ലഹരിയില്‍ പൊലിയുന്ന ജീവനുകള്‍; പാലക്കാട് അഞ്ച് ദിവസത്തിനിടെ നടന്നത് രണ്ട് ആത്മഹത്യകള്‍, രണ്ടും വിരല്‍ ചൂണ്ടുന്നത് ലഹരിയിലേക്ക്
അഞ്ച് ദിവസത്തിനിടെ പാലക്കാട് നഗരത്തില്‍ രണ്ട് ആത്മഹത്യകളാണ് നടന്നത്. രണ്ടും കോളേജ് വിദ്യാര്‍ത്ഥികള്‍. ഒന്ന് ബെംഗളൂരുവില്‍ കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന യുവാവും മറ്റൊന്ന് പാലക്കാട് നഗരത്തില്‍ പഠിച്ചിരുന്ന യുവതിയും. രണ്ടുപേരുടേതും തൂങ്ങി മരണം. സമാനതകളേറെയുള്ള രണ്ട് സംഭവങ്ങളും ചെന്നെത്തുന്നതും ഒന്നിലേക്കു തന്നെയാണ്. അമിതലഹരി ഉപയോഗത്തെ തുടര്‍ന്നുള്ള മാനസിക സംഘര്‍ഷമാണ് രണ്ടപേരെയും ആത്മഹത്യയിലേക്ക് നയിച്ചത്.
ബെംഗളൂരുവില്‍ കോളേജ് വിദ്യാര്‍ഥിയായ യുവാവിന്റെ ആത്മഹത്യയ്ക്ക് കാരണം എം.ഡി.എം.എ. അടക്കമുള്ള രാസലഹരികളുടെ ഉപയോഗവും ഇതുസംബന്ധിച്ചുണ്ടായ പ്രശ്നങ്ങളുമായിരുന്നു. പഠനത്തിനായി പോയ വിദ്യാര്‍ത്ഥി പതിവായി ലഹരി ഉപയോഗിക്കുന്നതും ലഹരിക്കച്ചവടത്തില്‍ ഉള്‍പ്പെട്ടതും അടുത്തിടെ വീട്ടുകാര്‍ അറിഞ്ഞതോടെ ബെംഗളൂരുവിലെ പഠനം തുടരേണ്ടതില്ലെന്ന് പറഞ്ഞതോടൊപ്പം ബെംഗളൂരുവില്‍ പോകുന്നതും വിലക്കി. ഇതുസംബന്ധിച്ചുണ്ടായ വഴക്കിന് പിന്നാലെയാണ് യുവാവ് ജീവനൊടുക്കിയത്.
യുവാവിന്റെ കിടപ്പുമുറിയില്‍നിന്ന് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട തെളിവുകളും ഇത് സാധൂരിക്കുന്ന കുടുംബാംഗങ്ങളും മൊഴികളും ആത്മഹത്യാ കാരണം വ്യക്തമാക്കുന്നുണ്ട്.യുവാവിന് ആരെല്ലാമായി ബന്ധമുണ്ടെന്നും ബെംഗളൂരുവിലെ ലഹരിമാഫിയ ബന്ധം, ഇയാളുടെ മൊബൈല്‍ ഫോണ്‍ തുടങ്ങിയ വിവരങ്ങളെല്ലാം പൊലിസ് പരിശോധിച്ചുവരികയാണ്.
കോളേജ് വിദ്യാര്‍ഥിനി ജീവനൊടുക്കിയതിന് പിന്നിലും സ്ഥിരമായ മദ്യപാനവും ലഹരി ഉപയോഗത്തെ തുടര്‍ന്നുള്ള മാനസികപ്രശ്നങ്ങളും തന്നെയായിരുന്നു. നിരവധി മദ്യക്കുപ്പികളാണ് പെണ്‍കുട്ടിയുടെ കിടപ്പുമുറിയില്‍നിന്നും ഇന്‍ക്വസ്റ്റ് തയ്യാറാക്കാനെത്തിയ പോലീസ് സംഘത്തിന് ലഭിച്ചത്. പതിവായി ബിയറും മദ്യവും ഉപയോഗിച്ചിരുന്നതായും മറ്റുലഹരിവസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായി അറിയില്ലെന്നുമാണ് പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ നല്‍കിയ മൊഴി. പെണ്‍കുട്ടി അധികസമയവും മുകള്‍നിലയിലെ മുറിയിലായതിനാല്‍ താഴത്തെ നിലയില്‍ കഴിഞ്ഞിരുന്ന വീട്ടുകാര്‍ ഇതൊന്നും അറിഞ്ഞിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്.
ദിവസങ്ങളുടെ വ്യത്യാസത്തില്‍ നടന്ന രണ്ടുസംഭവങ്ങളിലും ലഹരിബന്ധങ്ങള്‍ കണ്ടെത്തിയതോടെ ഇതുസംബന്ധിച്ച അന്വേഷണം വ്യാപിപ്പിച്ചതായി പാലക്കാട് നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. എം.അനില്‍കുമാര്‍ പ്രതികരിച്ചിരുന്നു. എം.ഡി.എം.എ. അടക്കമുള്ള രാസലഹരികള്‍ പ്രധാനമായും ബെംഗളൂരുവില്‍നിന്നാണ് ജില്ലയിലേക്ക് എത്തുന്നത്. അടുത്തിടെ ജില്ലയില്‍ ലഹരിമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ട മിക്കവരും ബെംഗളൂരുവില്‍ പഠിക്കുന്നവരാണ്. വിദ്യാര്‍ഥികള്‍ അവിടെനിന്ന് ലഹരിമരുന്ന് കൊണ്ടുവന്ന് ഇരട്ടിവിലയ്ക്ക് വില്‍ക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു. ലഹരിമരുന്ന് വില്പനയില്‍ പണം ലഭിക്കുന്നതോടെ പലരും ഇതൊരു സ്ഥിരം ബിസിനസാക്കി മാറ്റുകയാണെന്നും ലഹരിമാഫിയ ബന്ധങ്ങള്‍ കണ്ടെത്താന്‍ ബെംഗളൂരുവിലേക്ക് അടക്കം അന്വേഷണം വ്യാപിപ്പിക്കുമെന്നും എം.അനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."