ദുരൂഹമായ മടങ്ങിവരവ്
കൃഷ്ണൻ ചേലേമ്പ്ര
വാര്‍ത്തയുടെ തലക്കെട്ട്: ‘കാണാതായ വിദ്യാര്‍ഥി ദുരൂഹ സാഹചര്യത്തില്‍ മടങ്ങിയെത്തി’.
രണ്ടു ദിവസം മുമ്പ് കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥി ദുരൂഹ സാഹചര്യത്തില്‍ വീട്ടില്‍ മടങ്ങിയെത്തിയെന്ന റിപ്പോര്‍ട്ടാണ് വായനക്കാരില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നത്. ദുരൂഹമായ സാഹചര്യത്തില്‍ കുട്ടികള്‍ അപ്രത്യക്ഷമാവുന്നത് സാധാരണമാണ്. ഇവിടെ തലക്കെട്ടില്‍ മാത്രമാണ് ‘ദുരൂഹമായ മടങ്ങി വരവെ’ങ്കില്‍ ദുരൂഹമെന്ന വാക്ക് സ്ഥാനം മാറിക്കിടന്നതാണെന്ന് ന്യായീകരിക്കാമായിരുന്നു. എന്നാല്‍ വാര്‍ത്തയില്‍ ‘ദുരൂഹമായ മടങ്ങി വരവ് ’ ആവര്ത്തിച്ചിരിക്കയാല് ആ ന്യായീകരണത്തിനു പ്രസക്തിയില്ല. വാര്‍ത്തയില്‍ കുട്ടിയുടെ മടങ്ങി വരവിനെപ്പറ്റി വ്യക്തമായി പറയുന്നുണ്ട്. അതില്‍ ദുരൂഹതയൊട്ടുമില്ല താനും. ലേഖകനെപ്പോലെ സഹപത്രാധിപരും ‘ദുരൂഹത’യില്‍ അഭിരമിച്ചതാണ് വായനക്കാര്‍ക്ക് ദുരൂഹമായിത്തോന്നുന്നത്.
വായനയെന്ന പീഡാനുഭവം
‘മൃതദേഹങ്ങള്‍ക്കായി ആഴങ്ങളിലേക്ക് മീരാന്കുട്ടി’ എന്ന ‘ഹ്യുമണ്‍ ഇന്ററസ്റ്റിങ് സ്റ്റോറി’ നാളുകള്‍ക്ക് മുമ്പ് പ്രധാന പത്രത്തില്‍ കാണുകയുണ്ടായി. മുങ്ങിമരണം തുടര്‍ക്കഥയായ മേഖലയില്‍ മീരാന്കുട്ടി എന്ന മനുഷ്യസ്നേഹി പ്രതിഫലേച്ഛ കൂടാതെ മൃതദേഹം തപ്പിയെടുക്കാന്‍ മുന്നിട്ടിറങ്ങുന്ന ‘കഥ’യാണിത്. ഇതിലെ ഒരു വാചകം: ‘ഊണും ഉറക്കവുമില്ലാതെ മീരാന്‍ കുട്ടി വെള്ളത്തിലേക്കു കുതിക്കും’. ഇതു വായിച്ചാല്‍ തോന്നുക കഥാപുരുഷന് ഊണും ഉറക്കവുമുപേക്ഷിച്ച് വീട്ടില്‍ അത്യാഹിതവും പ്രതീക്ഷിച്ചങ്ങനെ ഇരിക്കുകയാണെന്നല്ലേ? പക്ഷേ, വാസ്തവമെന്താണ്? ‘മൃതദേഹമെടുക്കാന്‍ വെള്ളത്തിലേക്ക് കൂപ്പുകുത്തിയാല്‍ പിന്നെ മീരാന്കുട്ടി ഊണും ഉറക്കവും മറക്കും’. ഇതാണ് ശരിയായ അവതരണ രീതി. പത്രവാര്‍ത്തകള്‍ക്ക് ആദ്യവായനയുടെ ആയുസ്സ് മാത്രമേ ഉള്ളുവെങ്കിലും ആ വായന പീഡാനുഭവമാക്കാതിരിക്കാന് ലേഖകനും പത്രാധിപര്‍ക്കും ബാധ്യതയുണ്ട്. പീഡാനുഭവത്തിന് മറ്റൊരു ദൃഷ്ടാന്തം:
‘കിണറ്റില്‍ വീണ് ഗുരുതരാവസ്ഥയില്‍ താലൂക്കാശുപത്രിയില്‍ കൊണ്ടുവന്ന മൂന്നു വയസ്സുകാരി ആശുപത്രിയില്‍ ഡോക്ടറില്ലാതിരുന്നതിനെ തുടര്‍ന്ന് യഥാസമയം ചികിത്സ കിട്ടാതെ മരിച്ചു’. ഇതില്‍ ആശുപത്രിയില്‍, യഥാസമയം എന്നീ വാക്കുകള്‍ നിരര്ഥകമായാണ് പ്രയോഗിച്ചിരിക്കുന്നത്. ‘കിണറ്റില്‍ വീണ് ഗുരുതരാവസ്ഥയില്‍ താലൂക്കാശുപത്രിയില്‍ കൊണ്ടുവന്ന മൂന്നു വയസ്സുകാരി ഡോക്ടറില്ലാതിരുന്നതിനാല്‍ ചികിത്സ കിട്ടാതെ മരിച്ചു’. ലേഖകന്‍ ഉദ്ദേശിച്ചതെല്ലാം ഇതിലില്ലേ? താലൂക്ക് ആശുപത്രിയില്‍ കൊണ്ടുവന്നാല്‍ ഡോക്ടറില്ലാത്തത് അവിടെത്തന്നെയല്ലേ? അതുകൊണ്ടു തന്നെയല്ലേ ‘യഥാസമയം’ ചികിത്സ കിട്ടാതെ വന്നതും? ആശുപത്രിയില്‍, യഥാസമയം എന്നിവ ഒഴിവാക്കിയപ്പോള്‍ വാര്‍ത്തയ്ക്ക് ഒരു ‘പിരിമുറുക്കം’ തോന്നുന്നില്ലേ?
മേമ്പൊടിയാവാം; അതിരു വിടരുത്
വാചകക്കസര്‍ത്തിനുള്ള വേദിയല്ല വാര്‍ത്തയെഴുത്ത്. പറയാനുള്ളത് മേദസ്സിന്റെ അംശമില്ലാതെ എഴുതി ഫലിപ്പിക്കുന്നതാണ് റിപ്പോര്‍ട്ടറുടെ മിടുക്ക്. കൈയൊതുക്കമെന്നും പറയാം. എങ്കിലും ആഘോഷ പരിപാടികളെപ്പോലുള്ള വാര്‍ത്തകളില്‍ അല്പസ്വല്പം സാഹിത്യത്തിന്റെ മേമ്പൊടിയാവാം. പക്ഷേ, അതും അധികമായാല്‍ അരോചകമാവും. ഉദാഹരണം:
റമദാന് വ്രതാരംഭത്തെക്കുറിച്ചുള്ള വാര്‍ത്തയിലെ ഒരു വാചകം നോക്കുക: ‘ഉറങ്ങാന്‍ മറന്നുപോകുന്ന രാവുകളില്‍ നമസ്കാര സമുച്ചയങ്ങള്‍ നീന്തി നടക്കും’.
