ഡിപ്രഷൻ ഉണ്ടോ ? തിരിച്ചറിയാം പരിഹരിക്കാം
ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം
ഡോ. അനീസ് അലി
മനുഷ്യനിലെ ദൃശ്യമല്ലാത്ത സാന്നിധ്യമാണ് മനസ്. എന്നാൽ മനുഷ്യന്റെ ദൃശ്യമായ എല്ലാ പ്രവർത്തനങ്ങളുടേയും കടിഞ്ഞാൺ പിടിക്കുന്നത് മനസാണ്. എല്ലാ കാര്യങ്ങളുടേയും നിയന്ത്രണവും ഇതിന് തന്നെ. ഒക് ടോബർ 10 ലോക മാനസികാരോഗ്യ ദിനമാണ്. "മാനസികാരോഗ്യം ആഗോള മനുഷ്യാവകാശം" എന്നതാണ് ഈ വർഷത്തെ മാനസികാരോഗ്യ ദിനം മുന്നോട്ടുവെക്കുന്ന സന്ദേശം. നമ്മുടെ ജീവിതത്തിൽ പല തരത്തിലുള്ള മുൻഗണനാ ക്രമങ്ങളുണ്ടാവും. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ നാം ചെയ്തു തീർക്കുന്ന കാര്യങ്ങൾ ഈ മുൻഗണനയുടെ അടിസ്ഥാനത്തിലാവും. കൃത്യാന്തര ബാഹുല്യങ്ങളുണ്ടെങ്കിലും നാം മുൻഗണന നിശ്ചയിച്ച കാര്യങ്ങൾ സമയവും ഊർജ്ജവും പണവും കണ്ടെത്തി നാം ചെയ്തു തീർക്കും. നമ്മുടെ ജീവിതത്തിൽ മാനസിക ആരോഗ്യത്തിന് നാം ഏതു തരത്തിലുള്ള പരിഗണനയാണ് നൽകിയിരിക്കുന്നത് എന്നത് വളരെ പ്രസക്തമായ ചോദ്യമാണ്.
പലതരത്തിലുള്ള തെറ്റിദ്ധാരണകളാണ് ഈ വികസിത കാലത്തും മാനസിക രോഗത്തെ കുറിച്ച് സമൂത്തിൽ നിലനിൽക്കുന്നത്. വിദ്യാസമ്പന്നരായ വ്യക്തികളിൽ പോലും ഈ മുൻധാരണകളും തെറ്റായ കാഴ്ച്ചപ്പാടുകളുമുണ്ട്. അപ്പോൾ പിന്നെ മറ്റുള്ളവരുടേത് പറയേണ്ടതില്ലല്ലോ. ഭ്രാന്തിനുള്ള ചികിത്സ മാത്രമണ് പലർക്കും ഇപ്പോഴും മാനസിക രോഗ ചികിത്സ. സാധാരണക്കാരായ മനുഷ്യർക്ക് ഇതിന്റെ ആവശ്യമില്ലെന്ന ധാരണയാണ് ഇപ്പോഴും ഇവരെ ഭരിക്കുന്നത്. മാനസിക രോഗത്തിന് മരുന്നുകഴിക്കുകയോ എന്ന് ആശ്ചര്യപൂർവം ചോദിക്കുന്ന എത്രയോ രോഗികളേയും ബന്ധുക്കളേയും ഞാൻ ദിനേനെ കാണുന്നു. മനസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പരിഹാരത്തിന് മെഡിസിൻ ഫലം ചെയ്യുമോ എന്നാണ് അവരുടെ ചോദ്യം. മരുന്ന് നൽകിയാൽ തന്നെ കഴിക്കാൻ വിമുഖത കാണിക്കുന്നവരുണ്ട്. രോഗി അക്രമാസക്തമാവുന്ന അപൂർവം സന്ദർഭങ്ങളിൽ മാത്രം നൽകുന്ന മയക്കത്തിനുള്ള മരുന്നുകളെ കുറിച്ച് തെറ്റിദ്ധരിച്ച് മനോരോഗ മരുന്നുകളെല്ലാം മയക്കത്തിനുള്ളതാണെന്ന് കരുതുകയും മനാസിക രോഗ ചികിത്സ ആഗ്രഹിക്കുന്നവരെ ഇതുപറഞ്ഞ ഭയപ്പെടുത്തുകയോ പിന്തിരിപ്പിക്കുകയോ ചെയ്യുന്നതും കാണാം. മരുന്നുകളുടെ പാർശ്വഫലങ്ങളെ കുറിച്ചുള്ള തെറ്റിദ്ധാരണ മാത്രം പ്രചരിപ്പിക്കുന്ന ചിലരെയും സമൂഹത്തിൽ കാണാം. ഇവരൊക്കെ ശരിക്കും ചെയ്യുന്നത് വലിയ സാമൂഹിക ദ്രോഹമാണെന്ന് തന്നെ പറയേണ്ടിവരും.
