ഫലസ്തീനികളെ ഉപദേശിക്കുന്നവര്‍ക്ക് അറിയുമോ ഇസ്രായേല്‍ കൊന്ന റെയ്ച്ചല്‍ കൊറിയെയും ഷിറിന്‍ ആഖിലയെയും
ഗസ്സ: ഇസ്രായേലും ഹമാസും തമ്മില്‍ പൊരിഞ്ഞ യുദ്ധം നടക്കുമ്പോള്‍ സ്ത്രീകളോടുള്ള പെരുമാറ്റത്തെക്കുറിച്ച് ഫലസ്തീനികളെ ഓര്‍മിപ്പിക്കുന്നവര്‍ക്ക് അറിയുമോ, ഇസ്രായേല്‍ സൈന്യം വെടിവച്ചുകൊന്ന ഷിറിന്‍ അബൂ ആഖിലയും ബുള്‍ഡോസര്‍ കയറ്റിക്കൊലപ്പെടുത്തിയ റെയല്‍ കൊറിയും എന്ന അമേരിക്കന്‍ സ്ത്രീകളെ. ഫലസ്തീനികളെ കുടിയിറക്കുന്നതിനെതിരായ പ്രതിഷേധത്തിനിടെയാണ് റെയ്ച്ചല്‍ കൊറി എന്ന 23 കാരിയായ യു.എസ് വിദ്യാര്‍ഥിനി കൊല്ലപ്പെട്ടത്. അധിനിവേശത്തെക്കുറിച്ചുള്ള വാര്‍ത്ത റിപ്പോര്‍ട്ട്‌ചെയ്തുകൊണ്ടിരിക്കെയാണ് ഇസ്രായേലി സൈന്യം അല്‍ജസീറയുടെ 51 കാരിയായ ഫലസ്തീനി, യു.എസ് മാധ്യമപ്രവര്‍ത്തകയായ ഷിറീന്‍ ആഖിലയെ വെടിവച്ചുകൊന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇസ്രായേലിലേക്ക് കുടിയേറിപ്പാര്‍ത്ത് കൊണ്ടിരുന്ന ജൂത കുടിയേറ്റക്കാര്‍ക്ക് താമസസൗകര്യമൊരുക്കാന്‍ ഇടയ്ക്കിടെ ടാങ്കുകളുടെ അകമ്പടിയോടെ ഇസ്രായേലി സൈന്യം ബുള്‍ഡോസറുകള്‍ കൊണ്ട് ഫലസ്തീനികളെ കുടിയൊഴിപ്പിക്കുന്നത് 1948ന് ശേഷം പശ്ചിമേഷ്യയിലെ പതിവ് കാഴ്ചയാണ്. 2003 മാര്‍ച്ചിലും സയണിസ്റ്റ് ഭരണകൂടം ബുള്‍ഡോസറുകളും കൊണ്ട് ഫലസ്തീനി ഭൂമിക നിരപ്പാക്കി കൊണ്ടിരിക്കെയാണ് റെയ്ല്‍ച്ചല്‍ കൊറിയുടെ ഇടപടെലുണ്ടാകുന്നത്.
വീടുകള്‍, വ്യാപരസ്ഥാപനങ്ങള്‍… കെട്ടിടങ്ങളോരോന്നായി ഇടിച്ചുനിരപ്പാക്കി ഇസ്രായേല്‍ സൈന്യം സംഹാരതാണ്ഡവമാടുന്നത് നോക്കിനില്‍ക്കാനെ ഫലസ്തീനികള്‍ക്കായുള്ളൂ. എന്നാല്‍ ഈ അനീതി ചോദ്യംചെയ്യാന്‍ ഒരു കോളേജ് വിദ്യാര്‍ഥിനി തീരുമാനിക്കുകയായിരുന്നു. ഓറഞ്ച് വസ്ത്രമണിഞ്ഞ വിദ്യാര്‍ഥിനി ബുള്‍ഡോസറുകളെ വകവയ്ക്കാതെ മെഗാഫോണുമായി മുന്നില്‍നിന്ന് വിളിച്ചുപറഞ്ഞു, ഞാനൊരു അമേരിക്കക്കാരിയാണ്, ഈ അനീതി അനുവദിക്കാനാകില്ല. ഈ പാവങ്ങളുടെ വീട് പൊളിക്കുന്നതില്‍നിന്ന് നിങ്ങള്‍ പിന്‍മാറണം.
