അവസാന ഒരുക്കങ്ങളും പൂര്‍ത്തിയാക്കി ഇന്ത്യന്‍ ഹജ്ജ് മിഷന്‍
ജിദ്ദ: ഹജ്ജ് കമ്മിറ്റിവഴി ഹജ്ജ് നിര്‍വഹിക്കാനെത്തുന്ന മുഴുവന്‍ ഇന്ത്യന്‍ തീര്‍ഥാടകര്‍ക്കും ആവശ്യമായ ഒരുക്കങ്ങള്‍ മക്കയില്‍ പൂര്‍ത്തിയായതായി ഇന്ത്യന്‍ ഹജ്ജ് മിഷന്‍ അറിയിച്ചു. ഇത്തവണ വിപുലമായ സജ്ജീകരണങ്ങളാണ് സഊദിയിലെ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകരുടെ യാത്രയും താമസവുമെല്ലാം നിയന്ത്രിക്കുന്നതും പരാതികള്‍ കൈകാര്യം ചെയ്യുന്നതും ഇത്തവണ മക്കയിലെ ഹജ്ജ് മിഷന്‍ ആസ്ഥാനത്തുവച്ചാണ്.
ആറു കോഓര്‍ഡിനേറ്റര്‍മാര്‍ ഉള്‍പ്പെടെ 546 പേര്‍ ഹജ്ജ് തീര്‍ഥാടകര്‍ക്ക് സേവനം ചെയ്യാനായി ഡെപ്യൂട്ടേഷനില്‍ ഇന്ത്യയില്‍നിന്ന് എത്തിയിട്ടുണ്ട്. കാണാതാകുന്ന ഹാജിമാരെ കണ്ടെത്തുന്നതിനും പരാതികള്‍ സ്വീകരിക്കുന്നതിനുമായി ജനറല്‍ വെല്‍ഫയര്‍ ഡെസ്‌ക് 24 മണിക്കൂറും പ്രവര്‍ത്തിക്കും. മക്കയിലും മദീനയിലും മറ്റു പുണ്യസ്ഥലങ്ങളിലുമുള്ള താമസം, യാത്ര, ചികിത്സ തുടങ്ങി തീര്‍ഥാടകര്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പുവരുത്തേണ്ടത് ഇന്ത്യന്‍ ഹജ്ജ് മിഷനുകീഴിലുള്ള ഈ വളണ്ടിയര്‍മാര്‍ ആണ്.
മക്കയില്‍ ഗ്രീന്‍ കാറ്റഗറിയിലുള്ള ഹാജിമാര്‍ക്ക് അജ്യാദ്, മിസ്ഫല, ഉമ്മുല്‍ ഖുറ റോഡ്, ശിഅബ് ആമിര്‍ എന്നിവിടങ്ങളിലും ബാക്കി ഹാജിമാര്‍ക്ക് അസീസിയയിലെ മഹത്വത്തുല്‍ ബാങ്കിലുമാണ് താമസമൊരുക്കിയിരിക്കുന്നത്. അസീസിയ കാറ്റഗറിയിലെ ഹാജിമാര്‍ക്ക് ഹറമില്‍ എത്തുന്നതിനായി 200 ഹാജിമാര്‍ക്ക് ഒരു ബസ് എന്ന തോതില്‍ 24 മണിക്കൂറും വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. അസീസിയയിലും ശിഅബ് ആമിറിലും 140 കിടക്കകളുള്ള രണ്ട് ആശുപത്രികള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇതിലും 30 ഡിസ്‌പെന്‍സറികളിലുമായി 108 ഡോക്ടര്‍മാരും 142 പാരാമെഡിക്കല്‍ സ്റ്റാഫും 242 മറ്റു ജോലിക്കാരും 13 ആംബുലന്‍സും ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ തീര്‍ഥാടകരുള്ള മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്റെ സേവനം ഏറെ മെച്ചപ്പെട്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."