ആറ്റക്കോയ പള്ളിക്കണ്ടി പ്രവാസ എഴുത്തിന്റെ അരനൂറ്റാണ്ട്
ഫസീല മൊയ്തു
1970കളിലെ നന്നേ ദരിദ്രമായ കേരളത്തിന്റെ സാമൂഹിക പശ്ചാത്തലത്തിൽ നിന്ന് അന്യനാട്ടിലേക്ക് ഒഴുക്ക് തുടങ്ങുന്ന കാലത്താണ് ആറ്റക്കോയ പള്ളിക്കണ്ടിയും വിദേശരാജ്യത്തെ യാതന അനുഭവിക്കുന്നവരിലേക്ക് ഇറങ്ങിച്ചെല്ലുന്നത്. അതിജീവനത്തിന്റെ വഴികൾ തേടി കേരളത്തിൽ നിന്ന് ഗൾഫ് നാടുകളിലേക്ക് കുടിയേറി പാർക്കുന്നവർക്ക് വേണ്ടി കോഴിക്കോട്ടുകാരനായ ആറ്റക്കോയ പള്ളിക്കണ്ടി തന്റെ ജീവിതം തന്നെ ഉഴിഞ്ഞുവച്ചു. പേനയേന്തി കഴിഞ്ഞ അരനൂറ്റാണ്ടായി ആറ്റക്കോയ പട നയിക്കുകയാണ്. പ്രവാസ ജീവിതത്തിന്റെ ചൂടിൽ പെട്ടു അതിജീവിക്കാൻ പാടുപെട്ടിരുന്ന ഒരു സമൂഹത്തിനു അദ്ദേഹം പിന്നീട് കരുത്തായി മാറുകയായിരുന്നു.
1972ൽ നടന്ന ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നിന്നു വേണം ഇന്നും ആറ്റക്കോയയെക്കുറിച്ച് പറഞ്ഞു തുടങ്ങാൻ. ഗൾഫ് നാടുകളിലേക്ക് ജീവിതത്തിന്റെ തുരുത്ത് തേടിയിറങ്ങുന്ന യുവാക്കളായിരുന്നു അന്നത്തെ സ്ഥിരം കാഴ്ച. മതിയായ യാത്രാരേഖകളില്ലാതെ ലോഞ്ചുകളിൽ കയറിപ്പറ്റി അക്കരെയെത്താനുള്ള യുവാക്കളുടെ ശ്രമം പലപ്പോഴും പരാജയപ്പെട്ടിരുന്നു. അത്തരമൊരു യാത്രയുടെ പശ്ചാത്തലത്തിലായിരുന്നു ആറ്റക്കോയ പള്ളിക്കണ്ടി രംഗപ്രവേശനം നടത്തുന്നത്. കോഴിക്കോട്ടു നിന്നുള്ളതായിരുന്നു ആ യാത്ര. യു.എ.ഇയിലേക്കുള്ള ലോഞ്ചിൽ നാനൂറോളം മലയാളികൾ തൂങ്ങിപ്പിടിച്ചു കടൽ കടക്കാനുള്ള ശ്രമം നടത്തി. യു.എ.ഇ പൊലിസ് ലോഞ്ചുകൾ വളഞ്ഞു അവരെ ജയിലിലടച്ചു. രണ്ടു പത്തേമാരികളിലാക്കി നാട്ടിലേക്ക് പറഞ്ഞയച്ചെങ്കിലും പുറംകടലിൽ വെച്ച് പത്തേമാരികൾ തകർന്ന് നിരവധി പേർ മരിച്ചു. മരണപ്പെട്ടവരുടെ വീടുകളിൽ വിവരം അറിയിച്ചും ജയിലിലടച്ചവർക്ക് സാന്ത്വനമായും ആ പത്രപ്രവർത്തകൻ നിറഞ്ഞുനിന്നു. ജയിൽ മോചിതരായ മലയാളികൾക്ക് തൊഴിൽ വാങ്ങി നൽകിയതടക്കം ആറ്റക്കോയ പള്ളിക്കണ്ടിയുടെ ജീവിതത്തിൽ നിരവധി പൊൻതൂവലുകൾ സൃഷ്ടിക്കപ്പെട്ടു.
