'ദേശീയത' പ്രകടമാക്കണമെന്ന് സി.പി.എമ്മും പറയുമ്പോള്‍
ടി.കെ ജോഷി
'സാധാരണയായി സി.പി.എം സ്വാതന്ത്ര്യദിനം ആചരിക്കുന്നത് ഫാസിസ്റ്റ് ശക്തികളാലും വര്‍ഗീയവാദികളാലും രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും അപകടങ്ങളെക്കുറിച്ചും സംവാദങ്ങളും ചര്‍ച്ചകളും നടത്തിയാണ്. ഇത്തവണ അത് കൂടുതല്‍ വിപുലമായി നടത്താനാണ് ഉദ്ദേശിക്കുന്നത്' - സി.പി.എം ഓഫിസുകളില്‍ ഓഗസ്റ്റ് 15ന് ദേശീയ പതാക ഉയര്‍ത്താനുള്ള കേന്ദ്രകമ്മിറ്റി തീരുമാനം സംബന്ധിച്ചു മുതിര്‍ന്ന നേതാവ് സുജന്‍ ചക്രബര്‍ത്തി മാധ്യമങ്ങളോട് വ്യക്തമാക്കിയതാണിത്. ദേശീയതയുടെയും ദേശസ്‌നേഹത്തിന്റെയും സത്ത മതേതര നിലപാടും മാനവസ്‌നേഹവും സാഹോദര്യവുമാണെന്ന് ആവര്‍ത്തിച്ചിരുന്ന സി.പി.എം ദേശീയതയും അതിന്റെ ബിംബങ്ങളും പ്രകടിപ്പിക്കാനുള്ളതുകൂടിയാണെന്നു വ്യക്തമാക്കുകയായിരുന്നു സ്വാതന്ത്ര്യദിനത്തില്‍ പാര്‍ട്ടി ഓഫിസുകള്‍ക്ക് മുമ്പില്‍ ചൊങ്കൊടിക്ക് 'സമാനമായി' ഉയര്‍ത്തിയ ദേശീയപതാകകള്‍. പ്രകടിപ്പിക്കപ്പെടാത്ത ദേശീയതയെ 'രാജ്യദ്രോഹ'മായി ചിത്രീകരിക്കുന്നത് ബി.ജെ.പിയും ആര്‍.എസ്.എസും അടങ്ങുന്ന ഫാസിസ്റ്റ് ശക്തികളാണ്. ദേശീയതയുടെ പേരിലുള്ള ഈ ദേശവിരുദ്ധതയെ ചൂണ്ടിക്കാട്ടാന്‍ നാളിതുവരെയുള്ള സ്വാതന്ത്ര്യദിനങ്ങളില്‍ സി.പി.എമ്മും അതിന്റെ പോഷകസംഘടനകളും നവോത്ഥാന സദസുകളും മറ്റും നടത്തിയിരുന്നുവെങ്കില്‍ ഇപ്പോള്‍ വന്നിരിക്കുന്ന ഈ നയമാറ്റത്തില്‍ പ്രായോഗിക രാഷ്ട്രീയത്തിന്റെ അടയാളങ്ങളാണുള്ളത്.
