കേരളത്തില്‍ 3ജി, 2ജി വികസനപദ്ധതികളുമായി ബി.എസ്.എന്‍.എല്‍
തിരുവനന്തപുരം: ബി.എസ്.എന്‍.എല്‍ കേരളത്തില്‍ 3ജി, 2ജി സംവിധാനങ്ങള്‍ വികസിപ്പിക്കും. ദേശീയ തലത്തില്‍ നടപ്പാക്കുന്ന എട്ടാംഘട്ട വികസന പദ്ധതിയുടെ ഭാഗമായാണിത്. ഇതിനായി ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി കേരള സര്‍ക്കിളില്‍ 1083 പുതിയ 3ജി കേന്ദ്രങ്ങള്‍ കൂടി സ്ഥാപിക്കും. 2ജി കേന്ദ്രങ്ങളില്‍ പുതിയ സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കും. നാലു പ്രധാന നഗരങ്ങളില്‍ 4 ജി സൗകര്യങ്ങളും സ്ഥാപിക്കും. തിരുവനന്തപുരത്ത് കമ്പനിയുടെ 3ജി, 2ജി നെറ്റ്വര്‍ക്ക് മികച്ചതാണെന്ന് കഴിഞ്ഞ ജൂണില്‍ ട്രായ് നടത്തിയ ടെക്നിക്കല്‍ ഓഡിറ്റില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ നിലയില്‍ പുതിയ ആവശ്യങ്ങള്‍ സഫലമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനത്തിലാണ് കമ്പനിയെന്ന് അധികൃതര്‍ പറയുന്നു. മൊബൈല്‍ സര്‍വിസ് രംഗത്തെ മത്സരം നേരിടുന്നതിനായി മൊബൈല്‍ പദ്ധതികളുമുണ്ട്. 20 രൂപ വില വരുന്ന മൈക്രോ സിം മൂന്നാഴ്ചത്തേക്ക് സൗജന്യമായി നല്കുന്ന പദ്ധതി ഈ മാസം 20ന് ആരംഭിച്ചു. ഇത് സെപ്റ്റംബര്‍ ഒന്‍പത് വരെ തുടരും. വിദ്യാര്‍ഥികള്‍ക്കായി ഒരുവര്‍ഷം കാലയളവുള്ള പദ്ധതിയുമുണ്ട്. ഇതില്‍ 118 രൂപയ്ക്ക് ഒരു ജി.ബി ഡാറ്റ ലഭ്യമാണ്. നേരത്തെയുള്ള ഓഫര്‍ തുടരും.
മൊബൈല്‍ രംഗത്ത് മികച്ച പ്രകടനമാണ് കമ്പനി കാഴ്ചവയ്ക്കുന്നതെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. 80.5 ലക്ഷം വരിക്കാരാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 78.2 ലക്ഷം പ്രീ പെയ്ഡ് വരിക്കാരും 2.3 ലക്ഷം പോസ്റ്റ് പെയ്ഡ് വരിക്കാരുമാണ്. മൊത്തം വരിക്കാരില്‍ 8,33,269 പേര് മറ്റു കമ്പനികളില്‍ നിന്ന് പോര്‍ട്ട് ചെയ്തു വന്നവരാണ്. ഈ രംഗത്തു നിന്ന് പ്രതിവര്‍ഷം 20 ശതമാനം വരുമാന വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."