വിഭിന്ന വസ്തുക്കളുടെ കൂട്ടത്തെയാണ് സമുച്ചയം എന്നു പറയുക. ഇവിടെ നമസ്കാര സമുച്ചയങ്ങള്‍ (സമുച്ചയങ്ങള്‍ എന്ന പ്രയോഗം തന്നെ തെറ്റ്, സമുച്ചയം എന്നു മതി) അങ്ങനെ നീന്തി നടക്കുകയാണത്രേ. എത്ര തന്നെ ശ്രമിച്ചിട്ടും ആ രംഗം ഭാവനയില്‍ കാണാനാവുന്നില്ല. എന്താണ് ‘നമസ്കാര സമുച്ചയം’ കൊണ്ട് ലേഖകന്‍ ഉദ്ദേശിച്ചത്? മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസിലെ കുളത്തില്‍ വിയറ്റ്നാം താറാവുകള്‍ നീന്തി നടക്കുന്നതിനെക്കുറിച്ച് മുമ്പൊരിക്കല്‍ വായിച്ചിരുന്നു. അതുപോലെ നമസ്കാര സമുച്ചയമങ്ങനെ നീന്തി നടക്കുക. എന്തുമാത്രം വികലമായ പ്രയോഗം! ഇതേ സൃഷ്ടിയിലെ മറ്റൊരു വാചകം:
‘പ്രവാചക പ്രഭുക്കളുടെ പാദസ്വര്ഗങ്ങളേറ്റ മണലാരണ്യങ്ങള്‍...’ കണ്ണു തിരുമ്മി ഒരാവര്‍ത്തി കൂടി വായിച്ചു. പാദസ്പര്ശമെന്നോ മറ്റോ ആയിരിക്കും. അല്ല, പാദസ്വര്ഗങ്ങള് തന്നെ. ഇതെന്തൊരു സ്വര്‍ഗം?
നെടുമ്പാശ്ശേരിയിലെത്തിയ
യാത്രക്കാരന്
വാര്‍ത്തയുടെ ഇന്ട്രോയില് ഔചിത്യബോധമില്ലായ്മ പ്രകടമാകുന്നതിന്റെ ഉദാഹരണമിതാ: ‘നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ മഹാരാഷ്ട്ര സ്വദേശിയായ ഒരു യാത്രക്കാരന് കാറില്‍ സഞ്ചരിക്കുന്നതിനിടെ മറ്റൊരു വാഹനത്തിലെത്തിയ അഞ്ചംഗ സംഘം 17 കിലോ തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ പെട്ടി തട്ടിക്കൊണ്ടുപോയതായി പരാതി’. വൃഥാസ്ഥൂലത മുഴച്ചു നില്ക്കുന്നു ഈ വാചകത്തില്‍. എയര്‍പോര്‍ട്ട്, ഒരു യാത്രക്കാരന്, മറ്റൊരു വാഹനം, അടങ്ങിയ പെട്ടി തുടങ്ങി അനാവശ്യമായ ഒട്ടേറെ വാക്കുകള്‍ ഈ വാചകത്തിലുണ്ട്.
‘നെടുമ്പാശ്ശേരിയില്‍ വന്നിറങ്ങിയ മഹാരാഷ്ട്ര സ്വദേശി കാറില്‍ സഞ്ചരിക്കവേ പിന്തുടര്ന്നെത്തിയ അഞ്ചംഗസംഘം 17 കിലോ തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങള്‍ തട്ടിക്കൊണ്ടു പോയി’. ഈ വാചകത്തില്‍ വാര്‍ത്തയുടെ എല്ലാ സത്തും അടങ്ങിയിരിക്കുന്നു. നെടുമ്പാശ്ശേരിയില്‍ എന്നെഴുതിയാല്‍ എയര്‍പോര്‍ട്ടു തന്നെയെന്നു വ്യക്തം. എയര്‍പോര്‍ട്ടില്‍ വരുന്നതു യാത്രക്കാരന് തന്നെയായിരിക്കുമല്ലോ. മറ്റൊരു വാഹനത്തില്‍ വന്നാല്‍ മാത്രമല്ലേ കാറിനെ പിന്തുടരാനാവൂ. ആഭരണം പെട്ടിയിലോ സഞ്ചിയിലോ എന്നത് വായനക്കാരന് അറിയേണ്ടതില്ല. ഇനി അത് എഴുതിയേ പറ്റൂ എന്നുണ്ടെങ്കില്‍ ‘ഇന്‍ട്രോ’ ശേഷമായാലും മതി.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."