'കൂട്ടിലടച്ച തത്തയെ തുറന്നുവിടൂ'; സി.ബി.ഐയ്ക്ക് സ്വയംഭരണം നല്‍കണമെന്ന് കേന്ദ്രത്തോട് മദ്രാസ് ഹൈക്കോടതി
ചെന്നൈ: പാര്‍ലമെന്റിന് മുന്നില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യുന്ന സ്വതന്ത്ര ഏജന്‍സിയായി സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനെ( സി.ബി.ഐ) മാറ്റണമെന്ന് മദ്രാസ് ഹൈക്കോടതി. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സി.ബി.ഐക്ക് അവകാശമുണ്ടെന്നും എന്നാല്‍ അതിനവര്‍ക്ക് സാധിക്കുന്നില്ലെന്നും കോടതി പറഞ്ഞു.
'പാര്‍ലമെന്റിനോട് മാത്രം ഉത്തരവാദിത്വമുള്ള ഇന്ത്യന്‍ കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന് സമാനമായി സി.ബി.ഐക്കും സ്വയംഭരണാവകാശം ഉണ്ടായിരിക്കണം എന്ന് കോടതി പറഞ്ഞു. ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ കൈകളിലെ പാവയായി സി.ബി.ഐ മാറി എന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്കിടെയാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.
തമിഴ്‌നാട്ടിലെ ചിട്ടി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന പൊതുതാല്‍പര്യ ഹരജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം.
നിയമാനുസൃത പദവി നല്‍കുമ്പോള്‍ മാത്രമേ ഏജന്‍സിയുടെ സ്വയംഭരണാവകാശം ഉറപ്പുവരുത്തുകയുള്ളൂ എന്ന് നിരീക്ഷിച്ച കോടതി, 'കൂടുതല്‍ അധികാരങ്ങളും അധികാരപരിധികളുമുള്ള നിയമാനുസൃത പദവി നല്‍കുന്ന ഒരു പ്രത്യേക നിയമം രൂപീകരിക്കുന്നത് പരിഗണിക്കണമെന്നും നിര്‍ദ്ദേശിച്ചു.
2013ല്‍ സുപ്രിംകോടതിയാണ് സി.ബി.ഐയെ കൂട്ടിലടച്ച തത്തയെന്ന് വിശേഷിപ്പിച്ചിരുന്നത്. അന്ന് പ്രതിപക്ഷത്തായിരുന്ന ബി.ജെ.പി, കോണ്‍ഗ്രസാണ് സി.ബി.ഐയെ നിയന്ത്രിക്കുന്നതെന്ന് വിമര്‍ശനമുന്നയിച്ചിരുന്നു.
1941ല്‍ സ്ഥാപിച്ച ഏജന്‍സി നിലവില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനു കീഴിലെ പഴ്‌സണല്‍ വകുപ്പിനു മുമ്പാകെയാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റീസ്, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ മൂന്നംഗ പാനലാണ് സി.ബി.ഐ ഡയറക്ടറെ തെരഞ്ഞെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."