'സമരപ്പന്തല്‍ നീക്കം ചെയ്യണം' വിഴിഞ്ഞം സമരക്കാരോട് ഹൈക്കോടതി; ഇനിയുമൊരു ഉത്തരവിന് ഇടവരുത്തരുതെന്നും മുന്നറിയിപ്പ്
കൊച്ചി: വിഴിഞ്ഞത്തെ സമരപ്പന്തല്‍ നീക്കം ചെയ്യണമെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി. ഈ കാര്യത്തില്‍ വീണ്ടുമൊരു ഉത്തരവിടാന്‍ നിര്‍ബന്ധിക്കരുതെന്നും അത് നല്ലതിനാവില്ലെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്ന് നിര്‍ദ്ദേശിച്ച കോടതി റോഡിലെ തടസ്സങ്ങള്‍ നീക്കാനും സമരക്കാരോട് ആവശ്യപ്പെട്ടു. നിര്‍മാണം തടസപ്പെടുന്നുണ്ടെന്ന് മനസിലായിട്ടുണ്ട്. ഉത്തരവ് പാലിക്കാനുള്ളതാണെന്നും കോടതി ഓര്‍മിപ്പിച്ചു. നിയമം കയ്യിലെടുക്കുകയോ നിയമത്തിന് ഭീഷണി ആവുകയോ ചെയ്യരുത്. അങ്ങനെ ചെയ്താല്‍ കോടതിക്ക് ശക്തമായ നടപടി സ്വീകരിക്കേണ്ടി വരും. പൊലിസുകാരെയും മര്‍ദിച്ചിട്ടുണ്ടെന്നും സാഹചര്യം കൂടുതല്‍ വഷളാവുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
തുറമുഖ നിര്‍മാണത്തിനു സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി പരാമര്‍ശം. സമരം അക്രമാസക്തമാകുകയാണെന്ന് ഹരജിക്കാര്‍ കോടതിയെ അറിയിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും തടസപ്പെടുത്തുകയാണെന്നും ഹരജിക്കാര്‍ പറഞ്ഞു.
സമരപ്പന്തല്‍ ഇപ്പോഴും അവിടെ തന്നെ ഉണ്ടെന്ന് അദാനി ഗ്രൂപ്പ് കോടതിയെ ധരിപ്പിച്ചിരുന്നു. മറുപടി നല്‍കാന്‍ സമയം നല്‍കരുതെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. ഹരജി മാറ്റിവെക്കരുതെന്ന് അദാനി ഗ്രൂപ്പ് കോടതിയില്‍ വീണ്ടും ആവശ്യപ്പെട്ടു. രണ്ട് മാസമായി നിര്‍മാണം തടസപ്പെടുകയാണ്. ഇക്കാര്യത്തില്‍ കോടതി നടപടി സ്വീകരിക്കണമെന്നും പൊലീസ് നിസഹായരായി നില്‍ക്കുകയാണെന്നും അദാനി ഗ്രൂപ്പ് കോടതിയില്‍ ചൂണ്ടിക്കാട്ടി. ഹരജി വീണ്ടും തിങ്കളാഴ്ച പരിഗണിക്കും.
തുറമുഖ നിര്‍മാണത്തിനു പൊലിസ് സംരക്ഷണം ലഭിക്കുന്നില്ലെന്നും ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡും നിര്‍മാണ കരാര്‍ കമ്പനിയായ ഹോവെ എന്‍ജിനീയറിങ് പ്രോജക്ട്‌സുമാണ് കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."