HOME
DETAILS

ഹിന്ദുത്വ രാഷ്ട്രീയത്തിന് മാറാനൊരു കുപ്പായം

  
backup
October 30 2022 | 02:10 AM

political-sattire-3

കലികാലക്കാഴ്ച
വി. അബ്ദുൽ മജീദ്‌
9846159481

 


അടിമുടി അഴിമതിയിൽ കുളിച്ചുനിൽക്കുന്നതാണ് ഇന്ത്യൻ ഭരണവർഗ രാഷ്ട്രീയമെങ്കിലും അഴിമതിവിരുദ്ധതയെന്നു കേട്ടാൽ ചോര തിളയ്ക്കുന്നവർ ഭൂരിപക്ഷമുള്ള രാജ്യം കൂടിയാണിത്. ഇവിടെ സ്വന്തം കാര്യം നടന്നുകിട്ടാൻ കൈക്കൂലി എത്രവേണമെങ്കിലും കൊടുക്കാൻ തയാറാകുന്നവർപോലും മറ്റുള്ളവരുടെ, പ്രത്യേകിച്ച് ഭരണകൂടത്തിന്റെ അഴിമതിക്കെതിരേ രോഷംകൊള്ളുന്നവരായിരിക്കും. അവരിൽ ഭൂരിപക്ഷവും ഏതെങ്കിലും ഭരണവർഗകക്ഷിയുടെ അന്ധരായ അനുകൂലികളുമായിരിക്കും. അഴിമതിക്കെതിരേ അട്ടഹസിച്ചുകൊണ്ടുതന്നെ അവർ പിന്തുടരുന്ന പാർട്ടി എത്ര അഴിമതി നടത്തിയാലും ആ പാർട്ടിക്കു കണ്ണടച്ച് വോട്ട് ചെയ്യും. ബാക്കിയുള്ള അഴിമതിവിരുദ്ധരുടെ വോട്ടുകൾ സാഹചര്യങ്ങൾക്കനുസരിച്ച് മാറിമറിയും. ഭരിക്കുന്ന പാർട്ടിയുടെ അഴിമതിക്കെതിരേ അവർ, പണ്ടു ഭരണത്തിലിരുന്നപ്പോൾ നന്നായി അഴിമതി നടത്തിയവരും പ്രതിപക്ഷത്തിരിക്കുമ്പോൾ ഭരണമില്ലെന്ന ഒറ്റക്കാരണത്താൽ അഴിമതി നടത്താത്തവരുമായ പ്രതിപക്ഷ കക്ഷികൾക്ക് വോട്ട് ചെയ്യും. ഇങ്ങനെ മാറിമറിയുന്ന വോട്ടുകൾ ഭരണവർഗ രാഷ്ട്രീയത്തിൽ വലിയൊരു സാധ്യതയാണ്. ആ സാധ്യതയുടെ ബലത്തിലാണ് നമ്മുടെ രാജ്യത്തെ ഭരണവർഗ രാഷ്ട്രീയം പുലരുന്നത്.


ആർ.എസ്.എസ് ബാബരി മസ്ജിദിൽ പിടിച്ച് ഹിന്ദുത്വം രാഷ്ട്രീയമാരകായുധമാക്കി മാറ്റിത്തുടങ്ങിയ 1980കളുടെ അവസാനം മുതൽ രൂപപ്പെടുകയും പിന്നീട് ശക്തിപ്രാപിക്കുകയും ചെയ്ത വർഗീയവിഭജനമാണ് ഇന്നത്തെ ഇന്ത്യയിൽ മറ്റൊരു രാഷ്ട്രീയസാധ്യത. അതിൽതന്നെ ഹിന്ദുത്വരാഷ്ട്രീയമാണ് ഏറ്റവും മികച്ച സാധ്യത. അഴിമതിവിരുദ്ധതയുടെ പ്രതീകമായി അടുത്തകാലത്ത് ദേശീയരാഷ്ട്രീയത്തിൽ പ്രത്യക്ഷപ്പെട്ട ആം ആദ്മി പാർട്ടിയും അതിന്റെ ജീവാത്മാവും പരമാത്മാവുമായ അരവിന്ദ് കെജ്‌രിവാളും ഇപ്പറഞ്ഞ രണ്ടു സാധ്യതകളിലും പിടിച്ചാണ് കളിക്കുന്നത്. അതിൽ ആ പാർട്ടി ചെറിയ അളവിലെങ്കിലും വിജയിച്ചിട്ടുമുണ്ട്. അതിന്റെ ഫലമായാണ് അവർ ആദ്യം ഡൽഹിയിലും പിന്നീട് പഞ്ചാബിലും ഭരണകക്ഷിയായി മാറിയത്. തുടർന്ന് അധികാരം കൂടുതൽ വ്യാപിപ്പിക്കാൻ പാർട്ടി ശ്രമിക്കുന്നുമുണ്ട്.


