താലിബാന്‍ ഒളിഞ്ഞും തെളിഞ്ഞും അധികാരക്കസേര വരെ; നിഗൂഢമായ മൂന്നു പതിറ്റാണ്ടുകള്‍
കാബൂള്‍: 1990കളിലാണ് താലിബാന്‍ അഫ്ഗാന്റെ പ്രാന്തപ്രദേശങ്ങളില്‍ രൂപം കൊള്ളുന്നത്. അഫ്ഗാന്റെയും പാകിസ്താന്റെയും ഇടയിലുള്ള പഷ്തൂണ്‍ മേഖലയായിരുന്നു താലിബാന്റെ കേന്ദ്രം. വിദ്യാര്‍ഥികള്‍ എന്നാണ് പഷ്തൂ ഭാഷയില്‍ താലിബാന്‍ എന്ന വാക്കിന്റെ അര്‍ഥം.
സോവിയറ്റ് സൈന്യത്തിന്റെ പിന്‍മാറ്റത്തിന് ശേഷമാണ് താലിബാന്‍ രൂപം കൊള്ളുന്നത്. അഫ്ഗാനില്‍ അധികാരം പിടിച്ചെടുക്കുകയായിരുന്നു സായുധ സംഘത്തിന്റെ പ്രധാന ലക്ഷ്യം. ആദ്യം അഫ്ഗാന്റെ തെക്കുപടിഞ്ഞാറന്‍ മേഖലയിലാണ് ഇവര്‍ തങ്ങളുടെ സ്വാധീനമുറപ്പിച്ചത്. പിന്നെ അത് പതിയെ വളര്‍ന്നു. ഒരു രാജ്യം തന്നെ കൈപ്പിടിയിലൊതുക്കാന്‍ മാത്രമെത്തി ആ സംഘത്തിന്റെ വളര്‍ച്ച.
അധികാരത്തിന്റെ ആദ്യവഴി
1996മുതല്‍ 2001 വരെയാണ് ആദ്യതവണ താലിബാന്‍ അഫ്ഗാനിസ്താന്‍ ഭരിച്ചത്. 1995 സെപ്തംബറില്‍ ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന ഹെറാത് പ്രവിശ്യ പിടിച്ചെടുത്തു. അന്നത്തെ പ്രസിഡന്റായിരുന്ന ബുര്‍ഹാനുദ്ദീന്‍ റബ്ബാനിയെ പരാജയപ്പെടുത്തി ഒരുവര്‍ഷത്തിനകം കാബൂളും നിയന്ത്രണത്തിലാക്കി. സോവിയറ്റ് ഭരണത്തിനെതിരെ പൊരുതിയ നേതാക്കളില്‍ പ്രമുഖനായിരുന്നു ബുര്‍ഹാനുദ്ദീന്‍. 1998 ആയപ്പോഴേക്കും അഫ്ഗാന്റെ 90 ശതമാനവും താലിബാന്റെ നിയന്ത്രണത്തിലായി.
ആദ്യകാലത്ത് അഴമതിക്കെതിരെയും മറ്റും നടപടികള്‍ സ്വീകരിച്ച് ജനങ്ങളില്‍ സ്വാധീനമുറപ്പിച്ച താലിബാന്‍ പിന്നീട് രാജ്യത്ത് കടുത്ത നിയമങ്ങള്‍ നടപ്പാക്കിത്തുടങ്ങി. ചെറിയ തെറ്റുകള്‍ക്ക് ശിക്ഷിക്കപ്പെടുന്നവരെ പരസ്യമായി കഴുവേറ്റി. പുരുഷന്‍മാര്‍ താടി വളര്‍ത്തണമെന്നും സ്ത്രീകള്‍ ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രം ധരിക്കണമെന്നും നിയമം കൊണ്ടുവന്നു. രാജ്യത്ത് ടെലിവിഷനും സിനിമയും സംഗീതവും നിരോധിച്ചു. 10 വയസിനു മുകളിലുള്ള പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് വിലക്കി.
