കഥ; കോര്‍പറേറ്റ് കമ്പനി
കഥ; കോര്‍പറേറ്റ് കമ്പനി
പി.എ മുഹമ്മദ് അശ്റഫ്
'സുധീ, കം ടു ജി.എം ക്യാബിന്‍…' ലാപില്‍ അലര്‍ട്ട് മെസേജ് കണ്ടയുടന്‍ അയാള്‍ ലാപ്പ് അടച്ചുവച്ച് ടാഗ് കഴുത്തിലണിഞ്ഞ് ഷര്‍ട്ട് നേരെയാക്കി ജി.എമ്മിന്റെ ക്യാബിനിന്റെ മുന്നിലെത്തി. ഡോര്‍ തള്ളിത്തുറന്ന് അകത്തേക്ക് തലയിട്ട് ചോദിച്ചു.
'എക്സ്‌ക്യൂസ് മീ, മേ ഐ കമിന്‍?'
ജി.എം ചെയറിലിരിക്കുന്ന ലേഡി ലാപ്പില്‍നിന്ന് തല ഉയര്‍ത്തി. 'യെസ് കമിന്‍, പ്ലീസ് ടേക്ക് യുവര്‍ സീറ്റ്' എന്നുപറഞ്ഞ് സ്വീകരിച്ചു.
ജി.എമ്മിന് മുന്നില്‍ നെഞ്ചിടിപ്പോടെ ഇരിക്കുന്ന സുധിയോട് അവര്‍ പറഞ്ഞു. 'സുധീ, യുവര്‍ പെര്‍ഫോമന്‍സ് ഈസ് കണ്ടിന്യൂസ്ലി ഗോയിങ് ഡൗണ്‍, യു ആര്‍ ഫ്രീക്വന്റ്ലി ടേക്കിങ് ലീവ്സ്. വാട്ട് ഹാപ്പെന്‍ഡ് ടു യു…?'- ശീതീകരിച്ച മുറിയിലിരുന്ന് അയാള്‍ വിയര്‍ത്തു.
അമ്മയ്ക്ക് സുഖമില്ലാത്തതിനാല്‍ ഇടക്കിടെ കുറച്ച് ആകസ്മിക അവധി എടുക്കേണ്ടിവന്നു. അതാണു മാനേജറെ പ്രകോപിതയാക്കിയത്. കമ്പനിയില്‍ സീനിയോരിറ്റി കൂടുതലുള്ളതും താരതമ്യേന കൂടുതല്‍ ശമ്പളം വാങ്ങുന്നതും സുധിയാണ്.
'മാഡം, മൈ മദര്‍ വാസ് നോട്ട് വെല്‍…'
'ലുക്ക്, നിങ്ങള്‍ക്ക് ഒരുപാട് പേഴ്സണല്‍ ഇഷ്യൂസ് ഉണ്ടാകും. ഇവിടെ നമ്മളൊരു ടീംവര്‍ക്കാണ് ചെയ്യുന്നത്. നിങ്ങള്‍ ഒരാളുടെ വര്‍ക്ക് സമയത്തിനു ചെയ്തില്ലെങ്കില്‍ അത് എത്രമാത്രം അഫക്ട് ചെയ്യുമെന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ..?'
'സി.എല്‍ നിങ്ങളുടെ അവകാശമല്ല. ഞാന്‍ അപ്പ്രൂവ് ചെയ്താലേ അത് ലീവ് ആവുകയുള്ളൂ. നിങ്ങള്‍ക്ക് പേഴ്സണല്‍ മാറ്ററില്‍ കൂടുതല്‍ എന്‍ഗേജ് ചെയ്യണമെങ്കില്‍ റിസൈന്‍ ചെയ്തിട്ട് പോകണം…'
ആറു മാസമായി കമ്പനിയില്‍നിന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന പെരുമാറ്റത്തിന്റെ ഒരുദാഹരണമാണിത്. ജോലിയില്‍ അത്രയും ആത്മാര്‍ഥത കാണിച്ചിരുന്ന സുധിക്ക് അമ്മയുടെ രോഗം കാരണമുണ്ടായ പ്രയാസങ്ങള്‍ മാനേജര്‍ക്ക് മനസിലാകാഞ്ഞിട്ടല്ല. തന്റെ കീഴുദ്യോഗസ്ഥരെ സമ്മര്‍ദത്തില്‍ നിര്‍ത്തി ജോലി ചെയ്യിക്കുക. അധികാരത്തിന്റെ അഹങ്കാരം കാണിക്കുക എന്ന തന്ത്രമാണ് അവര്‍ പ്രയോഗിക്കുന്നത്.