സ്വാതന്ത്ര്യസമര ചരിത്രവും ദേശീയതയുമൊക്കെ ആരുടെയെങ്കിലും സ്വകാര്യ സ്വത്തല്ലെന്നും വീതംവയ്ക്കപ്പെടേണ്ടതാണെന്നുമുള്ള മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളുടെ നിലപാട് അവരുടെ നിലനില്‍പും ഭാവിയുമായും ബന്ധപ്പെട്ടതാണ്. അത് മുന്നോട്ടുള്ള പ്രയാണത്തിന് അവര്‍ക്ക് അനിവാര്യവുമാണ്. കാലങ്ങളോളം കോണ്‍ഗ്രസ് ദേശീയതയേയും സ്വാതന്ത്രസമര സേനാനികളെയും പാരമ്പര്യസ്വത്താക്കി അതിന്റെ നേട്ടങ്ങള്‍ അനുഭവിച്ചു. പിന്നീട് ചരിത്രത്തില്‍ ബോധപൂര്‍വമായ തിരുത്തലുകള്‍ വരെ വരുത്തി ബി.ജെ.പി ഇതേ ദേശീയതയുടെ കപട വക്താക്കളാക്കി. ഇപ്പോള്‍ സി.പി.എമ്മും ഇതേ പാത പിന്തുടരുമ്പോള്‍ അപകടകരമായ ചില കാര്യങ്ങള്‍ ഓര്‍മപ്പെടുത്തുന്നുണ്ട്. പ്രകടമാക്കാത്ത ദേശീയതയുടെ പേരില്‍ ഒരു വിഭാഗത്തെ ദേശവിരുദ്ധരെന്ന് മുദ്രകുത്തപ്പെടുന്ന ഇന്ത്യന്‍ അവസ്ഥയ്ക്ക് കൂടുതല്‍ കരുത്തേകുന്നതാണ് ഇതെന്ന് കാണാതിരുന്നുകൂടാ. ലോകത്താകെയുള്ള രാജ്യങ്ങളും പാര്‍ട്ടികളും സ്വന്തം ദേശീയതയിലേക്ക് മാത്രം ചുരുങ്ങുമ്പോള്‍ ആഗോള പ്രത്യയശാസ്ത്ര കാഴ്ചപ്പാടുണ്ടായിരുന്ന സി.പി.എമ്മും ദേശീയതയുടെ വക്താക്കളായില്ലെങ്കിലുള്ള തിരിച്ചടിയുടെ ആഴം തിരിച്ചറിഞ്ഞിട്ടുതന്നെയാണ് ഈ പ്രകട ദേശസ്‌നേഹത്തിലേക്ക് ചുവടുമാറ്റിയതെന്ന് കാണാതിരിക്കാനാവില്ല.
സി.പി.ഐ മുമ്പുതന്നെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിനുശേഷം സി.പി.ഐ ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തെ അംഗീകരിച്ചുവരുന്നതുമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പാര്‍ട്ടി ഓഫിസുകളില്‍ ദേശീയപതാക ഉയര്‍ത്താറുമുണ്ട്. 1950 ജനുവരി 26ന് ഇന്ത്യ റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ട വേളയില്‍, അത് ആഘോഷിക്കണമെന്ന നിലപാട് അവിഭക്ത പാര്‍ട്ടിയിലെ ഒരു വിഭാഗം ഉന്നയിച്ചിരുന്നു. എന്നാല്‍ ദേശീയ ബൂര്‍ഷ്വാസിയോടുള്ള സമീപനത്തില്‍ ഭിന്നാഭിപ്രായമുള്ള വിഭാഗവുമുണ്ടായിരുന്നു. ഇവരായിരുന്നു പ്രബല വിഭാഗവും. അതിനാല്‍ അന്ന് കരിദിനമാചരിക്കണമെന്ന വിഭാഗത്തിനായിരുന്നു മേല്‍ക്കൈ. റിപ്പബ്ലിക് ദിനമാഘോഷിക്കണമെന്ന നിലപാടെടുത്ത സര്‍ദാര്‍ ഗോപാലകൃഷ്ണന്‍, പിന്നീട് പാര്‍ട്ടി തീരുമാനമനുസരിച്ച് കരിദിനാചരണത്തിന് മുന്നില്‍ അണിനിരക്കാന്‍ നിര്‍ബന്ധിതനാവുകയും പൊലിസ് മര്‍ദനത്തില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
പൂര്‍ണസ്വരാജ് നടപ്പായില്ലെന്ന നിലപാടില്‍ ഇതുവരെ സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു സി.പി.എം. എന്നാല്‍ രാജ്യത്ത് നരേന്ദ്രമോദിയുടെ ഭരണം രണ്ടാം ഊഴത്തിലായതോടെ ആര്‍.എസ്.എസ് മേധാവിത്വം അടിച്ചേല്‍പ്പിക്കുകയും പാര്‍ട്ടിയുടെ ആദ്യകാല നേതാക്കളുടെയടക്കം സ്വാതന്ത്ര്യസമര പോരാട്ട ചരിത്രത്തെ ഇകഴ്ത്തിക്കാട്ടുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് പുതിയ തീരുമാനം. പാര്‍ട്ടി ആസ്ഥാനങ്ങളിലുള്‍പ്പെടെ ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ സി.പി.എം തീരുമാനിച്ചത് പാര്‍ട്ടിയുടെ സുപ്രധാന നയവ്യതിയാനമായാണ് വിലയിരുത്തപ്പെടുക.