പ്രവാസം വെട്ടിയെടുത്ത
എഴുത്തിലേക്ക്
കോഴിക്കോട് പള്ളിക്കണ്ടിയിൽ ഒരു സാധാരണ കുടുംബത്തിലാണ് ആറ്റക്കോയ ജനിക്കുന്നത്. ദരിദ്രമായ കുടുംബ പശ്ചാത്തലത്തോട് പടവെട്ടി എഴുത്തുമേഖലയിൽ സ്വന്തം ഇടംകണ്ടെത്തുകയായിരുന്നു ആറ്റക്കോയ. പഠിക്കാനുള്ള സാമ്പത്തിക ശേഷി ഇല്ലാഞ്ഞിട്ടും പരിശ്രമത്തിലൂടെ കേരള ജേർണലിസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ബ്രിട്ടീഷ് ട്രാൻസ് വേൾഡ് കോളജിൽ നിന്നും ജേർണലിസത്തിൽ ബിരുദം കരസ്ഥമാക്കി.
മലയാള പത്രത്തിന്റെ ഗൾഫ് കറസ്പോണ്ടന്റായിരുന്ന ആറ്റക്കോയ പ്രവാസികളുടെ ദുരിതങ്ങൾ പുറംലോകത്തെത്തിക്കാൻ നിരവധി തവണ തന്റെ തൂലിക ചലിപ്പിച്ചു. ഗൾഫ് ജീവിതവുമായി ബന്ധപ്പെട്ട് പതിനഞ്ചോളം പുസ്തകങ്ങൾ അദ്ദേഹം രചിച്ചു. എണ്ണ, ഗൾഫിൽ ഇനിയെന്ത്, വിദേശ മലയാളികൾക്ക് ഒരു മാർഗരേഖ, മണൽക്കാടിന്റെ സംഗീതം, മരുഭൂമിയിലെ കിരണങ്ങൾ തുടങ്ങിയവ പ്രധാനപ്പെട്ട പുസ്തകങ്ങളാണ്. പുസ്തകങ്ങളിലൂടെയും ലേഖനങ്ങളിലൂടേയും ഒരു തലമുറയുടെ അതിജീവനത്തിനായി അരനൂറ്റാണ്ടായി ആറ്റക്കോയ നിലനിൽക്കുകയാണ്. ഈ സേവനത്തിന് സമൂഹം പലരീതിയിൽ അദ്ദേഹത്തോട് ആദരവ് പ്രകടിപ്പിച്ചിട്ടുമുണ്ട്.
1983ൽ സാംസ്ക്കാരിക, സാഹിത്യപ്രവർത്തനത്തിനുള്ള വി.കെ കൃഷ്ണ മേനോൻ അവാർഡും ഇന്റർനാഷനൽ തിയോസഫി സൊസൈറ്റി പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. 1989ൽ തൃശൂർ യൂനിവേഴ്സൽ ലിറ്റററി കൗൺസിൽ അവാർഡും 1991ൽ മധുര ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇന്റഗ്രേഷൻ കൗൺസിൽ ഫോർ വെൽഫെയർ ഓഫ് മൈനോരിറ്റീസിന്റെ തിരുവള്ളുവർ അവാർഡും ഡോ. ഹെർമൻ ഗുണ്ടർട്ട് അവാർഡും തേടിയെത്തി. മറ്റു നിരവധി അംഗീകാരവും ഗൾഫ് മേഖലയിലെ സേവനത്തെ തേടിയെത്തി.