ഈ ജോലി രാജിവച്ചാല്‍ മറ്റൊരു ജോലികിട്ടാന്‍ വലിയ പ്രയാസമൊന്നുമില്ല. പക്ഷേ, ഈ സാഹചര്യത്തില്‍ അത് നല്ലതല്ല. അമ്മയുടെ ഹോസ്പിറ്റല്‍ ചെലവും വീട്ടുചെലവും ഈ ജോലിയെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്. ലീവായാലും ഉള്ളജോലിയുടെ പരമാവധി വീട്ടില്‍നിന്നും ഓഫിസില്‍ അധികസമയം ജോലി ചെയ്തും തീര്‍ക്കുന്നുണ്ട്. എന്നാലും അവര്‍ പ്രകോപിതയായി കൊണ്ടിരിക്കും.
അമ്മയ്ക്ക് അസുഖം വരുന്നതിനുമുമ്പ് സുധി ഓഫിസിലെ എല്ലാമെല്ലാമായിരുന്നു. ക്ലയന്റിനെ പിടിക്കാനും പ്രോഗ്രാം ഡെവലപ്പ് ചെയ്യാനും പുതിയ ഉദ്യോഗസ്ഥരെ ട്രെയിന്‍ ചെയ്യാനും എല്ലാം സുധിയായിരുന്നു മുന്നിലുണ്ടായിരുന്നത്. ജീവനക്കാരുടെ ജന്മദിനാഘോഷങ്ങളിലും സുഖദുഃഖങ്ങളിലും കമ്പനിയുടെ ഭാഗത്തുനിന്ന് ആളുകളെ സംഘടിപ്പിച്ച് സുധിയുണ്ടാകും. യങ്സ്റ്റേഴ്സിനെ ഉത്സാഹപ്പെടുത്താന്‍ എംപ്ലോയീ ഓഫ് ദി മന്ത് സ്വമനസാലെ തന്നെ പലപ്പോഴും ഒഴിഞ്ഞുകൊടുത്തിട്ടുണ്ട് അയാള്‍.
പഴയ ജി.എം സുധിയെക്കുറിച്ച് പല മീറ്റിങ്ങിലും പറയുമായിരുന്നു. പുതിയ ജി.എമ്മിനും ഇതെല്ലാം അറിയാം. നന്നായി ജോലി ചെയ്തിരുന്ന ഒരാള്‍ പെട്ടെന്ന് പിന്നാക്കാം പോകുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥതയാണ് അവര്‍ കാണിക്കുന്നത്. അല്ലെങ്കില്‍ സീനിയറായ സുധി അവരുടെ പദവിക്ക് ഭീഷണിയാകുമോ എന്ന ആശങ്കയുമാകാം.
എത്ര ആത്മാര്‍ഥമായി ജോലി ചെയ്താലും നിങ്ങളുടെ ഭാഗത്തു നിന്നുണ്ടാകുന്ന ചെറിയ വീഴ്ച മതിയാകും നിങ്ങള്‍ അനഭിമതനാകാന്‍. തെറ്റുപറ്റണമെന്നില്ല, ചിലപ്പോള്‍ അവര്‍ ഉദ്ദേശിക്കുന്ന കാര്യം നിങ്ങളില്‍ നിന്ന് ഉണ്ടാകാതിരുന്നാലും മതി.
ജോലി സമയത്തിനു ശേഷം ഓഫിസില്‍ നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന ഓരോ അധിക സേവനവും നിങ്ങളുടെ കടമയായി മാറും. അത് കുറഞ്ഞാല്‍മതി, നിങ്ങള്‍ ചെയ്ത നല്ല കാര്യങ്ങളത്രയും നിഷ്ഫലമാകും.