സ്വാതന്ത്ര്യസമരത്തില്‍ ഒരു പങ്കുമില്ലാത്ത ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും പൊതുസമൂഹത്തിനു മുന്നില്‍ തുറന്നുകാട്ടാന്‍ സ്വാതന്ത്ര്യദിനത്തെ ഉപയോഗപ്പെടുത്തണമെന്നാണ് സി.പി.എമ്മിന്റെ പുതിയ വാദം. എന്നാല്‍ ദേശീയതയുമായി ബന്ധപ്പെട്ട് എതിരാളികള്‍ നിരന്തരം സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്നതിനുള്ള പരിഹാരമാകും ദേശീയപതാക ഉയര്‍ത്തല്‍. ചൈന, ക്യൂബ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളോട് സഹാനുഭൂതി പ്രകടിപ്പിച്ച മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി, രാജ്യത്തിന്റെ ദേശീയത ഉയര്‍ത്തിപ്പിടിക്കുന്നതില്‍ പരാജയപ്പെടുന്നു എന്ന ആരോപണങ്ങള്‍ പലപ്പോഴായി നേരിട്ടിരുന്നു. കപട ദേശീയതയുടെ ഈ കാലത്ത് 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും 2021ലെ പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലും കനത്ത പരാജയവും ഇതിനെത്തുടര്‍ന്നാണെന്നുള്ള വിലയിരുത്തലിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരിക്കണം നയവ്യതിചലനം.
കരിദിനാചരണത്തില്‍ നിന്ന് സ്വാതന്ത്ര്യാദിനാഘോഷത്തിലേക്ക് സി.പി.എം കടന്ന ദേശസ്‌നേഹ നിറവിലാണ് 75ാം സ്വാതന്ത്ര്യദിനം കടന്നുപോയത്. ഓഗസ്റ്റ് 15 ന് ദേശീയതയുടെയും ദേശസ്‌നേഹത്തിന്റെയുമൊക്കെ വര്‍ണചിത്രങ്ങള്‍ വിരിയാറുള്ള വിദ്യാലയ മുറ്റത്തായിരുന്നുവെങ്കില്‍, വിട്ടൊഴിയാത്ത കൊവിഡ് ഇക്കുറിയും അതിന് മങ്ങലേല്‍പ്പിച്ചു. സ്‌കൂള്‍ മുറ്റത്ത് ദേശീയ പതാക ഉയര്‍ന്നെങ്കിലും അത് കാണാനും മധുരം നുണയാനും വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ സി.പിഎമ്മിന്റെ ഓഫിസ് മുറ്റത്ത് ഇക്കുറി ദേശീയ പതാക ഉയര്‍ന്നതോടെ നാടെങ്ങും ആഘോഷ പൊലിമയിലായി എന്നത് ഏത് ദേശസ്‌നേഹിക്കും അഭിമാനമുള്ളതാണ്. എന്നാല്‍ സി.പി.എം രൂപീകരിച്ചത് മുതല്‍ 'വ്യാജമാണീ സ്വാതന്ത്ര്യം' എന്ന മുദ്രാവാക്യമുയര്‍ത്തിയ പാര്‍ട്ടി 75ാം സ്വാതന്ത്ര്യദിനത്തില്‍ നിലപാട് തിരുത്തുമ്പോള്‍ അത് കൂടുതല്‍ 'ദേശവിരുദ്ധ'രെ സൃഷ്ടിക്കാനുള്ള വര്‍ത്തമാന ഇന്ത്യയുടെ രാഷ്ട്രീയത്തിന് പുതിയ ഊര്‍ജമാകരുതെന്നു മാത്രം ഓര്‍മിപ്പിക്കട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."