കഴുകന്മാരുടെ കാവലാളായി ഭാരതിദാസന്‍
വി. എം ഷൺമുഖദാസ്
കഴുകന്മാർ പ്രകൃതിയുടെ സംരക്ഷകരാണെങ്കിലും അവയെ സംരക്ഷിക്കാൻ മനുഷ്യർക്ക് കഴിയാറില്ല. അതുകൊണ്ടുതന്നെ ഇന്ത്യയിലുണ്ടായിരുന്ന പലകഴുക് വർഗങ്ങളും വംശനാശ ഭീഷണിയിലാണ്. ഒരു കാലത്ത് തമിഴ്നാട്ടിലും കേരളത്തിലുമായി നിരവധി ശവംതീനി കഴുകന്മാരുണ്ടായിരുന്നു. അവയുടെ എണ്ണം വളരെ കുറഞ്ഞിരിക്കുകയാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. കാട്ടിലും നാട്ടിലുമെല്ലാം വളർത്തുമൃഗങ്ങൾ ചാവുമ്പോൾ കൂട്ടമായെത്തുന്ന കഴുകൻമാർ അവയൊക്കെ തിന്ന് പരിസരം ശുചീകരിക്കുന്ന കാഴ്ചയും കാണാൻ കഴിയുമായിരുന്നു. എന്നാൽ കഴുകന്മാരുടെ വംശം കുറ്റിയറ്റു തുടങ്ങിയതോടെ നാം ചത്തമൃഗങ്ങളെ കുഴിച്ചിടേണ്ട അവസ്ഥയിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്. കഴുകന്മാരുടെ സംരക്ഷണത്തിനായി ജീവിതം സമർപ്പിച്ചിരിക്കുകയാണ് തമിഴ്നാട് ദിണ്ടിഗൽ സ്വദേശിയായ എസ്. ഭാരതിദാസൻ.
പ്രകൃതി സ്നേഹിയുടെ
കഴുക് പ്രേമം
പ്രകൃതിയോടുള്ള അഭിനിവേശത്തോടെയാണ് മധുര ഗാന്ധിഗ്രാം യൂനിവേഴ്സിറ്റിയിൽനിന്ന് ഭാരതിദാസൻ ബി.എസ്.സിയിൽ ബിരുദം നേടിയത്. വംശനാശഭീഷണി നേരിടുന്ന നമ്മുടെ മണ്ണിലെ അപൂർവ സസ്യ തൈകൾ പ്രചരിപ്പിക്കുന്നതിലാണ് അദ്ദേഹം ആദ്യം താൽപര്യം കാണിച്ചത്. പിന്നീട് വംശനാശഭീഷണി നേരിടുന്ന ഏതാനും കഴുകന്മാരെ സംരക്ഷിക്കാനുള്ള ശ്രമത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. സന്ധിവേദനയ്ക്കും പേശിവേദനയ്ക്കും വേദനസംഹാരിയായി മൃഗങ്ങൾക്ക് നൽകുന്ന ഡൈക്ലോഫെനാക്ക എന്ന മരുന്നാണ് കഴുകന്മാരുടെ വംശനാശത്തിന് കാരണമെന്ന തിരിച്ചറിവിൽ അദ്ദേഹം മെഡിക്കൽ ഷോപ്പുകളിൽ ഈ മരുന്ന് വിൽപനക്കെതിരേ തുടർച്ചയായ പോരാട്ടം നടത്തി.
അതീവ വംശനാശഭീഷണി നേരിടുന്നതും റെഡ് ഡാറ്റ ബുക്കിൽ ഇടംപിടിച്ചിട്ടുള്ളതുമായ പക്ഷികളാണ് കഴുകന്മാർ. കഴുകന്മാരുടെ സംരക്ഷണത്തിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കത്തയക്കുകയും കർഷകർക്കിടയിലും മൃഗ ഡോക്ടർമാർക്കിടയിലും പൊതുജങ്ങൾക്കിടയിലും വിദ്യാർഥികൾക്കിടയിലും ശക്തമായ ബോധവൽക്കരണം നടത്തികൊണ്ടിരിക്കുകയാണ് ഭാരതിദാസൻ. ഇന്ത്യയിലെ വൻകിട മരുന്നുൽപ്പാദന കമ്പനിക്കെതിരേ നിയമ പോരാട്ടങ്ങൾക്കൊടുവിൽ 2006ൽ തമിഴ്നാട് സർക്കാർ ഡൈക്ലോഫെനാക്കിന്റെ ഉപയോഗം നിരോധിച്ചു. പക്ഷേ മറ്റൊരു രൂപത്തിൽ മെഡിക്കൽ ഷോപ്പുകളിൽ എത്തിയ ഈ മരുന്ന് വാങ്ങിക്കാൻ ഇപ്പോഴും ചില മൃഗഡോക്ടർമാർ ശുപാർശ ചെയ്യുന്നുണ്ടെങ്കിലും കർഷകർ ഇവ വാങ്ങിക്കാതെ മറ്റു മരുന്നുകൾ വാങ്ങി ഉപയോഗിക്കുന്നു.