അഴിമതിക്കെതിരേ അണ്ണാ ഹസാരെ നടത്തിയ പ്രക്ഷോഭത്തെ ഉപയോഗപ്പെടുത്തിയാണ് ആം ആദ്മി പാർട്ടി മുളപൊട്ടിയത്. മുകളിൽ പറഞ്ഞ അഴിമതിവിരുദ്ധ മനസുകളിൽ, പ്രത്യേകിച്ച് അരാഷ്ട്രീയ ഉപരിമധ്യവർഗ മനസുകളിൽ ഗണ്യമായ വേരോട്ടമുണ്ടാക്കാൻ പാർട്ടിക്കു സാധിച്ചു. അതിനപ്പുറം ബി.ജെ.പിവിരുദ്ധ പരിവേഷത്തിൽ പ്രതിപക്ഷനിരയിൽ നിസാരമല്ലാത്ത ഇടംനേടിയിട്ടുമുണ്ട്. ഈ മുന്നേറ്റത്തിനിടയിൽ ആരാണ് കെജ്‌രിവാളെന്നും ആരാണ് അണ്ണാ ഹസാരെയെന്നും ഇന്ത്യൻ രാഷ്ട്രീയ പൊതുബോധത്തിന് മനസിലാക്കാനാവാതെ പോയിട്ടുണ്ട്. തികഞ്ഞ സവർണ ഹിന്ദുത്വബോധത്തിലാണ് കെജ്‌രിവാളിന്റെ രാഷ്ട്രീയം പടുത്തുയർത്തിയത്. മുമ്പ് യൂത്ത് ഫോർ ഇക്വാലിറ്റിയെന്ന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടന്ന സംവരണവിരുദ്ധ പ്രക്ഷോഭത്തിൽ സജീവ പങ്കാളിയായിരുന്നു അദ്ദേഹം.


ഗാന്ധിയൻ പരിവേഷത്തിൽ തീവ്രഹിന്ദുത്വം പരമാവധി പ്രാവർത്തികമാക്കാൻ ശ്രമിച്ചയാളാണ് അണ്ണാ ഹസാരെ. അദ്ദേഹം ഗ്രാമമുഖ്യനായ റാലേഗൻ സിദ്ധി ഗ്രാമത്തിൽ ദാരിദ്ര്യനിർമാർജന പ്രവർത്തനങ്ങൾക്കൊപ്പം നടപ്പാക്കിയത് ഏറെക്കുറെ മനുവാദ സാമൂഹ്യ വ്യവസ്ഥകളായിരുന്നു എന്ന ആരോപണം പരക്കെ ഉയർന്നിരുന്നു. കൂടാതെ, പണ്ട് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ വികസനത്തിന്റെ ഉത്തമ മാതൃകയായി അദ്ദേഹം പരസ്യമായി ഉയർത്തിക്കാട്ടിയിട്ടുമുണ്ട്. രണ്ടാം യു.പി.എ സർക്കാരിന്റെ കാലത്ത് അദ്ദേഹം കാടടച്ചു നടത്തിയ അഴിമതിവിരുദ്ധ പ്രക്ഷോഭത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ബി.ജെ.പി ആയിരുന്നു എന്നത് ഇതിനോട് ചേർത്തുവായിക്കേണ്ടതുമുണ്ട്. ഹസാരെയിസം ആധാരമാക്കി വളർന്ന ആം ആദ്മി പാർട്ടിയുടെ നയപരിപാടികളിലും സവർണഹിന്ദുത്വത്തിന്റെ ഛായ കാണാം. പൗരത്വ പ്രക്ഷോഭകാലത്ത് തന്ത്രപരമായ നിശബ്ദതയിലൂടെയും ആസൂത്രിതമായ ചില രാഷ്ട്രീയ നീക്കങ്ങളിലൂടെയും ആ പാർട്ടി പിന്തുണച്ചത് കേന്ദ്ര ഭരണകൂടത്തിന്റെ നയത്തെ തന്നെയായിരുന്നു. അപ്പോഴും പ്രതിപക്ഷമുഖം നിലനിർത്താൻ അവർക്കായി. പിന്നീട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചില തീർഥാടനകേന്ദ്രങ്ങളിലേക്ക് സൗജന്യയാത്ര വാഗ്ദാനം ചെയ്തപ്പോൾ ആ പാർട്ടിയുടെ ഹിന്ദുത്വമുഖം നന്നായി വെളിപ്പെട്ടിട്ടും ഒരുപാട് അഴിമതിവിരുദ്ധ മനസുകൾക്ക് അതു ബോധ്യപ്പെട്ടില്ല. ആ പാർട്ടിയുടെ ഹിന്ദുത്വരാഷ്ട്രീയം കളിച്ചുള്ള മുന്നേറ്റശ്രമങ്ങളുടെ ഏറ്റവുമൊടുവിലത്തെ തന്ത്രമാണ് കറൻസിയിൽ ചില ഹിന്ദുദൈവങ്ങളുടെ ചിത്രം വേണമെന്ന് കെജ്‌രിവാൾ ഉന്നയിച്ച ആവശ്യം. ഇന്ത്യൻ രൂപയുടെ അതിരൂക്ഷമായ മൂല്യശോഷണത്തെ തടയാൻ അതു പ്രയോജനപ്പെടുമെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇന്ത്യൻ സമൂഹത്തിൽ സ്വാധീനം നേടിയ ഹിന്ദുത്വ ഫാസിസ്റ്റ് രാഷ്ട്രീയത്തിന് ഏറെ സ്വീകാര്യമായിരിക്കും ഈ വാദമെന്ന കാര്യത്തിൽ തർക്കമില്ല.


