HOME
DETAILS
MAL
പെഗാസസ്: കേന്ദ്രത്തിന് നോട്ടിസ്
backup
August 18 2021 | 04:08 AM
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: പെഗാസസ് സോഫ്റ്റ്‌വേര്‍ ഉപയോഗിച്ചുള്ള ഫോണ്‍ചോര്‍ത്തല്‍ സംബന്ധിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഒരുകൂട്ടം ഹരജികള്‍ സുപ്രിംകോടതി ഫയലില്‍ സ്വീകരിച്ചു. ഇക്കാര്യത്തില്‍ വ്യക്തത തേടി കേന്ദ്രസര്‍ക്കാരിന് നോട്ടിസയച്ച കോടതി, പത്തുദിവസം കഴിഞ്ഞ് ഹരജിയില്‍ വീണ്ടും വാദംകേള്‍ക്കുമെന്നും അറിയിച്ചു.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍, എം.പിമാര്‍, ആക്ടിവിസ്റ്റുകള്‍, ചോര്‍ത്തലിന് ഇരയായവര്‍ എന്നിവര്‍ നല്‍കിയ ഹരജികള്‍ പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച്.
വിഷയത്തില്‍ സമിതി രൂപീകരിക്കണോ അതോ മറ്റ് നടപടികള്‍ വേണോയെന്ന് വിശദമായ വാദംകേള്‍ക്കലിന് ശേഷം തീരുമാനമെടുക്കാമെന്നും സുപ്രിംകോടതി അറിയിച്ചു.
ഫോണ്‍ചോര്‍ത്തിയോ ഇല്ലയോ എന്ന് വെളിപ്പെടുത്താനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നിലപാടെടുത്തു. പൗരന്മാരുടെ ഫോണ്‍ചോര്‍ത്തിയോ എന്ന് മാത്രമാണ് അറിയേണ്ടതെന്ന് ഇതിനോട് കോടതി പറഞ്ഞു. ഇതോടെ ഇതിനായി പ്രത്യേക സമിതി രൂപീകരിക്കാന്‍ അനുമതി നല്‍കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയോട് അഭ്യര്‍ഥിച്ചു.
കേന്ദ്രത്തിന് നോട്ടിസ് അയക്കുകയാണെന്നും നിങ്ങള്‍ കാര്യമായ മറുപടി നല്‍കുമെന്ന് കരുതിയെങ്കിലും ഒന്നും വന്നില്ലെന്നും സമിതി വേണോ വേണ്ടയോ എന്ന് പിന്നെ തീരുമാനിക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."