ബോധവൽക്കരണ യാത്രകൾ
അടുത്ത തലമുറയെ പരിസ്ഥിതി പ്രവർത്തനങ്ങളിൽ സജീവമാക്കാനായി കഴുക് സംരക്ഷണം ഒരു പദ്ധതി തയാറാക്കി, ഡൈക്ലോഫെനാക്കിനെതിരേ സ്കൂൾ, കോളജുകളിൽ ഭാരതിദാസൻ ആയിരത്തോളം ക്ലാസുകൾ സംഘടിപ്പിച്ചു. തമിഴ്നാട്ടിലെയും കർണാടകത്തിലെയും കേരളത്തിലെയും അതിർത്തി ഗ്രാമങ്ങളിൽ കലാപരിപാടികൾ നടത്തിയുള്ള ബോധവൽകരണം, നാല് ദിവസം 500 കിലോമീറ്റർ ബൈക്ക് റാലി നടത്തി. മദ്രാസ് ഹൈക്കോടതിയിൽ നിന്ന് മരുന്നുകൾ നിരോധിച്ച ഉത്തരവ് സമ്പാദിച്ചു. മരുന്ന് കമ്പനികൾ കോടതികളിൽ നിയമപോരാട്ടം പ്രഖ്യാപിച്ചു. ഇതിനെതിരേ പ്രവർത്തിക്കുന്നവരെ ഭീഷണിയിലൂടെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. കേന്ദ്രസർക്കാരും തമിഴ്നാട് സർക്കാരും മരുന്നുകൾ നിരോധിച്ചതോടെ ഇപ്പോൾ കഴുകന്മാരുടെ എണ്ണത്തിലും വർധനയുണ്ടായിട്ടുള്ളതായി ഭാരതീദാസൻ പറയുന്നു
കുട്ടികൾക്കായി ജിപ്സ് കാർണിവൽ, ചിത്രരചനാ മത്സരം തുടങ്ങി വിവിധ രീതികളിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുന്നു. തമിഴ്നാട് വനംവകുപ്പ് കഴുകന്മാർ ഒത്തുകൂടുന്ന സ്ഥലങ്ങൾ സംരക്ഷിക്കാൻ കാവൽക്കാരെ നിയമിക്കുകയും അഞ്ചുവർഷമായി കഴുകന്മാരുടെ സർവേ നടത്തുകയും ഇതിനായി പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യുന്നുണ്ട്.