ഇപ്പോൾ അഴിമതിക്കാരും മറ്റു പലതരം അധർമികളുമടക്കമുള്ള സകലമാന ചണ്ടിപ്പണ്ടാരങ്ങളെയും കൂടെനിർത്തിയാണ് ബി.ജെ.പി കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും അധികാരം നിലനിർത്തുന്നത്. ഭാവിയിൽ ഇതു ഹിന്ദുത്വവാദികളടക്കമുള്ള ജനങ്ങൾക്കു മടുക്കുമെന്നുറപ്പാണ്. അങ്ങനെ സംഭവിക്കുമ്പോൾ ആ ജനവികാരം പ്രതിപക്ഷത്തെ മറ്റൊരു ഹിന്ദുത്വകക്ഷിയിലേക്ക് മാറ്റിയെടുത്ത് അധികാരം തുടരാൻ ആർ.എസ്.എസ് ശ്രമിക്കും. സ്വന്തം അജൻഡകൾ നടപ്പാക്കാൻ ബി.ജെ.പിയെന്ന പാർട്ടി വേണമെന്ന യാതൊരു നിർബന്ധവും ആർ.എസ്.എസിനില്ല. ചുരുക്കിപ്പറഞ്ഞാൽ ബി.ജെ.പി തകർന്നടിയുമ്പോൾ ആർ.എസ്.എസിന് മാറിധരിക്കാനുള്ള മറ്റൊരു രാഷ്ട്രീയക്കുപ്പായമായി മാറുകയാണ് ആം ആദ്മി.
ഏതാണ് ഇന്ത്യൻ വംശം?