എന്നാല്‍ ബധിരകര്‍ണങ്ങളിലേക്കായിരുന്നു ആ പെണ്‍കുട്ടിയുടെ ആഹ്വാനം പോയത്. ബുള്‍ഡോസറിന് സമീപമുണ്ടായിരുന്ന സൈന്യം അവരോട് പിന്‍മാറാന്‍ ആവശ്യപ്പെട്ടെങ്കിലും വിദ്യാര്‍ഥിനി, അത് അവഗണിക്കാതെ എതിര്‍പ്പ് തുടര്‍ന്നു. ബുള്‍ഡോസര്‍ ആ പെണ്‍കുട്ടിക്ക് മുകളിലൂടെ കടന്നുരുണ്ട് മുന്നോട്ടുപോയി. നടക്കുന്നതെന്തെന്ന് കാണാന്‍പോലും കഴിയാതെ കണ്ണുപൊത്താനെ കൂടിനിന്നവര്‍ക്കായുള്ളൂ.
ശ്വാസംവിടാന്‍ പോലും കഴിയാതെ യു.എസ് വിദ്യാര്‍ഥിനി ബുള്‍ഡോസറിന്റെ ഉരുക്കു ബ്ലേഡിനിടിയില്‍പ്പെട്ട് ഞെരിഞ്ഞമര്‍ന്നു.
തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധത്തിലായി മൃതദേഹം.
ആ വിദ്യാര്‍ഥിനിയുടെ പേര് ഫലസ്തീന്‍ പോരാട്ട ചരിത്രത്തില്‍ എഴുതിവയ്ക്കപ്പെട്ടത് ഇങ്ങനെയാണ്,
റെയര്‍ച്ചല്‍ കൊറി: വയസ്സ് 23.
ഇന്റര്‍നാഷണല്‍ സോളിഡാരിറ്റി മൂവ്‌മെന്റ് പ്രവര്‍ത്തക.
സയണിസ്റ്റ് അധിനിവേശത്തിനെതിരായ പോരാട്ടത്തില്‍ യു.എസില്‍നിന്നുള്ള രക്തസാക്ഷി.
തലയോട്ടി തകര്‍ന്ന് മണ്ണില്‍ പതിഞ്ഞുപോയ ഇളംശരീരം കൂടെയുണ്ടായിരുന്നവര്‍ വാരിയെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും തല്‍ക്ഷണംമരിച്ചുപോയെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. തലയോട്ടിയും നെഞ്ചും തകര്‍ത്ത ക്ഷതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. വാഷിങ്ടണിലെ ഒളിമ്പിയ നഗരത്തിലെ എവര്‍ഗ്രീന്‍ സ്റ്റേറ്റ് കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്നു റേച്ചല്‍ കൊറി. റാഫയിലെ അഭയാര്‍ത്ഥി ക്യാമ്പിനെ തകര്‍ക്കുന്ന ഇസ്രായേല്‍ സൈന്യത്തിനെതിരേ മനുഷ്യമതില്‍ തീര്‍ക്കുന്നതിനായി സഹപ്രവര്‍ത്തകരായ എട്ട് പേരോടൊപ്പം ഗാസയിലെത്തിയതായിരുന്നു അവര്‍.
റേച്ചല്‍ കൊറിയുടെ ക്രൂരമായ കൊലപാതകം രാജ്യാന്തരതലത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചു. മാതാപിതാക്കള്‍ നിയമയുദ്ധത്തിനിറങ്ങി.
കൊലപാതകം പോലെ ക്രൂരമായിരുന്നു സംഭവത്തിലെ ഇസ്രായേലി സൈന്യത്തിന്റെ ന്യായം. ബുള്‍ഡോസറിന് മുന്നില്‍ റേച്ചല്‍ കൊറിയെ കണ്ടില്ലെന്നായിരുന്നു സൈന്യത്തിന്റെ അവകാശവാദം. എന്നാല്‍ സൈന്യത്തിന്റെ എല്ലാ വാദങ്ങളെയും കൂടെയുണ്ടായിരുന്നവര്‍ പൊളിച്ചടുക്കി. ആ സമയം റേച്ചല്‍ കൊറി ഉച്ചഭാഷണി ഉപയോഗിച്ചതും ഏത് പൊടിപടലം പിടിച്ച പ്രദേശത്തും ദൃശ്യം വ്യക്തമാകുന്ന ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിച്ച വിദ്യാര്‍ഥിനിയെ കാണാതിരിക്കാനാകില്ലെന്നുള്‍പ്പെടെ ആക്ടിവിസ്റ്റുകള്‍ ചൂണ്ടിക്കാട്ടി.
പ്രതീകാത്മകമായും പ്രതിഷേധ സൂചകമായും വെറും ഒരു ഡോളര്‍ മാത്രം നഷ്ടപരിഹാരം ആവശ്യപ്പെട്ട് റേച്ചലിന്റെ മാതാപിതാക്കള്‍ കോടതിയില്‍ കേസ് ഫയല്‍ചെയ്തു. ഇസ്രായേല്‍ ഭരണകൂടത്തിന് തെറ്റ് പറ്റിയെന്ന് ലോകത്തെ ബോധ്യപ്പെടുത്താനായിരുന്നു അത്. സംഭവം നടന്ന 9 വര്‍ഷം കഴിഞ്ഞ് ഇസ്രാഈല്‍ വിചാരണക്കോടതിയുടെ വിധി വന്നു.