കഴുക് സംരക്ഷണത്തിന്
അവാർഡ്
ഭാരതിദാസൻ്റെ പ്രവർത്തനങ്ങളെ തിരിച്ചറിഞ്ഞ് ക്രിട്ടിക്കൽ ഇക്കോസിസ്റ്റം പാർട്ണർഷിപ്പ് ഫണ്ട് നൽകുന്ന ഹോട്ട്സ്പോട്ട് ഹീറോ അവാർഡ് ലഭിച്ചു. ലോകത്തിലെ ജൈവവൈവിധ്യ പ്രാധാന്യമുള്ള 15 കേന്ദ്രങ്ങളിൽ നിന്ന് ഒരാളെ തിരഞ്ഞെടുത്തതിൽ ഇന്ത്യയിൽ നിന്ന് ഇദ്ദേഹം മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ഇന്റർനാഷണൽ യൂനിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ, ഹവായിയിലെ ഹോണോലുലുവിൽ നടത്തിയ വേൾഡ് കൺസർവേഷൻ കോൺഫറൻസിൽ പങ്കെടുക്കുന്നതിനുള്ള അവസരവും കിട്ടി. വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കുന്ന നിരവധിയാളുകളും ഈ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. 2015ൽ പോണ്ടിച്ചേരിയിലെ ആരണ്യ സാങ്ച്ചുറിയുടെ ഏറ്റവും നല്ല പരിസ്ഥിതി സംരക്ഷണ പ്രവർത്തകനുള്ള അവാർഡും നേടിയിട്ടുണ്ട്. ഇൻസെർച്ച് ഓഫ് വൾച്ചേർസ്, പാറുകഴുകും ആദിവാസികളും എന്നി രണ്ടു പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്
കോയമ്പത്തൂർ തുടിയല്ലൂരിൽ അരുളകം എന്നപേരിൽ ഒരു സംഘടന രൂപീകരിച്ച് തമിഴ്നാട്ടിലും കേരളത്തിലും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന നാടൻ മരങ്ങളുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുകയാണ് ഇദ്ദേഹം. നാടൻ മരങ്ങളുടെ വിത്തുകൾ ശേഖരിച്ച് ചിന്നവീടൻപെട്ടി, ഗണേശപുരം, ശരവണൻപെട്ടി എന്നിവിടങ്ങളിലെ നഴ്സറികളിൽ ഒരു ലക്ഷത്തോളം തൈകൾ ഉൽപ്പാദിപ്പിച്ചു വരുന്നു. നാടൻ തൈകൾ കൊണ്ടുള്ള മിയാവാക്കി വനങ്ങൾ ഉണ്ടാക്കാനുള്ള പ്രവർത്തനങ്ങളും നടത്തിവരുന്നു. കേരളത്തിലും ആവശ്യക്കാർക്ക് മിയാവാക്കി വനങ്ങൾ ഉണ്ടാക്കിനൽകുമെന്ന് ഭാരതീദാസൻ പറഞ്ഞു. ഭാര്യ കവിതയും മക്കളായ മഞ്ജരിയും പൂകുൻട്രനും പിന്തുണയുമായി കൂടെയുണ്ട്.
കഴുകന്മാര്ക്ക് സംഭവിച്ചത്
2003ല്‍ പാകിസ്താനില്‍ നടന്ന ഗവേഷണത്തിലായിരുന്നു കഴുകന്മാരുടെ കൂട്ടമായ മരണ കാരണം കണ്ടെത്തിയത്. കന്നുകാലികളില്‍ കുത്തിവയ്ക്കുന്ന ഡൈക്ലോഫെനാക് എന്ന മരുന്നാണ് കാരണമായി കണ്ടെത്തിയത്. കന്നുകാലികളില്‍ കാണുന്ന പനി, വേദന എന്നിവയ്ക്ക് വേദനാസംഹാരിയായി 1990കളില്‍ ആണ് ഈ മരുന്ന് ഉപയോഗിച്ചുതുടങ്ങിയത്. മരുന്ന് കുത്തിവച്ച കന്നുകാലികള്‍ ചത്തുകഴിയുമ്പോള്‍ അവയെ ഭക്ഷണമാക്കിയിരുന്ന കഴുകന്മാര് വന്‍തോതില്‍ ചത്തുപോവുകയുണ്ടായി. ഡൈക്ലോഫെനാക്കിന്റെ അംശം മൃതശരീരങ്ങളില്‍ നിന്ന് കഴുകന്മാരുടെ ശരീരത്തില്‍ എത്തുകയും അവയുടെ വൃക്കകളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും അതുവഴി മരണം സംഭവിക്കുകയുമാണ് ചെയ്തത്. ഇതേ തുടര്‍ന്ന് 2006ല്‍ ഇന്ത്യ സര്‍ക്കാര്‍ കന്നുകാലികള്‍ക്കായി ഉപയോഗിക്കുന്ന ഡൈക്ലോഫെനാക്കിന്റെ ഉത്പാദനം നിരോധിച്ചു. എങ്കിലും അനധികൃതമായി ഈ മരുന്ന് ഇന്ന് രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും ലഭ്യമാണ്. എന്നാല്‍ 2015 ജൂലൈ മാസത്തില്‍ മനുഷ്യാവശ്യത്തിനായി ഉപയോഗിക്കുന്ന ഡൈക്ലോഫെനക്ക് മരുന്നിന്റെ ഉത്പാദനവും സർക്കാർ നിരോധിച്ചു. കഴുകന്മാരുടെ ആവാസകേന്ദ്രത്തിന്റെ പരിസരങ്ങളില്‍ ഡൈക്ലോഫെനാക് പോലുള്ള മരുന്നുകളുടെ ലഭ്യത ഇല്ലാതാക്കുന്നതിനായി നിരവധി കണ്‍സര്‍വേഷന്‍ ഓര്‍ഗനൈസേഷനുകള്‍ വര്‍ഷങ്ങളായി പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇത്തരം പ്രദേശങ്ങളെ കഴുകന്മാരുടെ സുരക്ഷിത കേന്ദ്രങ്ങളാക്കി മാറ്റുന്ന പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു.
