30,000 ചതുരശ്ര കിലോമീറ്റർ കൺസർവേഷൻ ഏരിയ പ്രഖ്യാപിച്ച് സഊദി അറബ്യ
30,000 ചതുരശ്ര കിലോമീറ്റർ കൺസർവേഷൻ ഏരിയ പ്രഖ്യാപിച്ച് സഊദി അറബ്യ
റിയാദ്: രാജ്യത്ത് 30,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ കൺസർവേഷൻ ഏരിയ (സംരക്ഷണ മേഖല) സ്ഥാപിക്കുമെന്ന് സഊദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അറിയിച്ചു. മക്ക, അസീർ, ജസാൻ മേഖലകളെ ഉൾപ്പെടുത്തിയാണ് കൺസർവേഷൻ ഏരിയ സൃഷ്ടിക്കുക. ലോകമെമ്പാടും നേരിടുന്ന നിരവധി പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് രാജ്യത്തിന്റെ ഈ ഇടപെടൽ എന്ന് മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു.
2021 ൽ പ്രഖ്യാപിച്ച സഊദി അറേബ്യയുടെ ഹരിത സംരംഭത്തിൽ സംരക്ഷണ മേഖല ഒരു പ്രധാന പങ്ക് വഹിക്കും. ആകെ 30,152 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്നതാകും കൺസർവേഷൻ ഏരിയ.
പാരിസ്ഥിതിക സന്തുലിതാവസ്ഥ കൈവരിക്കാൻ സഹായിക്കുന്നതിന് സഊദി അറേബ്യയുടെ പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുകയും നിലനിർത്തുകയും ചെയ്യുമെന്ന് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. ഇമാം ഫൈസൽ ബിൻ തുർക്കി റോയൽ റിസർവ് എന്ന ഏറെ പ്രധാനമുള്ള സംരക്ഷണ മേഖല രാജ്യത്തിന്റെ കരുതലിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ ഭൂമിയുടെ സവിശേഷതയായ കഴിവുകൾ, സമ്പത്ത്, പ്രകൃതിദത്ത സൈറ്റുകൾ എന്നിവ സംരക്ഷിക്കുന്നതിനും വിവിധ മേഖലകളിലെ ശാസ്ത്ര ഗവേഷണങ്ങളെ പിന്തുണയ്ക്കുന്നതിനും ടൂറിസം, വിനോദ മേഖലയെ ശക്തിപ്പെടുത്തുന്നതിനും ഇത് ലഭ്യമായ അവസരങ്ങൾ വർദ്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ സംരംഭത്തിന്റെ ഭാഗമായി സഊദി അറേബ്യയിലെ സംരക്ഷിത പ്രദേശങ്ങളുടെ ശതമാനം അതിന്റെ മൊത്തം ഭൂവിസ്തൃതിയുടെ 30 ശതമാനത്തിലേറെയായി ഉയർത്തും. ഇത് ആഗോള ലക്ഷ്യമായ 17 ശതമാനത്തേക്കാൾ വളരെ കൂടുതലാണ്. വരും ദശകങ്ങളിൽ 10 ബില്യൺ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതും പദ്ധതിയിൽ ഉൾപ്പെടും. ഭൂമിയുടെയും ആവാസ വ്യവസ്ഥകളുടെയും നാശം കുറയ്ക്കുന്നതിനുള്ള ആഗോള ലക്ഷ്യത്തിന്റെ നാല് ശതമാനത്തിലധികം രാജ്യത്ത് സ്ഥാപിക്കുമെന്നും രാജകുമാരൻ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."