യുവ ഡോക്ടര്‍മാര്‍ക്ക് ഗ്രാമങ്ങളില്‍ സേവനം ചെയ്യാനുള്ള സാഹചര്യമൊരുക്കണം: ഗവര്‍ണര്‍
തിരുവനന്തപുരം: പഠനം പൂര്‍ത്തിയാക്കിയ യുവ ഡോക്ടര്‍മാര്‍ക്ക് ഗ്രാമങ്ങളിലും സര്‍ക്കാര്‍ ആശുപത്രികളിലും ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ 60ാമത് എം.ബി.ബി.എസ് ബാച്ചിന്റെ ബിരുദദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. ആരോഗ്യ മേഖലയില്‍ ഡോക്ടര്‍മാരുടെ വലിയ കുറവുണ്ട്. അതിനാല്‍ സാമൂഹിക പ്രതിബദ്ധതയോടുകൂടിയ യുവ ഡോക്ടര്‍മാരുടെ സേവനം ലഭിച്ചാല്‍ സാധാരണക്കാര്‍ക്ക് ആശ്വാസമാകും.
വിവിധ കേസുകളുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാര്‍ക്ക് കോടതിയില്‍ വളരെസമയം കാത്തുനില്‍ക്കേണ്ടതുണ്ട്. താന്‍ തമിഴ്നാട് കോടതിയില്‍ ജഡ്ജിയായിരുന്ന കാലയളവില്‍ ഇവരുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കി ചീഫ് ജസ്റ്റിസിനെ അറിയിച്ചു. അങ്ങനെ ആദ്യം തമിഴ്നാട്ടിലും പിന്നീട് ഇന്ത്യയൊട്ടാകെയും ഡോക്ടര്‍മാരുടെ കേസുകള്‍ വേഗത്തിലെടുക്കാന്‍ ഉത്തരവായതായും ഗവര്‍ണര്‍ പറഞ്ഞു.
ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ.സി നായര്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ് ഷര്‍മ്മദ്, അലുമ്നി അസോസിയേഷന് സെക്രട്ടറി ഡോ. കെ.വി വിശ്വനാഥന്, ഹൗസ് സര്‍ജന്‍സ് അസോസിയേഷന് സെക്രട്ടറി ഡോ. എം.എ നബീല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."