കാത്തിരിക്കേണ്ട, വോട്ടര്‍ ഐഡി കാര്‍ഡ് ഇനി ഫോണില്‍: 27 സര്‍ട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാം
തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വോട്ടര്‍ ഐഡി കാര്‍ഡിനായി കാത്തരിക്കേണ്ട. സ്മാര്‍ട്ട്‌ഫോണില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനുള്ള പുതിയ സംവിധാനം വരുന്നു. വോട്ടര്‍പട്ടികയില്‍ പേരുചേര്‍ത്താല്‍ ജനസേവനകേന്ദ്രം മുഖേനയോ ഓണ്‍ലൈനിലോ ഐ.ഡി കാര്‍ഡിന് അപേക്ഷിക്കാം. താലൂക്ക് ഓഫീസില്‍ നിന്ന് വില്ലേജ് ഓഫീസിലെത്തി ബൂത്ത്‌ലെവല്‍ ഓഫീസര്‍ (ബി.എല്‍.ഒ) പരിശോധിച്ച് ഉറപ്പുവരുത്തി വില്ലേജ് വഴി താലൂക്കിലെത്തിയാണ് കാര്‍ഡ് അനുവദിക്കുന്നത്.
പിന്നീട് തപാല്‍വഴി വോട്ടര്‍ക്കു ലഭിക്കുകയാണ് ചെയ്തിരുന്നത്. ഇനി കാര്‍ഡ് അനുവദിച്ചു കഴിഞ്ഞാല്‍ ലഭിക്കുന്ന അറിയിപ്പനുസരിച്ച് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്ന https://www.nvsp.in/ സന്ദർശിച്ച് E-EPIC ക്ലിക്കുചെയ്ത് ലോഗിന്‍ ചെയ്താല്‍ ഐ.ഡി കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.
ഇ ഡിസ്ട്രിക്ട് സര്‍ട്ടിഫിക്കറ്റുകളും
റവന്യൂ സര്‍ട്ടിഫിക്കറ്റുകള്‍ക്കായുള്ള ഇഡിസ്ട്രിക്ട് വഴി അനുവദിക്കുന്ന 27 ഇനം സര്‍ട്ടിഫിക്കറ്റുകളും ഇനി ഫോണിലൂടെ ലഭിക്കും. അപേക്ഷ അംഗീകരിച്ച് വരുന്ന എസ്.എം.എസിനൊപ്പം ഒരു ലിങ്കും വരും. ഈ ലിങ്കില്‍ കയറിയാല്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. വരുമാനം,ജാതി,കൈവശാവകാശം, നോറ്റിവിറ്റി തുടങ്ങി നിരവധി സര്‍ട്ടിഫിക്കറ്റുകള്‍ ഇത്തരത്തില്‍ ലഭ്യമാകും.
നേരത്തേ അപ്രൂവ്‌ചെയ്താലും അക്ഷയ കേന്ദ്രത്തില്‍ പോയി വേണമായിരുന്നു പ്രിന്റെടുക്കാന്‍. റവന്യൂ ഓഫീസുകള്‍ കൂടുതല്‍ ജനകീയമാക്കാനായി ലാന്‍ഡ് റവന്യൂ കമ്മീഷണറും മന്ത്രിയും ഓഫീസര്‍മാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മലപ്പുറം ജില്ലയില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ നല്‍കിയ ആശയമാണ് ഇതിലൂടെ യാഥാര്‍ഥ്യമായിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."