കുഞ്ഞു ഖാസിമിന്റെ ചികിത്സക്ക് ഇനിയും വേണം ഏഴുകോടി രൂപ
തളിപ്പറമ്പ് (കണ്ണൂര്‍): എസ്.എം.എ ബാധിച്ച ചപ്പാരപ്പടവിലെ മുഹമ്മദ് ഖാസിമിന്റെ ചികിത്സയ്ക്കായി 8.5 കോടി രൂപ നല്‍കുമെന്നു പ്രഖ്യാപിച്ച മാട്ടൂലിലെ മുഹമ്മദ് ചികിത്സാ സഹായ കമ്മിറ്റിക്കു നന്ദി അറിയിച്ച് ഖാസിം ചികിത്സാ സഹായകമ്മിറ്റി.
38 ദിവസങ്ങള്‍ക്കകം ഖാസിമിന്റെ ചികിത്സക്കായി ഇനി കണ്ടെത്തേണ്ടതു ഏഴുകോടി രൂപയാണെന്നും എല്ലാവരുടെയും പിന്തുണയുണ്ടാകണമെന്നും ചികിത്സാകമ്മിറ്റി ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.
എസ്.എം.എ രോഗബാധിതനായ മാട്ടൂലിലെ ഒന്നരവയസുകാരന്‍ മുഹമ്മദിന്റെ ചികിത്സാവശ്യാര്‍ഥം രൂപീകരിച്ച കമ്മിറ്റിക്കു ലഭിച്ച തുകയില്‍ നിന്നും മുഹമ്മദിന്റെയും സഹോദരി അഫ്രയുടെയും ചികിത്സയ്ക്ക് പ്രതീക്ഷിക്കുന്ന ചെലവ് കഴിച്ച് ബാക്കി തുകയാണ് സമാന രോഗമുള്ള ചപ്പാരപ്പടവിലെ മുഹമ്മദ് ഖാസിമിനും ലക്ഷദ്വീപിലെ ഇശല്‍ മറിയത്തിനും നല്‍കാന്‍ തീരുമാനിച്ചത്.
8.5 കോടി രൂപ വീതം ഈ ഫണ്ട് മുഹമ്മദ് ചികിത്സാകമ്മിറ്റി മരുന്ന് കമ്പനിക്കു നേരിട്ട് കൈമാറുമെന്നാണ് അറിയിച്ചത്. മൂന്നാഴ്ച മുമ്പ് ചപ്പാരപ്പടവിലെ മുഹമ്മദ് ഖാസിം ചികിത്സാ സഹായ കമ്മിറ്റി പ്രവര്‍ത്തനം തുടങ്ങിയത് മുതല്‍ തന്നെ മാട്ടൂല്‍ ചികിത്സാ സഹായകമ്മിറ്റിക്കു ലഭിച്ച ഫണ്ടിലെ ബാക്കി തുകയില്‍ നിന്നും ഒരുവിഹിതം ലഭിക്കുമോ എന്നതിനുള്ള പരിശ്രമങ്ങളും ചര്‍ച്ചകളും ഇരുകമ്മിറ്റികളും നടത്തിയിരുന്നു.
നേരത്തെ ഈ തുക സര്‍ക്കാര്‍ മുഖേന കൈമാറാനായിരുന്നു ആലോചിച്ചിരുന്നത്. എന്നാല്‍, അങ്ങനെ ചെയ്യുന്നതു കാലതാമസം വരുത്തുമെന്നതിനാലും അവര്‍ തുക നല്‍കാന്‍ ആഗ്രഹിച്ചിരുന്ന രണ്ട് കുട്ടികളുടെ ആരോഗ്യനില കൂടുതല്‍ സങ്കീര്‍ണമായതിനാലുമാണ് പുതിയ തീരുമാനത്തിലെത്തിയത്.
ഖാസിമിന്റെ ചികിത്സയ്ക്കു മൂന്നാഴ്ച കൊണ്ട് 2.5 കോടി രൂപയാണ് സമാഹരിച്ചത്. മാട്ടൂല്‍ മുഹമ്മദ് ചികിത്സാ കമ്മിറ്റി പ്രഖ്യാപിച്ച 8.5 കോടി രൂപയും ചേര്‍ത്താല്‍ 11 കോടി രൂപയാണു ലഭിച്ചത്. ഇനിയും ഏഴുകോടി രൂപ കണ്ടെത്തണം. അതിനുള്ള തീവ്ര ശ്രമങ്ങള്‍ക്കൊപ്പം സോള്‍ജെന്‍സ്മ മരുന്ന് ഇന്ത്യയിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ നിയമപരമായ നടപടികളും മുഹമ്മദ് ഖാസിം ചികിത്സാകമ്മറ്റി തുടങ്ങിയതായി ജനറല്‍കണ്‍വീനര്‍ അബ്ദുറഹ്മാന്‍ പെരുവണ, എം.എം അജ്മല്‍, കെ.വി രാഘവന്‍, ഉനൈസ് എരുവാട്ടി, എം. മൈമൂനത്ത് എന്നിവര്‍ അറിയിച്ചു.
8921445260 എന്ന ഗൂഗിള്‍ പേ നമ്പറിലും ഫെഡറല്‍ബാങ്ക് ഏര്യം ബ്രാഞ്ചിലെ 13280200001942 എന്ന അക്കൗണ്ടിലും സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പിലാത്തറ ബ്രാഞ്ചിലെ 0612053000009301 എന്ന അക്കൗണ്ടിലും സഹായം എത്തിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."