മാനസിക രോഗിയായവരോട് വിവേചനം കാണിക്കുന്ന സമൂഹമാണ് നമ്മുടേത്. അവരെ ചേർത്തു നിർത്തുകയും മതിയായ ചികിത്സ നൽകുകയും ചെയ്യുന്നതിനു പകരം അവരേ ഒറ്റപ്പെടുത്തി മാറ്റി നിർത്തി അവരുടെ രോഗം മൂർച്ചിക്കാനുള്ള അവസരമുണ്ടാക്കുന്ന സമീപനം പലരും പുലർത്തുന്നത് കാണാം. മാനസിക രോഗികൾക്ക് വലിയ പിന്തുണ നൽകേണ്ടതുണ്ട്. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അവരുമായ ഇടപെടുന്നവർക്കും ഇതിൽ വലിയ പങ്കുണ്ട്. തങ്ങളുടെ ചുറ്റുമുള്ളവർ അസ്വാഭാവികമായി പെരുമാറുകയോ അസ്വസ്ഥത പ്രകടിപ്പിക്കുകയോ ചെയ്യുമ്പോൾ അതിനെ കുറിച്ച് ആലോചിക്കുകയും അന്വേഷിക്കുകയും ആവശ്യമെങ്കിൽ ചികിത്സ നൽകാനുള്ള സംവിധാനം ഒരുക്കുകയും വേണം. ഇതു നമ്മുടെ സാമൂഹിക ബാധ്യതയാണ്. ഇതിനു പകരം അവരെ കുറ്റപ്പെടുത്തുകയും നിരന്തരം ആക്ഷേപിക്കുകയും ചെയ്യുക വഴി പ്രശ്ലം കലുഷിതമാവുകയാണ് ചെയ്യുക. മക്കളിൽ ഏതെങ്കിലും തരത്തിലുള്ള അസാധാരണമായ സ്വഭാവ ഭാവ മാറ്റങ്ങൾ പ്രകടമായാൽ അതിന്റെ കാരണം കണ്ടെത്തി പിന്തുണ നൽകേണ്ട ബാധ്യത മതാപിതാക്കൾക്കുണ്ട്. മനുഷ്യ ശരീരത്തിലുണ്ടാവുന്ന പല രോഗങ്ങളേയും പ്രതിരോധിച്ചു നിർത്തുന്നതും കലശലാക്കുന്നതും മനസ്സിന്റെ ഇടപെടലായിരിക്കും. മനക്കരുത്ത് കൊണ്ട് വലിയ രോഗങ്ങളെ തോൽപിച്ച മനുഷ്യരുടെ വീര കഥകൾ നാം കേൾക്കാറുണ്ട്. വൈദ്യ ലോകം അതിജയിക്കില്ലെന്നു വിധി എഴുതിയ രോഗങ്ങളെ വരെ മാനിസക പ്രതിരോധം കൊണ്ട് കീഴ്‌പെടുത്തിയവരുടെ ജീവിതം നാം മനോഹരമായി കാണാറുണ്ട്. എന്നാൽ നാം നമ്മുടെ ജീവിതത്തിൽ മാനസിക രോഗങ്ങൾക്കും മാനസിക ആരോഗ്യത്തിനും ശാരീരിക ആരോഗ്യത്തെ പോലെ മുൻഗണ നൽകാറുണ്ടോ എന്ന ചോദ്യത്തിന് ബഹുഭൂരിപക്ഷം പേരുടേയും ഉത്തരം ഇല്ല എന്നായിരിക്കും. എന്നാൽ നാം ശാരീരിക ആരോഗ്യത്തെ പോലയോ അതിനേക്കാൾ മുകളിലോ പരിഗണിക്കേണ്ടത് മാനസിക ആരോഗ്യമാണെന്ന തിരിച്ചറിവിലേക്ക് നമ്മുടെ സമൂഹം ഇനിയും എത്തിച്ചേരേണ്ടതുണ്ട്.
ഈ രീതിയിൽ നമ്മുടെ ജീവിതത്തിന്റെ മുൻഗണനയിലേക്ക് മാനസിക ആരോഗ്യം കടന്നുവരേണ്ടത് എറ പ്രധാനമാണ്. അതിനാലാണ് മാനസികാരോഗ്യം മനുഷ്യാവകാശം എന്ന പ്രമേയം തന്നെ ഈ തവണ മുന്നോട്ട് വെക്കുകന്നത്.
