മരിച്ചു; ആന്തരികാവയവങ്ങള്‍ ദ്രവിച്ച നിലയില്‍, മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം
തിരുവനന്തപുരം: പാറശ്ശാല മുര്യങ്കര സ്വദേശി ഷാരോണ്‍ രാജിന്റെ(23) മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. വനിതാ സുഹൃത്ത് നല്‍കിയ ജ്യൂസ് കുടിച്ചതാണ് മരണ കാരണമെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് ഷാരോണിന്റെ പിതാവ് പൊലിസില്‍ പരാതി നല്‍കി .
നെയ്യൂര്‍ ക്രിസ്ത്യന്‍ കോളജിലെ അവസാന വര്‍ഷ ബി.എസ്.സി റോഡിയോളജി വിദ്യാര്‍ത്ഥിയായിരുന്നു ഷാരോണ്‍. ഈ മാസം പതിനാലാം തീയതിയാണ് വനിതാ സുഹൃത്തിനെ കാണാനായി ഷാരോണ്‍ രാജ് തമിഴ്‌നാട്ടിലുള്ള പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുന്നത്. അവിടെ വച്ച് പെണ്‍കുട്ടി കഷായവും ഒരു മാംഗോ ജ്യൂസും കുടിക്കാന്‍ കൊടുത്തെന്നും പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. ഈ പാനീയം കുടിച്ച ഷാരോണ്‍ രാജ് ഛര്‍ദിച്ചുകൊണ്ടാണ് പുറത്തിറങ്ങി വന്നതെന്നും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പറയുന്നു. വീട്ടിലെത്തിയ ശേഷവും ഛര്‍ദി തുടരുകയായിരുന്നു. 25 ാം തിയതിയോടെ മരണത്തിന് കീഴടങ്ങി.
ഛര്‍ദ്ദിയെ തുടര്‍ന്ന് താലൂക്ക് ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില ഗുരുതരമായപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും കൊണ്ടുപോയി. അടുത്ത ദിവസമാണ് വൃക്കയുടെയും കരളിന്റെയും പ്രവര്‍ത്തനം നിലച്ചതായി മനസിലാക്കുന്നത്. നാല് തവണ ഡയാലിസിസ് ചെയ്തു. ഈ സമയത്തിനകം തന്നെ വായില്‍ വ്രണങ്ങളും മറ്റും വന്നെന്നും ഷാരോണിന്റെ ബന്ധുക്കള്‍ പറയുന്നു. ഷാരോണിന്റെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു. 25 ാം തീയതി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ചാണ് ഷാരോണ്‍ രാജ് മരിക്കുന്നത്.
വനിതാ സുഹൃത്തുമായിട്ട് രണ്ടുമൂന്നു വര്‍ഷത്തെ പരിചയം ഉണ്ടായിരുന്നതായും ഈ ബന്ധത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് അതില്‍ എതിര്‍പ്പുണ്ടായിരുന്നെന്നും ഷാരോണിന്റെ കുടുംബം ആരോപിക്കുന്നു. മരണത്തില്‍ ദുരൂഹത ഏറെയുണ്ടെന്നും സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് ഷാരോണ്‍ രാജിന്റെ കുടുംബത്തിന്റെ ആവശ്യം. ഇന്നലെയാണ് കുടുംബം പാറശാല പൊലിസില്‍ പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."