അത് പക്ഷേ മറ്റൊരു അനീതിയായിരുന്നു.
കൊലപാതകത്തില്‍ സയണിസ്റ്റ് ഭരണകൂടത്തെയും സൈന്യത്തെയും കുറ്റവമുക്തമാക്കി കൊണ്ടായിരുന്നു വിധി. റേച്ചല്‍ കൊറി തന്നെയാണ് മരണത്തിന് ഉത്തരവാദിയെന്നും ഡ്രൈവര്‍ അവരെ കണ്ടില്ലെന്നും ജഡ്ജി വിധിയെഴുതി. മാധ്യമങ്ങള്‍ക്ക് മുമ്പില്‍ നടന്ന ആ ക്രൂരകൃത്യത്തിന്റെ പേരില്‍ ഒരു ഇസ്രായേലി സൈനികനും വിചാരണനേരിടേണ്ടിവന്നില്ല.
ഇന്നിപ്പോള്‍ ഹമാസ് ആക്രമണത്തില്‍ തങ്ങളുടെ പൗരന്‍മാര്‍ കൊല്ലപ്പെട്ടെന്ന് പരാതിപ്പെടുന്ന അമേരിക്കന്‍ ഭരണകൂടം, തങ്ങളുടെ നാട്ടുകാരിയായ 23 കാരിയെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ കാര്യമായ ഫോളോ അപ്പും നടത്തിയില്ല.
തങ്ങള്‍ക്കുവേണ്ടി ജീവന്‍ ഹോമിച്ച റേച്ചല്‍ കൊറിയുടെ ഓര്‍മകള്‍ക്കായി എല്ലാവര്‍ഷവും ഫലസ്തീനികള്‍ ഗസ്സയില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കും. അതുവഴി റേച്ചലിനെ കുറിച്ചുള്ള ഓര്‍മകള്‍ അവര്‍ അയവിറക്കും. തങ്ങള്‍ക്ക് വേണ്ടി രക്തസാക്ഷിയായ യു.എസ് പെണ്‍കുട്ടിയുടെ ധീരമായ ഓര്‍മകള്‍ തലമുറകള്‍ക്ക് പകര്‍ന്നുകൊടുക്കുകയും ചെയ്യും. വീണ്ടും ഒരിക്കലൂടെ ഇസ്രായേല്‍ അധിനിവേശം വാര്‍ത്തകളില്‍ ഇടംപിടിക്കുമ്പോള്‍, ഓരോ അധിനിവേശവിരുദ്ധരുടെയും മനസ്സില്‍ റേച്ചല്‍ കൊറിയുടെ ഓര്‍മകള്‍ ഇരമ്പിയെത്തുകയാണ്.
ഈ വര്‍ഷം മെയ് 11നാണ് അല്‍ജസീറയുടെ മാധ്യമപ്രവര്‍ത്തക ഷിറീന്‍ അബു ആഖില തലയ്ക്ക് വെടിയേറ്റ് മരിച്ചത്. വെസ്റ്റ് ബാങ്കില്‍ വെച്ചാണ് വെടിയേറ്റത്. മാധ്യമ പ്രവര്‍ത്തകരുടെ ജാക്കറ്റ് ധരിച്ചെത്തിയിട്ടും സൈന്യം ഷിറീനെതിരെ വെടി ഉതിര്‍ക്കുകയായിരുന്നു. ജെനിന്‍ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രായില്‍ നടത്തുന്ന ആക്രമണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു അവര്‍.
ബെത്‌ലഹേമില്‍ ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച് അമേരിക്കന്‍ പൗരത്വം നേടിയ വിദ്യാസമ്പന്നയായ ഷിറീന്‍ ഫലസ്തീനികളുടെ പോരാട്ടത്തിന്റെ നേര്‍ചിത്രം ലോകത്തിന് മുമ്പില്‍ അവതരിപ്പിച്ചിരുന്നു. ഇവര്‍ കൊല്ലപ്പെടുമ്പോള്‍ പ്രസ് ജാക്കറ്റ് ധരിച്ചിരുന്നതായി സമീപമുണ്ടായിരുന്ന എ.എഫ.്പി ഫോട്ടോഗ്രഫര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രായില്‍ സൈന്യത്തെ ഈ കൊലപാതകത്തിന് ഉത്തരവാദികളാക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് അല്‍ ജസീറ ആവശ്യപ്പെട്ടിട്ടുണ്ട്. മനപ്പൂര്‍വം ടാര്‍ഗറ്റ് ചെയ്താണ് ഷിരീനെ സൈന്യം കൊലപ്പെടുത്തിയതെന്നാണ് അല്‍ ജസീറയുടെ പ്രതികരണം. കേസുമായി അല്‍ജസീറ മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."