കഴുകന്മാർക്ക് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുകയാണെങ്കിലും കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശമായ ബന്ദിപ്പൂർ, മുതുമല, വയനാട് വന്യജീവി സങ്കേതം എന്നിവിടങ്ങളിൽ ഇപ്പോഴും ഇവയെ കാണാനാകും. മാംസഭുക്കുകളായ കടുവ, പുള്ളിപ്പുലി, ചെന്നായ്ക്കൾ തുടങ്ങിയവയുടെ ഭക്ഷ്യാവശ്യത്തിനായി കൊല്ലുന്ന മൃഗങ്ങളുടെയും വനത്തിൽ ചത്തുപോകുന്ന കന്നുകാലികളുടെയും അവശിഷ്ടങ്ങൾ ഭക്ഷിച്ചാണ് ഈ ചെറിയ കൂട്ടം കഴുകന്മാർ ഈ വനാന്തരങ്ങളിൽ അവശേഷിച്ചത്. കേരളത്തിൽ ഒരു കാലത്ത് നാട്ടിൻപുറങ്ങളിൽ പോലും കാണാമായിരുന്ന കഴുകന്മാരുടെ എണ്ണം കുറഞ്ഞുതുടങ്ങിയത് അവയുടെ ഭക്ഷണ ലഭ്യതയിലുണ്ടായ കുറവിനാലാണ്.
കന്നുകാലികളെ മനുഷ്യൻ തന്നെ ഭക്ഷണമാക്കുന്ന ശീലം വർധിച്ചതും ശുചിത്വബോധവും കേരളത്തിൽ കഴുകന്മാരുടെ എണ്ണം കുറയാൻ കാരണമായി. കന്നുകാലികളെ ഭക്ഷണമാക്കാൻ വരുമായിരുന്ന പുലി, കടുവ, ചെന്നായ്ക്കൾ എന്നിവയെ കൊല്ലുന്നതിനായി വനാതിർത്തികളിൽ താമസിച്ചിരുന്ന ജനവിഭാഗങ്ങൾ ചത്ത മൃഗങ്ങളിൽ മാരകവിഷം തളിച്ചത് വഴിയാണ് തെക്കൻ കേരളത്തിലെ കഴുകന്മാരിൽ ബഹുഭൂരിഭാഗത്തിനും വംശനാശമുണ്ടായതെന്ന് 2009ലെ പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്.
കേരളത്തിൽ ഇന്ന് ഇന്ത്യൻ വൾച്ചർ എന്നറിയപ്പെടുന്ന തവിട്ട് കഴുകന്മാർ അവശേഷിക്കുന്നത് വയനാട് വന്യജീവി സങ്കേതത്തിൽ മാത്രമാണ്. സങ്കേതത്തിലെ കുറിച്യാട്ട്, ബത്തേരി, തോൽപ്പെട്ടി എന്നീ റേഞ്ചുകളിൽ പന്ത്രണ്ടോളം കഴുകൻ കൂടുകൾ കഴിഞ്ഞ കുറച്ചുവർഷങ്ങളായി കണ്ടുവരുന്നുണ്ട്. എന്നാൽ 15 വർഷങ്ങൾക്ക് മുമ്പ് വന്യജീവി സങ്കേതത്തിൽ ഇരുപതിനടുത്ത് കഴുകൻ കൂടുകൾ ഉണ്ടായിരുന്നതായി എസ്. ഭാരതിദാസൻ പറയുന്നു.
•
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."