പൊലിസിനെതിരേ ആത്മഹത്യാക്കുറിപ്പെഴുതി ഗൃഹനാഥന് ജീവനൊടുക്കി
ഹരിപ്പാട്: പൊലിസിനെതിരേ ആത്മഹത്യാക്കുറിപ്പെഴുതിവച്ചശേഷം ഗൃഹനാഥന് ജീവനൊടുക്കി. കാര്‍ത്തികപ്പള്ളി മുളമൂട്ടില്‍ തെക്കതില്‍ കൃഷ്ണകുമാറി(48)നെ ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
മരുമകളെ ശല്യം ചെയ്തയാള്‍ക്കെതിരേ പരാതി നല്‍കിയതിന് പൊലിസ് വീട്ടില്‍ക്കയറി ഭീഷണിപ്പെടുത്തിയെന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. മുഖ്യമന്ത്രിക്കും ബന്ധുക്കള്‍ക്കും വെവ്വേറെ കത്തുകള്‍ എഴുതിവച്ചിരുന്നു. മരുമകളെ പ്രദേശവാസിയായ ഉണ്ണി ഫോണിലൂടെയും നേരിട്ടും ശല്യം ചെയ്തിരുന്നു. ഇതിന് തൃക്കുന്നപ്പുഴ പൊലിസില്‍ പരാതി നല്കി. എന്നാല്‍, പരാതി നല്കി അഞ്ചുദിവസമായിട്ടും നടപടിയുണ്ടായില്ല. അതേസമയം, കൃഷ്ണകുമാര്‍ വീട്ടില്‍ക്കയറി ഭീഷണിപ്പെടുത്തിയെന്ന ഉണ്ണിയുടെ പരാതിയില്‍ അഡിഷണല്‍ എസ്.ഐ കുഞ്ഞുമോന്റെ നേതൃത്വത്തില്‍ പൊലിസ് വീട്ടിലെത്തി. മകനെ കേസില്‍ക്കുടുക്കി മര്‍ദിക്കുമെന്ന് മുന്നറിയിപ്പു നല്കി. മരുമകളെ ശല്യംചെയ്തയാള്‍ വടിവാളുമായി രാത്രി വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും കത്തില്‍ പറയുന്നുണ്ട്. തന്റെ മരണത്തിന് എ.എസ്.ഐയും ഉണ്ണിയുമാണ് ഉത്തരവാദിയെന്നും കത്തില്‍ പറയുന്നു. തന്റെ ആത്മഹത്യ കൊണ്ട് കുടുംബത്തിനു മേലുള്ള പ്രശ്നങ്ങള്‍ അവസാനിക്കട്ടെയെന്നു പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്. ഒരു കത്ത് വീടിന്റെ ഭിത്തിയിലും മറ്റൊരെണ്ണം, കട്ടിലിനടിയിലുമാണ് സൂക്ഷിച്ചിരുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി എത്തിയ പൊലിസ് ഭിത്തിയില്‍ ഒട്ടിച്ചിരുന്ന കത്ത് കീറിക്കളയാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."