പോരാട്ടം രൂക്ഷം; ഇസ്‌റാഈലിന് പിന്തുണയുമായി അമേരിക്കയുടെ പടക്കപ്പലുകളും പോർവിമാനങ്ങളും; മരണം 1100 കടന്നു
പോരാട്ടം രൂക്ഷം; ഇസ്‌റാഈലിന് പിന്തുണയുമായി അമേരിക്കയുടെ പടക്കപ്പലുകളും പോർവിമാനങ്ങളും; മരണം 1100 കടന്നു
ടെൽ അവീവ്: ഇസ്‌റാഈൽ - ഫലസ്തീൻ പോരാട്ടം രക്തരൂക്ഷിതമായി മൂന്നാം ദിവസവും തുടരുന്നു. ഇരു രാജ്യങ്ങളിലുമായി മരണം ഇതുവരെ 1100 കടന്നെന്നാണ് റിപോർട്ടുകൾ. 413 പലസ്തീനികളും 700 ഇസ്‌റാഈലികളും കൊല്ലപ്പെട്ടെന്നാണ് കണക്ക്. ഇതിനിടെ ഇസ്‌റാഈലിന് പിന്തുണയുമായി അമേരിക്ക പടക്കപ്പലുകളും പോർവിമാനങ്ങളും അയക്കും. ഇരു രാജ്യതലവന്മാരും നേരത്തെ ഫോണിൽ സംസാരിച്ചതിന് പിന്നാലെയാണ് ഇസ്‌റാഈലിന് അമേരിക്കയുടെ സഹായം എത്തുന്നത്.
യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ ഇസ്‌റാഈൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവുമായി സംസാരിച്ചപ്പോഴാണ് സഹായം നൽകുന്ന കാര്യം ജോ ബൈഡൻ പ്രഖ്യാപിച്ചത്. മെഡിറ്ററേനിയൻ കടലിലുള്ള യുദ്ധക്കപ്പലുകൾ ഇസ്‌റാഈലിനോട് അടുത്ത് കിഴക്കൻ തീരത്തേക്ക് നീങ്ങുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ വ്യക്തമാക്കി.
അതേസമയം, ഇസ്‌റാഈൽ - ഫലസ്തീൻ പോരാട്ടം ഇന്നും ശക്തമായി തുടരുകയാണ്. ഗസ്സയെ വിജനദ്വീപാക്കുമെന്ന് പ്രഖ്യാപിച്ച ഇസ്രായേൽ കനത്ത വ്യോമാക്രമണമാണ് തുടരുന്നത്. സിദ്‌റത്ത് പ്രവിശ്യയിൽ ഹമാസ് പോരാളികളും ഇസ്‌റാഈൽ സൈന്യവും തമ്മിലാണ് രൂക്ഷമായ പോരാട്ടം നടക്കുന്നത്. വെസ്റ്റ് ബാങ്കിലും പോരാട്ടം തുടരുകയാണ്.
അതിനിടെ, മിസൈലാക്രമണത്തിൽ മലയാളി നഴ്സിന് പരിക്കേറ്റു. കണ്ണൂർ പയ്യാവൂർ സ്വദേശി ഷീജ ആനന്ദിനാണ് ശനിയാഴ്ച ഉച്ചയ്ക്ക് ജോലി സ്ഥലത്തുവച്ച് പരിക്കേറ്റത്. ഇസ്‌റാഈലിലെ അഷ്കിലോണിൽ കെയർടേക്കർ നഴ്സായി ജോലി ചെയ്യുകയായിരുന്നു ഷീജ. പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലുള്ള ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."