പാകിസ്താന്‍, യു.എ.ഇ, സൗദി അറേബ്യ രാജ്യങ്ങള്‍ മാത്രമാണ് അന്ന് താലിബാന്റെ അധികാരം അംഗീകരിച്ചിരുന്നത്. താലിബാന്റെ ശില്‍പികള്‍ പാകിസ്താനാണെന്ന്് എക്കാലത്തും വിദേശശക്തികള്‍ ആരോപിച്ചു.
എന്നാല്‍ പാകിസ്താനിലും താലിബാന്‍ ആക്രമണം നടത്തി. 2012ല്‍ വധശ്രമത്തില്‍ നിന്ന് നൊബേല്‍ സമ്മാന ജേതാവ് മലാല യൂസുഫ്‌സായി തലനാരിഴക്കു രക്ഷപ്പെട്ടു. 2014ല്‍ പെഷാവറിലെ സൈനിക സ്‌കൂള്‍ ആക്രമിച്ചു.
2013ല്‍ യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ താലിബാന്റെ മൂന്ന് പ്രധാനികള്‍ കൊല്ലപ്പെട്ടു.
താലിബാനെ തുരത്താന്‍ യു.എസ് എത്തുന്നു
2001ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തോടെയാണ് താലിബാന്‍ എന്ന പേര് ലോകത്തിന് സുപരിചിതമാകുന്നത്. ആക്രമണത്തിന്റെ ആസൂത്രകര്‍ക്ക് അഭയം നല്‍കിയത് താലിബാനാണെന്ന് ആരോപണമുണ്ടായി. തുടര്‍ന്ന് 2001 ഒക്‌ടോബര്‍ ഏഴിന് യു.എസ് നേതൃത്വത്തിലുള്ള സൈനികസഖ്യം അഫ്ഗാനിലെത്തി താലിബാനെതിരെ ആക്രമണം തുടങ്ങി. ഡിസംബര്‍ ആദ്യവാരത്തോടെ തന്നെ താലിബാനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ സൈനിക സഖ്യത്തിന് കഴിഞ്ഞു. പിന്നാലെ അമേരിക്കന്‍ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചു.
താലിബാനെ പുറത്താക്കി രൂപീകരിക്കപ്പെട്ട സര്‍ക്കാരിന് എന്നും തുണയായത് അമേരിക്കന്‍ സൈന്യം തന്നെയായിരുന്നു. താലിബാന്‍ അന്ന് മുതല്‍ യുദ്ധം ചെയ്തത് അമേരിക്കന്‍ സൈന്യത്തോടാണ്. ആയിരക്കണക്കിന് അമേരിക്കന്‍ സൈനികരാണ് കഴിഞ്ഞ ഇരുപതു കൊല്ലത്തിനിടയില്‍ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് നാറ്റോ സൈനികരും ഈ കാലയളവില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവയുടെ മൊത്തം കണക്കു ആറായിരത്തോളം വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
എന്നാല്‍ ലോകപൊലിസായ അമേരിക്ക കാതങ്ങളകലെയുള്ള ഒരു രാജ്യത്ത് 'ഭീകരതയെ' തുരത്താന്‍ നിലയുറപ്പിച്ചിട്ടും കഴിഞ്ഞ ഇരുപതു വര്‍ഷം കൊണ്ട് താലിബാന്‍ തളരുകയല്ല വളരുകയായിരുന്നു. അന്നും രാജ്യത്തിന്റെ ഇരുപതു ശതമാനം സ്ഥലവും താലിബാന്റെ കയ്യിലായിരുന്നു.