'സീ, നിങ്ങള്‍ എന്താണു മിണ്ടാതിരിക്കുന്നത്? കമ്പനിയാണ് നമുക്കു സാലറി തരുന്നത്. നിങ്ങളുടെ ബോണസും അലവന്‍സും നിങ്ങളുടെ ലോണ്‍ എല്ലാം പാസായത് കമ്പനിയുടെ ബോണ്ടിലാണ്. ഇനിയും നിങ്ങള്‍ ലീവ് ആവുകയാണെങ്കില്‍ റിസൈന്‍ ചെയ്യുന്നതാണ് നല്ലത്. അല്ലെങ്കില്‍ എനിക്ക് നിങ്ങളെ ടെര്‍മിനേറ്റ് ചെയ്യേണ്ടിവരും.'
'മാഡം, അത് വേണ്ടിവരില്ല.'
'ഓ.കെ. ഇനി കൃത്യമായി ജോലിക്കു വരിക. നിങ്ങള്‍ പോയാല്‍ കമ്പനിക്ക് എനര്‍ജറ്റിക് ആയ യങ്സ്റ്റേഴ്സിനെ കിട്ടും. ശമ്പളവും കുറച്ചു മതിയാകും. ജോലി നിലനിര്‍ത്തല്‍ നിങ്ങളുടെ ആവശ്യമാണ്. കോര്‍പ്പറേറ്റില്‍ യൂനിയന്‍ സപ്പോര്‍ട്ട് പോലുമില്ല. സോ, ബി കെയര്‍ഫുള്‍…'
'അതല്ല മാഡം, ഞാന്‍ ഇതുവരെ ജോലി ചെയ്തത് എന്റെ കുടുംബം നോക്കാനായിരുന്നു. അമ്മ മാത്രമാണ് എനിക്കുണ്ടായിരുന്നത്. അസുഖബാധിതയായിരുന്ന ആ അമ്മ കഴിഞ്ഞദിവസം മരണപ്പെട്ടു…'
' ഓ മൈ ഗോഡ്! ഹേര്‍ട്ടി കണ്ടോളന്‍സ്.. കമ്പനി അറിഞ്ഞിരുന്നില്ല. നിങ്ങള്‍ എന്തേ അറിയിക്കാതിരുന്നത്?'
'മാഡം അറിയിച്ചിട്ടെന്തു കാര്യം? നിങ്ങള്‍ ആശ്വസിപ്പിക്കാന്‍ വീട്ടില്‍വന്ന് പൊങ്ങച്ചം കാണിക്കും. കമ്പനിയുടെ വക റീത്തും വെക്കും. ഞാനത് ആഗ്രഹിക്കുന്നില്ല. കോര്‍പറേറ്റ് മാനേജ്മെന്റിന് ഒന്നും സംഭവിക്കുന്നില്ല. നഷ്ടം എനിക്കു മാത്രമായിരിക്കും. പ്രായമാകുന്നതിനനുസരിച്ച് സാലറി കൂടുതലുള്ള ജീവനക്കാരുടെ എഫിഷ്യന്‍സി കുറഞ്ഞു എന്നുപറഞ്ഞ് എന്തെങ്കിലും കാരണമുണ്ടാക്കി അവരെ പിരിച്ചുവിടും. അതിനുമുമ്പ് ഞാന്‍ പിരിഞ്ഞുപോകുന്നു. ഒരാള്‍ പോയാല്‍ മികച്ച ഒരാളെ കമ്പനിക്ക് കിട്ടുമല്ലോ…'
'നിങ്ങള്‍ ഉപചാരവാക്കുകള്‍ പറയും. അതൊന്നും ആത്മാര്‍ഥതയുള്ളതാവില്ല. ഇപ്പോള്‍ പറഞ്ഞ അനുശോചനം പോലും. നിങ്ങള്‍ ആ റീത്ത് എന്റെ വണ്ടിയുടെ ബോണറ്റില്‍ വെച്ചേക്കൂ!'
കഴുത്തിലണിഞ്ഞിരുന്ന കമ്പനി ടാഗ് ടേബിളിലിട്ട് അയാള്‍ ഗ്ലാസ്ഡോര്‍ തുറന്നു പുറത്തേക്കു പോയി. ഒന്നും സംഭവിക്കാത്ത പോലെ ജി.എം പുതിയ ജീവനക്കാരനെ തിരഞ്ഞെടുക്കാന്‍ മെയിലില്‍ വന്ന റെസ്യൂമുകള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."