ഡിപ്രഷൻ ഒരു മാനസിക രോഗമായി കാണുകയും അതിന് ചികിത്സ തേടുകയും ചെയ്യുന്നവർ സമൂഹത്തിൽ അധികരിച്ചിട്ടുണ്ട്. എന്നത് ശരിയാണ്. എന്നാൽ ഡിപ്രഷൻ ആണ് പോലും തിരിച്ചറിയാതെ നരകജീവിതം നയിക്കുന്നവർ നമുക്ക് ചുറ്റും ഇപ്പോഴും എത്രയോ പേരുണ്ട്. അവരുടെ രോഗം തിരിച്ചറിയാനും ചികിത്സ ലഭ്യമാക്കാനും അവരുടെ ചുറ്റുമുള്ളവർക്ക് കഴിയുന്നുമില്ല. ഉറക്കമില്ലായ്മ, വിശപ്പ് കുറവ്, എല്ലാത്തിനോടുമുള്ള താത്പര്യക്കുറവ്, ദേഷ്യം, കുറ്റബോധം, പ്രതീക്ഷയില്ലായ്മ എന്നവിയാണ് ഡിപ്രഷന്റെ അടയാളങ്ങൾ. നിങ്ങളിലോ നിങ്ങളുമായി ബന്ധപ്പെട്ടവരിലോ ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ അവരെ കുറ്റപ്പെടുത്തുന്നതിനു പകരം ചികിത്സ ലഭ്യമാക്കാനുള്ള ശ്രമം നടത്തുകയാണ് വേണ്ടത്. ഹൃദ്യോഗ ചികിത്സക്കായി എത്തുന്ന ഡോക്ടർ ചോദിക്കുന്ന ചോദ്യങ്ങളിൽ ആദ്യത്തേത്,ടെൻഷൻ, ജോലിസമ്മർദ്ദം, മാനസിക പിരിമുറക്കം എന്നവ ഉള്ള വ്യക്തിയാണോ എന്നാണ്. കാരണം മനുഷ്യന്റെ വളരെ പെട്ടെന്നുള്ള മരണത്തിലേക്ക് എത്തിക്കുന്ന ഹൃദ്യോഗത്തിനും അറ്റാക്കിനും വരെ മാനസിക രോഗം കാരണമാകുമെന്നതാണ് സത്യം.
മാനസിക രോഗത്തിൽ പലതും സൈക്യാട്രിക് ചികിത്സ കൊണ്ട് ഭേദമാവുന്നതാണ്. ശാരീരിക രോഗ ശമനത്തിന് ഉപയോഗിക്കുന്ന മരുന്നുകളെ പോലെ മാനസിക രോഗ ശമനത്തിനും ഫലപ്രദമായ മരുന്നുകളുണ്ട്. മിക്ക രോഗങ്ങളും ഇത്തരത്തിലുള്ള ചികിത്സ കൊണ്ടും മരുന്നുകൾ കൊണ്ടും ഭേദമാവും. ദീർഘ നാൾ തുടർച്ചയായി മരുന്നുകൾ ഉപയോഗിക്കേണ്ടിവരുന്നത് വളരെ കുറഞ്ഞ രോഗങ്ങൾക്ക് മാത്രമാണ്. ആളുകൾക്കനുസരിച്ച് മാനസിക രോഗങ്ങളുടേയും അസ്വസ്ഥതകളുടേയും രീതികളിലും ശമന മാർഗങ്ങളിലും മാറ്റമുണ്ടാവും. ചിലർ വളരെ പെട്ടെന്ന് തകർന്ന് പോവും. മറ്റു ചിലർ ഒരു പരിധി വരെ പിടിച്ചു നിൽക്കും. അതിനാൽ രോഗിയുടെ മാനസിക നിലയറിഞ്ഞു വേണം ചികിത്സ നടത്താൻ. സ്വയം ചികിത്സ ഇതിനു ഫലപ്രദമല്ല. മനസിനെ അപഗ്രഥിക്കാനും വായിക്കാനും കഴിവുള്ള വിദഗ്ധനായ ഒരു മാനസികാരോഗ്യ വിദഗ്ധനു മാത്രമേ മികച്ച ചികിത്സ നൽകാൻ കഴിയുകയുള്ളൂ.
ഡോ. അനീസ് അലി
(വിദേശ രാജ്യങ്ങളിലുൾപടെ കൺസൽട്ടിംങ് നടത്തുന്ന പ്രമുഖ മനോരോഗ വിദ്ഗധനാണ് ലേഖകൻ)
Content Highlights: Do you have depression Identify and fix
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."