താലിബാന്റെ അന്നത്തെ നേതാവായിരുന്ന മുല്ല മുഹമ്മദ് ഉമറിനെ യു.എസ് സൈന്യം പിടികൂടി. എന്നാല്‍ താലിബാന്റെ ചില നേതാക്കള്‍ പാകിസ്താനിലെ ക്വറ്റയില്‍ അഭയം തേടി. അവിടെ നിന്ന് ചെറുതും വലുതുമായ ആക്രമണങ്ങളിലൂടെ അഫ്ഗാനില്‍ വീണ്ടും വേരുറപ്പിക്കാനുള്ള ശ്രമങ്ങള്‍ താലിബാന്‍ തുടങ്ങി. 2012ല്‍ കാബൂളിലെ നാറ്റോ സൈനിക ക്യാമ്പ് ആക്രമിച്ചു.
തിരിച്ചടിച്ച് താലിബാന്‍, ചര്‍ച്ചക്ക് യു.എസ്
തിരിച്ചടികള്‍ വര്‍ധിച്ചതോടെ ചര്‍ച്ചയുടെ പാതയിലായി യു.എസ്. എന്നാല്‍ ഒരു ചര്‍ച്ചയും എവിടെയുമെത്തിയില്ല. താലിബാന്‍ നേതാക്കളായ മുല്ല ഉമറും മുല്ല മന്‍സൂറും കൊല്ലപ്പെട്ടു. പിന്നീട് മൗലവി ഹിബത്തുല്ല അഖുന്ദസാദ താലിബാന്റെ നേതാവായി. 2015ല്‍ കുന്ദൂസ് പിടിച്ചെടുത്തു. 2016ല്‍ അഫ്ഗാന്‍ സൈന്യം കുന്ദൂസില്‍ നിന്ന് താലിബാനെ തുരത്തി.
എന്നാല്‍ 2017ല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താലിബാന്‍ സ്വാധീനമുറപ്പിച്ചു. 2017ല്‍ അഫ്ഗാനിലെ പകുതിയോളം ജനസംഖ്യയും താലിബാന്‍ അധീനമേഖലകളിലാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ഖത്തറില്‍ 2018 മുതല്‍ യു.എസിന്റെ മധ്യസ്ഥതയില്‍ നിരവധി ചര്‍ച്ചകള്‍ നടന്നു. എന്നാല്‍ വിദേശശക്തികള്‍ രാജ്യത്തുനിന്ന് പുറത്തുപോകുന്നത് വരെ ആക്രമണം നിര്‍ത്തില്ലെന്ന് താലിബാന്‍ ഉറപ്പിച്ചു പറഞ്ഞു.
ഒടുവില്‍ 2020 ഫെബ്രുവരിയില്‍ ഖത്തറില്‍ താലിബാനുമായി ഒപ്പുവെച്ച സമാധാന കരാറിനെ തുടര്‍ന്ന് അഫ്ഗാനിസ്താനില്‍ നിന്ന് യു.എസ് സേനാപിന്‍മാറ്റം ധാരണയിലെത്തി.
യു.എസ് പിന്മാറുന്നു
2020 മെയ് ഒന്നിനുമുമ്പായി സൈനികരെ മുഴുവന്‍ പിന്‍വലിക്കുമെന്ന് അന്നത്തെ യു.എസ് പ്രസിഡന്റായിരുന്ന ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായില്ല. ജോ ബൈഡന്‍ യു.എസ് പ്രസിഡന്റായി അധികാരത്തിലെത്തിയതോടെ സെപ്തംബര്‍ 11നുമുമ്പ് സൈനികരെ മുഴുവന്‍ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചു. യു.എസ,്‌നാറ്റോ സൈനിക പിന്‍മാറ്റത്തോടെ അഫ്ഗാന്‍ പിടിച്ചെടുക്കാനുള്ള ആക്രമണങ്ങള്‍ താലിബാന്‍ ശക്തമാക്കി. ഒടുവില്‍ കാബൂളും പിടിച്ചടുക്കി താലിബാന്‍ ഒരിക്കല്‍ കൂടി അഫ്ഗാനില്‍ അധികാരം ഉറപ്പിച്ചിരിക്കുകയാണ്.
കടപ്പാട് അല്‍ജസീറ, ബി.ബി.സി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."