പ്രതികാര നടപടികളുണ്ടാകില്ലെന്നു താലിബാന്‍: സ്ത്രീകള്‍ക്ക് ശരീഅത്ത് അനുസരിച്ചുള്ള സ്വാതന്ത്ര്യം അനുവദിക്കും
കാബൂള്‍: ആര്‍ക്കുമെതിരെയും പ്രതികാരമുണ്ടാകില്ലെന്നും അഫ്ഗാനിസ്ഥാനിലെ സംഘര്‍ഷങ്ങള്‍ അവസാനിക്കുകയാണെന്നും പ്രഖ്യാപിച്ച് താലിബാന്‍. സ്ത്രീകള്‍ക്കെതിരെ വിവേചനം കാണിക്കില്ല. ശരിഅത്ത് നിയമമനുസരിച്ചുള്ള സ്വാതന്ത്ര്യം എല്ലാ മേഖലകളിലും സ്ത്രീകള്‍ക്ക് അനുവദിക്കും. സ്ത്രീകളോട് ഒരിടങ്ങളിലും വിവേചനം കാണിക്കില്ല. താലിബാന്‍ അവകാശപ്പെട്ടു.
എന്നാല്‍ ഒരു വൈദേശിക ശക്തികളെയും ഇനി അഫ്ഗാന്റെ മണ്ണ് പിടിക്കാന്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പും
താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
കാബൂള്‍ പിടിച്ചടക്കിയതിന് ശേഷമുള്ള താലിബാന്റെ ആദ്യത്തെ ഔദ്യോഗിക വാര്‍ത്താസമ്മേളനത്തിലായിരുന്നു വിശദീകരണം. ആരോടും പ്രതികാര നടപടികളുണ്ടാകില്ല. അഫ്ഗാന്‍ ഒരു സംഘര്‍ഷ ഭൂമിയായി ഇനി മാറില്ല. എല്ലാത്തിനും അന്ത്യമായിരിക്കുന്നു. ആഭ്യന്തര ശത്രുക്കളെയും വൈദേശിക ശത്രുക്കളെയും ഇല്ലാതാക്കിയിരിക്കുന്നു. സമഗ്രവും ശക്തവുമായ ഒരു ഇസ്ലാമിക ഭരണകൂടമാണ് തങ്ങള്‍ സ്ഥാപിക്കുക-താലിബാന്‍ വക്താവ് പറഞ്ഞു.
'ഈ സ്വാതന്ത്ര്യം ഞങ്ങളുടെ അവകാശമായിരുന്നു. അത് ഞങ്ങള്‍ നേടി. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാവശ്യമായ എല്ലാ നടപടികളും ആരംഭിച്ചിട്ടുണ്ട്. എല്ലാ എംബസികള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഷ്‌റഫ് ഗനി സര്‍ക്കാര്‍ പൂര്‍ണ പരാജയമായിരുന്നു. ഈ സാഹചര്യത്തിലാണ് ഭരണം പിടിക്കാന്‍ തങ്ങള്‍ തീരുമാനിച്ചത്. ജനങ്ങള്‍ക്ക് പൂര്‍ണമായ സുരക്ഷ ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. -അദ്ദേഹം പറഞ്ഞു.
എല്ലാ രാജ്യങ്ങള്‍ക്കും അവരവരുടേത് മാത്രമായ നയങ്ങളും മൂല്യങ്ങളുമുണ്ട്. താലിബാന്‍ സര്‍ക്കാരിനും അതുണ്ടാകും. മാധ്യമസ്വാതന്ത്ര്യം പൂര്‍ണമായും അനുവദിക്കും. എന്നാല്‍ മാധ്യമങ്ങള്‍ പക്ഷപാതിത്വം കാണിക്കരുത്. ദേശീയ നയത്തിനും താല്‍പ്പര്യങ്ങള്‍ക്കും വിരുദ്ധമായി മീഡിയ പ്രവര്‍ത്തിക്കരുതെന്നും താലിബാന്‍ വക്താവ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."