ചന്ദ്രിക ദിനപത്രത്തിൽ ജോലി ചെയ്തിരുന്ന കാലത്തെ ഒരനുഭവത്തെക്കുറിച്ച് ആറ്റക്കോയ പള്ളിക്കണ്ടി പറഞ്ഞതിങ്ങനെയാണ്. ‘നോമ്പുകാലത്ത് ഭക്ഷണം കിട്ടാൻ നന്നേ പാടുപെടുമായിരുന്നു. കൈയിലാണെങ്കിൽ ഭക്ഷണത്തിന് പണവും ഉണ്ടാവില്ല. അന്നൊക്കെ നോമ്പുതുറക്കാനായി ചന്ദ്രികയുടെ ഓഫിസിൽ നിന്ന് പള്ളിക്കണ്ടിയിലെ പള്ളിയിലേക്ക് ഓടിയെത്തുമായിരുന്നു. നോമ്പുതുറന്ന് അതേ സ്പീഡിൽ തിരിച്ചോടുകയും ചെയ്യും’. അങ്ങനെ ജീവിക്കാനുള്ള നിർത്താതെയുള്ള ഓട്ടത്തെക്കുറിച്ചുള്ള ഓർമ്മകളായിരിക്കണം പള്ളിക്കണ്ടിയെ മറ്റുള്ളവരുടെ ഓട്ടത്തിന് കരുത്തുപകരാൻ പ്രേരിപ്പിച്ചത്. സ്വന്തം ജീവിതത്തിലെ കനത്ത അനുഭവങ്ങളായിരിക്കണം മറ്റുള്ളവരുടെ യാതനകൾ കാണാൻ ആറ്റക്കോയക്ക് ഉൾക്കാഴ്ച്ച നൽകിയത്.
വിശ്രമമില്ലാത്ത സംഘാടനം
അരനൂറ്റാണ്ടു കാലത്തെ സേവനം ആറ്റക്കോയയെ ഒരിക്കലും മടുപ്പിച്ചിട്ടില്ലെന്നതാണ് ഈ 73ാം വയസിലും തുടരുന്ന സംഘാടനവും സേവനവും. ഇന്തോ- അറബ് കോൺഫഡറേഷൻ കൗൺസിൽ ജനറൽ സെക്രട്ടറി, ഗൾഫ് ഇന്ത്യൻ കൾച്ചറൽ സെന്റർ പ്രസിഡന്റ്, പ്രവാസി വെൽഫെയർ ആന്റ് ഡവലപ്മെന്റ് റിഹാബിലിറ്റേഷൻ സെന്റർ ചെയർമാൻ, മഹാകവി ഉള്ളൂർ സ്മാരക സമിതി ചെയർമാൻ, ഗൾഫ് മലയാളി വെൽഫെയർ ഓർഗനൈസേഷൻ മുഖ്യ രക്ഷാധികാരി എന്നീ സ്ഥാനങ്ങൾ വഹിച്ച് കോഴിക്കോടിന്റെ മണ്ണിൽ ആറ്റക്കോയ ഇന്നും സജീവ സാന്നിധ്യമാണ്.
ഇമ്പിച്ചി പാത്തുമ്മാബിയാണ് ഭാര്യ. ഏക മകൾ ആബിദയെ മേപ്പയ്യൂരിലേക്കാണ് വിവാഹം കഴിച്ചിരിക്കുന്നത്. കല്ലായിൽ സ്ഥിര താമസമാക്കിയ ആറ്റക്കോയ പള്ളിക്കണ്ടി പ്രവാസ മേഖലയിൽ ഇന്നും കർമ്മനിരതനാണ്.
പ്രവാസികൾക്ക് വേണ്ടിയുള്ള പ്രവർത്തനത്തിന് ആദ്യഘട്ടത്തിൽ നന്നേ പ്രയാസപ്പെട്ടിരുന്നുവെങ്കിലും പിന്നീട് ബന്ധങ്ങൾ ഉണ്ടായതോടെ മുന്നോട്ടുപോകാൻ കഴിഞ്ഞെന്ന് ആറ്റക്കോയ പള്ളിക്കണ്ടി പറയുന്നു. ഒന്നും പെട്ടെന്ന് നേടാൻ കഴിയില്ല. നിരന്തര പരിശ്രമത്തിന്റേയും കഠിന പ്രയത്നത്തിന്റേയും ഭാഗമായാണ് ഓരോ നേട്ടവുമെന്ന് പറയുന്ന ആറ്റക്കോയ വലിയ പ്രതീക്ഷയോടെയാണ് ഇന്നും കർമമണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്നത്. ഇതുവരെ ചെയ്തതൊന്നുമല്ല, ഇനിയും ചെയ്യാനേറെയുണ്ടെന്ന നിശ്ചയദാർഢ്യമാണ് മുന്നോട്ട് നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞുനിർത്തുന്നു.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."