ഏകീകൃത സിവിൽ കോഡും ഗുജറാത്ത് തെരഞ്ഞെടുപ്പും
ഏകീകൃത സിവിൽ കോഡ് വീണ്ടും ചർച്ചക്കെത്തുകയാണ്. തെരഞ്ഞെടുപ്പുകൾ അടുക്കുന്ന സമയത്ത് തീവ്രഹിന്ദുത്വവാദികൾ തരാതരം നോക്കി ഏകീകൃത സിവിൽ കോഡ് മന്ത്രം ജപിക്കുക പതിവുണ്ട്. ഇത്തവണ ഗുജറാത്തിൽനിന്ന് ഉയരുന്ന ശബ്ദം സംഘ്പരിവാറിൽ നിന്ന് മാത്രമല്ല എന്ന വ്യത്യാസം മാത്രമാണുള്ളത്. ആം ആദ്മി തലവൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ബി.ജെ.പിക്ക് പിന്നാലെ ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നിരിക്കയാണ്. കറൻസിയിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രം അച്ചടിക്കണമെന്ന ആവശ്യമുന്നയിച്ചതിന് പിന്നാലെയാണ് ഏകീകൃത സിവിൽ കോഡിനായുള്ള ആവശ്യം കെജ്‌രിവാൾ ഉയർത്തുന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബി.ജെ.പി ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നു പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കെജ്‌രിവാൾ പുതിയ തന്ത്രം മെനയുന്നത്. ബി.ജെ.പിയേക്കാൾ കടുത്ത ഹിന്ദുത്വവാദിയാണ് ആം ആദ്മി പാർട്ടിയെന്ന് വ്യക്തമാക്കുക കൂടിയാണ് അദ്ദേഹം; കാപട്യത്തിൻ്റെ കറയറ്റ മുഖം. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ റിട്ട. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയെ നിയോഗിക്കുന്നതിന് കഴിഞ്ഞ ദിവസം ബി.ജെ.പി മന്ത്രിസഭ തീരുമാനിച്ചിരുന്നു.
ഡൽഹിയിൽ പതിനായിരത്തോളം പേർ ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്ത ചടങ്ങിൽ എ.എ.പി നേതാവും ഡൽഹി മന്ത്രിയുമായിരുന്ന രാജേന്ദ്ര പാൽ ഗൗതം പങ്കെടുത്തത് വിവാദമാക്കി ബി.ജെ.പി രംഗത്തെത്തിയിരുന്നു. ചടങ്ങിൽ ഗൗതം, ഹിന്ദുദേവന്മാരെയും ദേവിമാരെയും അപമാനിച്ചുവെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധങ്ങൾ കനത്തതോടെ ഗൗതം മന്ത്രിസ്ഥാനത്തു നിന്ന് രാജിവച്ചു. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് കെജ്‌രിവാൾ സൂപ്പർ ഹിന്ദുത്വ കാർഡ് കളിക്കുന്നത്. താൻ ജനിച്ചത് കൃഷ്ണ ജന്മാഷ്ടമി ദിനത്തിലാണെന്നും കംസൻ്റെ സന്തതികളെ ഇല്ലായ്മ ചെയ്യാൻ ദൈവം തന്നെ നിയോഗിച്ചതാണെന്നും പ്രഖ്യാപിച്ച് കൊണ്ടാണ് കെജ്‌രിവാൾ ഗുജറാത്തിൽ പ്രചാരണമാരംഭിച്ചതുതന്നെ. ജയ് ശ്രീറാം വിളികളോടെ പ്രചാരണ പ്രസംഗം ആരംഭിച്ച അദ്ദേഹം ഹിന്ദുത്വ സ്വത്വം ഇതിന് മുമ്പും പ്രകടിപ്പിച്ചതാണ്. ഡൽഹി മുഖ്യമന്ത്രിയായി രണ്ടാം തവണ അധികാരമേറ്റപ്പോൾ കെജ്‌രിവാൾ ആദ്യം ചെയ്തത് ഹനുമാൻ ചലീസ ചൊല്ലലായിരുന്നു. മുതിർന്ന പൗരന്മാർക്ക് അയോധ്യയിലേക്ക് സൗജന്യ യാത്രയൊരുക്കാനുള്ള 'മുഖ്യമന്ത്രി തീർത്ഥ് യാത്ര യോജന' പദ്ധതി ഡൽഹിയിൽ നടപ്പാക്കിയ കെജ്‌രിവാൾ, തന്റെ പാർട്ടി ഗുജറാത്തിൽ അധികാരത്തിലെത്തിയാൽ ഇൗ പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഏകീകൃത സിവിൽ കോഡ് ഇന്ത്യയിൽ പ്രായോഗികമല്ലെന്ന ദേശീയ നിയമ കമ്മിഷൻ്റെ റിപ്പോർട്ട് കേന്ദ്രസർക്കാരിൻ്റെ മുന്നിലുണ്ട്. ഭരണഘടന പ്രകാരമുള്ള മൗലികാവകാശങ്ങൾ ഖണ്ഡിക്കുന്നില്ലെന്ന് ഉറപ്പുവരുത്തി വ്യക്തിനിയമങ്ങളുടെ വൈവിധ്യം നിലനിർത്തുകയാണ് നല്ലതെന്നും രാജ്യത്തിന്റെ ബഹുസ്വരതയെ നിഷേധിക്കുന്നതാകരുത് മതനിരപേക്ഷതയെന്നും അതിൽ പറയുന്നു. ഏകീകൃത രാഷ്ട്രം എല്ലാ കാര്യത്തിലും ഒരുപോലെയാകണമെന്നില്ല. മാത്രവുമല്ല ലോകത്തെ മറ്റു രാജ്യങ്ങൾപോലും വൈവിധ്യങ്ങളെ അംഗീകരിക്കാൻ തുടങ്ങിയിരിക്കുന്നു. നിയമങ്ങളിലെ വ്യത്യസ്തതകളെ വിവേചനമായി കാണാൻ പാടില്ല, പകരം വ്യത്യസ്തതകളെ ആരോഗ്യമുള്ള ജനാധിപത്യത്തിന്റെ കരുത്തായി കാണുകയാണ് വേണ്ടതെന്നും ആ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ദേശീയ നിയമ കമ്മിഷന്റെ ഇങ്ങനെയൊരു റിപ്പോർട്ടുള്ളതിനാലാകാം ബി.ജെ.പി ആധിപത്യത്തിലുള്ള സംസ്ഥാനങ്ങളെ മുൻനിർത്തി ഏക സിവിൽ കോഡ് നടപ്പാക്കാൻ ഒരുക്കംകൂട്ടുന്നത്. മിക്ക സംസ്ഥാനങ്ങളിലും നടപ്പാക്കിക്കഴിഞ്ഞാൽ ദേശീയതലത്തിൽ നടപടി കൂടുതൽ എളുപ്പമാകും എന്നതാവാം സ്വപ്നം.
ഗോവയിൽ ഏകീകൃത സിവിൽ കോഡ് നിലവിലുണ്ട്. ബി.ജെ.പി ഭരിക്കുന്ന ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് പിറകെയാണ് ഗുജറാത്തിൽ ഏകീകൃത സിവിൽ കോഡ് കാർഡ് ഇറക്കിക്കളിക്കുന്നത്. മധ്യപ്രദേശിൽ ഇത് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി രാജ്യസഭാംഗം അജയ് പ്രതാപ്‌സിങ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനു കത്തയച്ചിരുന്നു. മധ്യപ്രദേശിൽ ചേർന്ന ബി.ജെ.പി കോർ കമ്മിറ്റി യോഗത്തിൽ ഏകീകൃത സിവിൽ കോഡ് രാജ്യത്തൊട്ടാകെ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.
ഭരണഘടനയുടെ 44ാം അനുച്ഛേദം ഉയർത്തിക്കാട്ടിയാണ് ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. മതവിശ്വാസവും വ്യക്തിനിയമവും മൗലികാവകാശമായി ഭരണഘടന പ്രഖ്യാപിക്കുന്നിടത്തോളം മാർഗനിർദേശക തത്വങ്ങളെ എത്ര ദുർവ്യാഖ്യാനിച്ചാലും ആർക്കും ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ കഴിയില്ല. ഇന്ത്യയിലെ വ്യക്തി നിയമം ഏഴ് വിഭാഗങ്ങളെ ബാധിക്കുന്നതായി നിരീക്ഷിക്കാം. 1. ഹിന്ദു വ്യക്തി നിയമം 2. ഹിന്ദു, ബുദ്ധ, ജൈന, സിഖ് വിഭാഗങ്ങളുടെ നാട്ടാചാര നിയമങ്ങൾ, 3. ഹിന്ദുക്കളുടെ ഗോത്ര നിയമങ്ങൾ 4. ക്രിസ്ത്യൻ വ്യക്തിനിയമം, 5. പാർസി വ്യക്തി നിയമം ,6. ജൂത വ്യക്തിനിയമം , 7. മുസ്‌ലിം വ്യക്തിനിയമം. എന്നാൽ ഏകീകൃത നിയമംമുസ്‌ലിംകളെ മാത്രം ബാധിക്കുന്ന രീതിയിലാണ് ചിലർ പ്രചരിപ്പിക്കുന്നത്.
ഒരു രാജ്യം, ഒരു നിയമം എന്ന് പ്രഖ്യാപിക്കുന്നവർ ഇന്ത്യയുടെ ചരിത്രത്തെക്കുറിച്ച് ബോധമില്ലാത്തവരാണ്. നമ്മുടെ രാജ്യം ഇന്ന് കാണുന്ന അതിർത്തികൾ നിർണയിക്കപ്പെടുന്നതിന് മുമ്പ് ഇൗ പ്രദേശങ്ങളിൽ ഭരണം നടത്തിയിരുന്നവർ ഇതര മതവിശ്വാസികളുടെ വിശ്വാസങ്ങളെ തകർക്കുംവിധമുള്ള ഏകീകൃത വ്യക്തിനിയമങ്ങൾ ഇവിടെ കൊണ്ടുവന്നിരുന്നില്ല. കൂടാതെ ഇന്ത്യയ്ക്ക് ലോകത്തിനു മുന്നിൽ അഭിമാനത്തോടെ ഉയർത്തിക്കാണിക്കാനുണ്ടായിരുന്നത് നമ്മുടെ ബഹുസ്വരതയായിരുന്നു. വ്യത്യസ്ത സംസ്കാരവും മതങ്ങളും ഭാഷകളുമുള്ള വൈവിധ്യങ്ങളുടെ അത്ഭുത ഭൂമികയാണിത്. അതിനെ തകർക്കുന്നതാവും ഏകീകൃത സിവിൽ കോഡ്.
ജവഹർലാൽ നെഹ്റു പറഞ്ഞതുപോലെ; ഇന്ത്യ അദൃശ്യമായ ചരടുകളാൽ കോർത്തിണക്കപ്പെട്ടിരിക്കുന്നു. മിഥ്യയോ സങ്കൽപമോ സ്വപ്നമോ ഭാവനയോ എന്തുമാകട്ടെ ഇത് യഥാർഥവും കാലികവും അഴകുള്ളതുമാണ്'. വിവിധ വിശ്വാസങ്ങളും ആചാരങ്ങളും അഴകോടെ ഇഴുകിച്ചേർന്ന ഇന്ത്യൻ പാരമ്പര്യത്തെ ഏക സിവിൽ കോഡിലേക്ക് ചേർത്തിവയ്ക്കുന്നത് രാജ്യത്തെ സൗന്ദര്യത്തെ കെടുത്തിക്കളയുന്നതിനും മുഖം വികൃതമാക്കുന്നതിനും വഴിമരുന്നാകുമെന്നതിൽ സംശയം വേണ്ട.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."