ഒരു രാജ്യത്തെ പൗരൻ ആ രാജ്യത്തിന്റെ ഭരണാധികാരിയാകുന്നതിൽ ഒട്ടുമില്ല അസ്വാഭാവികത. ആ പദവിയിൽ ആരുതന്നെ വന്നാലും മറ്റു രാജ്യങ്ങൾ അത് അംഗീകരിക്കും. അത് ലോകരാഷ്ട്രീയ മര്യാദയും കീഴ്‌വഴക്കവുമാണ്. ബ്രിട്ടിഷ് പൗരനായ ഋഷി സുനക് ബ്രിട്ടിഷ് പ്രധാനമന്ത്രിയായത് അങ്ങനെയൊരു സ്വാഭാവികതയാണ്. എന്നാൽ അദ്ദേഹത്തെ ഇന്ത്യക്കാരൻ, ഇന്ത്യൻ വംശജൻ എന്നൊക്കെ വിശേഷിപ്പിച്ച് ആവേശംകൊള്ളുകയും ആഘോഷിക്കുകയും ചെയ്യുകയാണ് ഇവിടെ ചിലർ. ബ്രിട്ടൻ ഇന്ത്യക്കാരന്റെ അധീനതയിലായെന്നും ഒരുകാലത്ത് ഇന്ത്യ ഭരിച്ച ബ്രിട്ടിഷുകാരുടെ പിൻമുറക്കാരെ ഇന്ത്യക്കാരൻ ഭരിക്കുന്നു എന്നും ചരിത്രം കണക്കുതീർക്കുന്നു എന്നുമൊക്കെ ചിലർ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. സംഘ്പരിവാറുകാരാണ് ഇക്കാര്യത്തിൽ മുന്നിൽ നിൽക്കുന്നത്.
ശരിക്കും പറഞ്ഞാൽ ഒരുതരം എട്ടുകാലി മമ്മൂഞ്ഞിസമാണിത്. ഏതു വകുപ്പിലാണ് ഋഷി സുനക് ഇന്ത്യക്കാരനോ, ഇന്ത്യൻ വംശജനോ ആകുന്നത്? ഇംഗ്ലണ്ടിലാണ് അദ്ദേഹം ജനിച്ചത്. മാതാപിതാക്കൾ കിഴക്കൻ ആഫ്രിക്കയിൽനിന്ന് അവിടേക്ക് കുടിയേറിയവരാണ്. അവരുടെയും പൂർവികർ പഴയ ബ്രിട്ടിഷ് ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിലായിരുന്ന, ഇപ്പോൾ പാകിസ്താനിലുള്ള ഗുജ്‌റൻവാല സ്വദേശികളാണ്. അങ്ങനെ പൂർവികതയുടെ ന്യായംവച്ചാണെങ്കിൽ അദ്ദേഹത്തെ പാക് വംശജൻ എന്നു വിളിക്കേണ്ടിവരും. അങ്ങനെയൊക്കെ നോക്കുമ്പോൾ നമ്മുടെയൊക്കെ പൂർവപരമ്പരകൾ ഏതൊക്കെയോ നാടുകളിൽ ജീവിച്ചവരായിരിക്കും. ആ നാടുകളുടെ പേരിലല്ലല്ലോ നമ്മുടെ ദേശീയ ഐഡന്റിറ്റി. എവിടെ ജനിച്ചുവളർന്നു എന്നതാണ് അതിനടിസ്ഥാനം. കൃത്യംപറഞ്ഞാൽ, ജനനത്തേക്കാൾ എവിടെ ജീവിച്ചു എന്നതാണ് പ്രധാനം. കറാച്ചിയിൽ ജനിച്ച എൽ.കെ അദ്വാനിയെ നമ്മളാരും പാകിസ്താനിയെന്നോ, പാക് വംശജനെന്നോ വിളിക്കാറില്ലല്ലോ.


പിന്നെ ഋഷി ഹൈന്ദവാചാരങ്ങളും വിശ്വാസങ്ങളും പിന്തുടരുന്നയാളാണ് എന്നതിനാലാണ് സംഘ്പരിപാറിന് അദ്ദേഹം സ്വന്തം ആളാകുന്നത്. അതും ഇന്ത്യക്കാരനെന്ന വിശേഷണത്തിന് കാരണമല്ല. ഇന്തോനേഷ്യയിലും തായ്‌ലൻഡിലും പാകിസ്താനിലും ബംഗ്ലാദേശിലുമൊക്കെ ഹിന്ദുക്കളുണ്ട്. അവരെയാരും ഇന്ത്യക്കാരെന്നോ ഇന്ത്യൻ വംശജരെന്നോ വിളിക്കാറില്ല. മതമല്ല ദേശീയതയുടെ അടിസ്ഥാനം.അല്ലെങ്കിൽതന്നെ ഏതാണ് ഇന്ത്യൻ വംശം? ഇവിടുത്തെ സവർണജാതിക്കാരും ദലിതരും ഒരേ വംശമാണെന്ന് ഏതെങ്കിലും സവർണരോ, ദലിതരോ സമ്മതിച്ചുതരുമോ? അതുപോലെ പഞ്ചാബിലും കശ്മിരിലുമൊക്കെയുള്ള പത്താൻ മുസ്‌ലിംകളും മലബാറിലെ മാപ്പിളമാരും ഒരേ വംശമാണോ?


ഋഷിക്ക് അനാവശ്യ പരിവേഷങ്ങൾ നൽകിക്കൊണ്ടുള്ള അവകാശവാദങ്ങൾ തികഞ്ഞ അസംബന്ധങ്ങളാണ്. ബ്രിട്ടിഷുകാരനായ അദ്ദേഹം ബ്രിട്ടിഷുകാരനായി തന്നെ സ്വസ്ഥമായി ആ രാജ്യം ഭരിക്കട്ടെ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago