സ്വത്വ പ്രതിസന്ധി
കഥ
ഗഫൂർ കൊടിഞ്ഞി
മൂർച്ചയുള്ള മാരകായുധം പോലെയാണയാൾ തൂലിക പിടിച്ചിരുന്നത്. ഒരു ഭ്രാന്തന്റെ മട്ടും ഭാവവുമുണ്ടായിരുന്നു ആ മുഖത്തിന്. അസ്വസ്ഥതയുടെ പാരമ്യതയിൽ ആ ചുണ്ടുകൾ എന്തൊക്കെയോ പിറുപി റുക്കുന്നുണ്ട്. സ്ഥലകാല ബോധം പോലും നഷ്ടപ്പെട്ട പ്രതീതി. ഭാര്യ ഇതെല്ലാം കാണുന്നുണ്ട്. അവൾക്ക് അയാളെ ആശ്വസിപ്പിക്കണമെന്നുമു ണ്ടായിരുന്നു. പക്ഷേ...
ഈയിടെയായി എഴുത്തുമേശക്ക് മുന്നിലിരിക്കുമ്പോൾ എന്നും അങ്ങനെയാണ്. മുമ്പൊന്നുമില്ലാത്ത ചില പ്രതിസന്ധികൾ അയാളെ വന്നുമൂടുന്നു. എങ്കിലും വൃഥാവ്യായാമം പോലെ അയാൾ നിത്യവും ഈ സാധന തുടർന്നുകൊണ്ടേയിരിന്നു.
ഇടയ്ക്കു വന്ന് എത്തിനോക്കുന്ന കഥാപാ ത്രങ്ങളെ അയാൾ ഒരുതരം പകയോടെ നോക്കി. തൃപ്തിവരാതെ, ആ പേരുകൾ സ്ഥിരത നഷ്ടപ്പെട്ട മാനസിക രോഗിയെപ്പോലെ പുലമ്പിക്കൊണ്ട് നിഷ്കരുണം വെട്ടിമാറ്റി.
ഇപ്പോൾ, എന്തിനോടും ഒരുതരം അവജ്ഞയാണയാൾക്ക്. ആ സ്വഭാവത്തിൽ പോലും എന്തൊക്കെയോ മാറ്റം. മുന്നിലെ എഴുതി ചുരട്ടിയെറിഞ്ഞ കടലാസുകൂനയിലേക്ക് പകയോടെ നോക്കി കുഴഞ്ഞുമറിഞ്ഞ ചിന്തകളുമായി അയാൾ ഇരിക്കാൻ തുടങ്ങിയിട്ട് മണിക്കൂറുകളായി.
ആദ്യമൊന്നും ഇത്തരം ഒരു പ്രതിസന്ധി ഇല്ലായിരുന്നു. എഴുത്തിന്റെ ഓരോ ഘട്ടത്തിലും, അതിന്റെ ഉൾക്കാമ്പുകൾ അയാൾ അവളുമായി പങ്കുവച്ചിരുന്നു. ചിലപ്പോൾ അവളുടെ നിർദേശങ്ങൾ പോലും അയാൾ നരേഷനിൽ പരിഗണിച്ചിരു ന്നു. ഇന്നിപ്പോൾ അവളോട് പോലും കൃത്യമായി സംസാരിക്കാൻ അയാൾ ഭയപ്പെടുന്നു. പഴയ സൗഹൃദങ്ങൾ പലതും കണ്ണിയറ്റു. വളരെ ഹൃദയം തുറന്നു സംസാരിച്ചിരുന്ന സ്നേഹിതന്മാരുടെ മുഖത്ത് നോക്കുമ്പോൾ പോലും അപകർഷത തോന്നുന്നു.
മുമ്പൊക്കെ ആഴ്ചയിൽ നാലോ അഞ്ചോ കഥകൾ എഴുതിയിരുന്നു. അന്ന് ആനുകാലികങ്ങൾ അയാളുടെ കഥകൾ അഭിമാനമായി കരുതിപ്പോന്നു. തന്റെ സർഗാത്മകതയുടെ ആഴവും പരപ്പും കണ്ട് പല എഴുത്തുകാരും അന്ന് അസൂയ പൂണ്ടിട്ടുണ്ട്. പത്രാധിപന്മാർ തന്റെ കഥക്കുവേണ്ടി വരിനിന്ന നാളുകൾ അയാളിൽ തെളിഞ്ഞു.
ഒരിക്കൽ ഒരു പത്രാധിപർ ചോദിക്കുക തന്നെ ചെയ്തു. ‘താങ്കളുടെ കഥകളുടെ വ്യതിരിക്തത ഒന്നു വേറെത്തന്നെയാണ്. ഇത്ര ജീവസ്സുറ്റ കഥാപാത്രങ്ങൾ താങ്കൾക്ക് ലഭിക്കുന്നതെവിടെ നിന്നാണ് ?’
അയാൾ ഒന്നു ചിരിക്കുകമാത്രം ചെയ്തു. പത്രാധിപരുണ്ടോ അറിയുന്നു, തനിക്കുള്ളിൽ ആശയങ്ങളുടെയും അനുഭവങ്ങളുടെയും ഘോഷയാത്രയാണെന്ന്. ഒരു എഴുത്തുകാരനു വേണ്ട എല്ലാ മെറ്റീരിയലുകളാലും സമ്പന്നമാണ് ഇന്ന് നമ്മുടെ രാജ്യം. സർഗാത്മകതയുള്ള ഒരു പ്രതിഭക്ക് എഴുത്തുമേശയിൽ ഇരിക്കുകയേ വേണ്ടൂ, ചിന്തയുടെ നീരാവിയിൽ വെന്ത നല്ല സൃഷ്ടികൾ രൂപപ്പെടാൻ. ഡെസ്കിലിരുന്ന് പത്ര റിപ്പോർട്ടിങ്ങിൽ മാത്രംശ്രദ്ധയൂന്നുന്നവർക്ക് എന്തറിയാം!?
സമൂഹത്തിൽ അശരണരും ആലംബ
ഹീനരുമായ മനുഷ്യരുടെ നൂറുനൂറു പ്രശ്നങ്ങൾ... അവിടെ ചവിട്ടിയരക്കപ്പെടുന്ന മനുഷ്യാവകാശങ്ങൾ, തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന ശൈശവങ്ങൾ, മാതൃത്വത്തിന്റെ വിലാപങ്ങൾ, അധികാരത്തിനു വേണ്ടിയുള്ള വടംവലികൾ... എല്ലാം അയാളുടെ മസ്തിഷ്കങ്ങളെ അലോസരപ്പെടുത്തി.. അത്തരം സംഭവങ്ങളിലൂടെ മേഞ്ഞുനടന്ന അയാൾ ജീവനുള്ള നിരവധി കഥാപാത്രങ്ങൾക്ക് അക്ഷരരൂപം നൽകിയതിൽ അത്ഭുതമില്ല. അവ പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടുകളെ മാറ്റിമറിച്ചു. അയാളുടെ ഒരു സൃഷ്ടിക്ക് വേണ്ടി പ്രസിദ്ധീകരണങ്ങൾ കാത്തുകിടന്നു. തന്റെ പ്രസിദ്ധി കൂടിവരുന്നതിനനുസരിച്ച് അയാളുടെ ജീവിതനിലവാരവും ഉയർന്നുകൊണ്ടേയിരുന്നു. വാടകക്കെട്ടിടത്തിൽനിന്ന് വിടുതൽ നേടി പുതിയ വീട് പണിതു. സ്വന്തമായി വാഹനം വാങ്ങി. ആധുനിക ഗൃഹോപകരണങ്ങളാൽ വീടകം മോടിപിടിപ്പിച്ചു.
അങ്ങനെ ജീവിതരീതികളിൽ വന്ന മാറ്റം അയാളുടെ ചിന്തകളെയും സ്വാധീനിച്ചു. എന്നും നിരാലംബരും നിസ്സഹായരുമായ സമൂഹത്തിലെ അടിച്ചമർത്തപ്പെട്ടവർക്കു വേണ്ടി ശബ്ദിച്ച അയാൾ പതിയെ പ്രായോഗികതയിലേക്ക് വഴിമാറി. താഴെ തട്ടിലുള്ളവരോടുള്ള മാനസികമായ കാരുണ്യവും ദയയും അകന്നകന്ന് പോയി.
ഇപ്പോൾ മാസങ്ങളായി നല്ലൊരു കഥ എഴുതിയിട്ട്. എന്ത് സംഭവിച്ചു?, തന്റെ സർഗാത്മകത വറ്റിവരണ്ടുപോയോ? അതോ, വിഷയങ്ങൾക്ക് ദാരിദ്ര്യം വന്നോ? ഒരു പിടിയും കിട്ടുന്നില്ല. മുമ്പത്തെ പോലെയല്ല. ഇന്ന് കഥയെഴുതുമ്പോൾ അയാൾക്ക് പ്രശ്നങ്ങൾ ഏറെയാണ്. പലപ്പോഴും തന്റെ മുൻ കഥകളിലെ കഥാപാത്രങ്ങൾ അയാളെ വേട്ടയാടും. ചിലപ്പോൾ അവ അയാളെ പരിഹസിക്കും. ചില രാത്രികളിൽ സ്വന്തം കഥാപാത്രങ്ങൾ ഭീമാകാരം പൂണ്ട് അയാളുടെ നിദ്രക്ക് വിഘ്നം വരുത്തുംമട്ടിൽ അയാളെ ശ്വാസംമുട്ടിക്കും. അവരുടെ ചോദ്യശരങ്ങൾക്ക് മുന്നിൽ പലപ്പോഴും ഒരു പ്രതിക്കൂട്ടിലെന്നപോലെ അയാൾ തലകുനിച്ചുനിൽക്കും.
ഒരു രാത്രി കരാള സ്വപ്നത്തിന്റെ പിടിയിൽനിന്ന് മോചിതനാവാതെ അയാൾ ഉറക്കെ അലറുന്നതു കേട്ട് ഭാര്യ പോലും പേടിച്ചുവിറച്ചു. അവൾ കൊണ്ടുവന്ന ഫ്ലാസ്കിലെ വെള്ളം ഒറ്റയടിക്ക് അയാൾ കുടിച്ചുതീർത്തു. അവൾ പ്രാർഥനാ മുറിയിൽ കയറി പ്രസാദവുമായി വന്നു നെറ്റിയിൽ തൊടുവിച്ചു. രാമനാമം ചൊല്ലിക്കിടക്കാൻ ഉപദേശിച്ചു.
വല്ലാത്തൊരസ്ഥ തന്നെ. നിരപരാധികളായ ന്യൂനപക്ഷങ്ങളും കീഴാളരും തെരുവിലും ഗ്രാമങ്ങളിലും മരിച്ചുവീഴുമ്പോൾ ഒരുതരം നിസ്സംഗതയാണ് അയാൾക്കിപ്പോൾ. ഇതൊക്കെ ഇത്തരം ഒരു രാജ്യത്ത് നിസാര സംഭവങ്ങളല്ലേ എന്ന ലാഘ വത്വം അയാളെ വല്ലാതെ പിടികൂടിയിട്ടുണ്ട്.
തന്റെയുള്ളിൽ പൂട്ടിട്ട ആ വില്ലൻ കഥാപാത്രമാരാണ്? അയാൾ ആലോചിച്ച് തല പുകച്ചെങ്കിലും വ്യക്തമായ ഉത്തരം ലഭിച്ചില്ല. നന്മ നിറഞ്ഞ തന്റെ കഥാപാത്ര ശ്രേണിയിലേക്ക് ഒരു പ്രത്യേക ജാതി വിഭാഗങ്ങൾ കടന്നുവരുമ്പോൾ ഈയിടെയായി അയാളുടെ മനസ് അകാരണമായി അസ്വസ്ഥപ്പെടുന്നു. പശുവിന്റെ പേരിൽ കൊല ചെയ്യപ്പെട്ട ഒരു മുസ്ലിമിന്റെ നിസ്സഹായതയെക്കുറിച്ച് അയാൾ എഴുതാനിരുന്നു. പക്ഷേ, പത്രാധിപർ വരച്ച ചില ലക്ഷ്മണരേഖകൾ ഓർമ വന്നപ്പോൾ അത് ചവറ്റുകുട്ടയിലേക്കെറിഞ്ഞു.
അന്നയാൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. നേരം വെളുക്കുവോളം ആ നിസ്സഹായ നിലവിളി അയാളുടെ കർണങ്ങളിൽ അലോസരം സൃഷ്ടിച്ചു.
ചിന്തിച്ചിരിക്കെയാണ് പുതിയ സുഹൃത്തും അയൽവാസിയുമായ രാമചന്ദ്രൻ കയറി വരുന്നത്. രാമചന്ദ്രനെ അയാൾ ആദ്യമായി കണ്ടത് നഗരത്തിലെ സെമിനാറിന്റെ വേദിയിൽ വച്ചാണ്. ആ പരിപാടിയുടെ സംഘാടകരിൽ ഒരാളെന്ന നിലക്ക് രാമചന്ദ്രനുമായി പരിചയപ്പെട്ടു. തന്റെ പല അഭിപ്രായങ്ങളോടും രാമചന്ദ്രന് വിയോജിപ്പായിരുന്നു. എങ്കിലും അയാളുമായി ബോധപൂർവം അടുത്തതിനു കാരണമുണ്ട്. രാമചന്ദ്രന്റെ കാഴ്ചപ്പാടുകൾ തന്നോടുള്ള സഹവാസത്തിലൂടെ മാറ്റിയെടുക്കാം എന്നയാൾ കരുതി. പക്ഷേ, സംഭവിച്ചത് തിരിച്ചായിരുന്നു. പ്രായോഗിക ജീവിതത്തെക്കുറിച്ച് രാമചന്ദ്രന്റെ കാഴ്ചപ്പാടുകൾ ക്രമേണ കഥാകൃത്തിനെ സ്വാധീനിച്ചു. സമൂഹത്തിൽ അറിയപ്പെടുന്ന എഴുത്തുകാരനും ചിന്തകനുമെന്ന നിലക്ക് രാമചന്ദ്രന് അയാളോട് വലിയ ആരാധനയാണ്. സാഹിത്യകാരനെന്ന അഹംഭാവമൊന്നും അയാൾക്കില്ലായിരുന്നു. രാമചന്ദ്രൻ കയറിവന്നയുടൻ പതിവിൽ കവിഞ്ഞ സന്തോഷത്തിൽ അയാളെ ഓർമപ്പെടുത്തി: 'സർ ഇന്ന് വൈകുന്നേരത്തെ നമ്മുടെ ക്യാമ്പ് മറന്നോ. മുഖ്യ പ്രാസംഗികൻ സാറല്ലേ. ഉടനെ തന്നെ എത്തണം. സർ പ്രിപ്പേഡല്ലേ?ആര്യന്മാർ ഇവിടെ പ്രസരിപ്പിച്ച വെളിച്ചം തീർച്ചയായും പ്രബന്ധത്തിൽ വരണം'.
‘ഓ... സത്യം പറഞ്ഞാൽ ഞാനത് മറന്നിരുന്നു, തിസീസ് ഞാൻ എഴുതി വച്ചിട്ടുണ്ട് ’. ഓർമപ്പെടുത്തിയത് നന്നായി എന്ന മട്ടിൽ കസേരയിൽ നിന്നെണീറ്റ് അയാൾ എഴുതിക്കൊണ്ടിരുന്ന കടലാസു ചുരുട്ടിപ്പിടിച്ച് അലസമായി മുറ്റത്തേക്കിറങ്ങി. സത്യത്തിൽ കഥയെഴുതാനുള്ള കാത്തിരിപ്പിൽ അതെല്ലാം ചിന്തയിൽനിന്ന് മാഞ്ഞുപോയിരുന്നു.
അയാൾ കടലാസ് തൊടിയിലേക്ക് നീട്ടിയെറിഞ്ഞുകൊണ്ട് രാമചന്ദ്രനുമായി അല്പനേരം സൗഹൃദം പങ്കിട്ടു. കഥയെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും മറന്നു. ഒരു മിനുട്ട് എന്ന് പറഞ്ഞ് അയാൾ അകത്തുകയറി റഫറൻസ് നോട്ടുമായി തിരിച്ചുവന്ന് രാമചന്ദ്രന്റെ കൂടെ നടക്കുമ്പോൾ അസ്വസ്ഥനായിരുന്നു. സ്വന്തം ബോധ്യങ്ങൾക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കണമല്ലോ എന്ന ചിന്തയിൽ അയാളുടെ അകം നീറി. പക്ഷേ, രാമചന്ദ്രന്റെ ചടുലമായ സംസാരത്തിനിടക്ക് അയാൾ യാഥാർഥ്യത്തിലേക്ക് വന്നു.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."