ഗ്രീഷ്മയുടെ ക്രൂരതയിൽ അന്ധവിശ്വാസവും ജാതകദോഷവും പ്രതിസ്ഥാനത്ത്; ഗ്രീഷ്മയുടെ ജ്യോത്സ്യനും കുടുങ്ങും
കോഴിക്കോട്: ആദ്യ ഭർത്താവ് പൊടുന്നനെ മരിക്കുമെന്ന് 'ജാതകദോഷ' പ്രകാരം പ്രവചിച്ച ഗ്രീഷ്മയുടെ ആ ജ്യോതിഷി ആരാണ്.?- ഷാരോണിന്റെ കൊലപാതകത്തിന് പിന്നിൽ അന്ധവിശ്വാസവും ജാതകദോഷവുമാണെന്ന് വ്യക്തമായതോടെ സോഷ്യൽമീഡിയയിലെ ചോദ്യം ആണിത്.
സംഭവങ്ങൾക്ക് പിന്നിൽ അന്ധവിശ്വാസം കാരണമായിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലിസ് അറിയിച്ചിട്ടുണ്ട്. ജാതകദോഷമെന്ന ഷാരോണിന്റെ ബന്ധുക്കളുടെ ആരോപണവും പൊലിസ് അന്വേഷിക്കും. അങ്ങിനെയെങ്കിൽ ആദ്യ ഭർത്താവ് പെട്ടെന്ന് മരിക്കുമെന്ന് പ്രവചിച്ച ഗ്രീഷ്മയുടെ ജ്യോത്സ്യനും കുടങ്ങും. ആദ്യ വിവാഹം കഴിക്കുന്നയാൾ പെട്ടെന്ന് മരിക്കുമെന്ന ജാതകദോഷം ഉണ്ടെന്ന് ജ്യോത്സ്യൻ കുടുംബത്തെ അറിയിച്ചിരുന്നുവെന്ന് ഗ്രീഷ്മ ഷാരോണിനോട് പറഞ്ഞതായി ഷാരോണിന്റെ കുടുംബം വെളിപ്പെടുത്തിയിട്ടുണ്ട്. ഗ്രീഷ്മയുമായി നിശ്ചയം ഉറപ്പിച്ച സൈനികനുമായുള്ള വിവാഹത്തിന് മുമ്പ് നോക്കിയ പൊരുത്തത്തിലും ജ്യോത്സ്യൻ ഈ പ്രവചനം ആവർത്തിച്ചിരുന്നു. ജ്യോത്സ്യനെ കണ്ണടച്ച് വിശ്വസിച്ച ഗ്രീഷ്മയുടെ കുടുംബം, ഷാരോണുമായുള്ള രഹസ്യബന്ധത്തിന് കൂട്ടുനിൽക്കുകയുംചെയ്തു. ഇതിന്റെ തുടർച്ചയാണോ കൊലപാതകമെന്നാണ് പൊലിസ് അന്വേഷിക്കുന്നത്.
ഷാരോണിനെ രഹസ്യമായി കൊലപ്പെടുത്തുകയും അതുവഴി ആദ്യ ഭർത്താവ് പെട്ടെന്ന് മരിക്കുമെന്ന ജാതകദോഷം ഇല്ലാതാക്കി രണ്ടാമത്തെ വിവാഹം ആർബാഡപൂർവം നടത്താമെന്നായിരുന്നു ഗ്രീഷ്മയുടെ കുടുംബത്തിന്റെ ആലോചന. ഈ ആരോപണം ഷാരോണിന്റെ കുടുംബം ആവർത്തിച്ചിട്ടുണ്ട്. ഗ്രീഷ്മയുടെ ജാതകദോഷം തീർക്കാനാണ് കൊല നടത്തിയതെന്ന് ഷാരോണിന്റെ മാതപിതാക്കൾ ആരോപിച്ചു.
ഗ്രീഷ്മയുടെ ജാതകദോഷം സംബന്ധിച്ച വാട്‌സ്ആപ്പ് ചാറ്റുകൾ നേരത്തേ പുറത്തു വന്നിരുന്നു. ആദ്യം വിവാഹം കഴിക്കുന്നയാൾ പെട്ടെന്ന് മരിക്കുമെന്ന് ജാതകത്തിൽ ഉണ്ടായിരുന്നതായുള്ള ചാറ്റുകളാണ് പുറത്തു വന്നത്. ഇത് അന്ധവിശ്വാസമാണെന്ന് തെളിയിക്കാനാണ് ഷാരോൺ വെട്ടുകാട് പള്ളിയിൽ വച്ച് കുങ്കുമം ചാർത്തി വീട്ടിലെത്തി താലികെട്ടിയതെന്നാണ് ഷാരോണിന്റെ കുടുംബം പറയുന്നത്. കുങ്കുമം ചാർത്തി നിൽക്കുന്ന ഗ്രീഷ്മയുടെ നിരവധി ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ആദ്യത്തെ ഭർത്താവ് മരിക്കുകയും രണ്ടാമത്തെ ഭർത്താവിനൊപ്പം ജീവിക്കാനും വേണ്ടി തന്റെ മകനെ കൊലപ്പെടുത്തിയെന്ന് ഷാരോണിന്റെ പിതാവ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. ഗ്രീഷ്മ മാത്രമല്ല, അമ്മയ്ക്കും അച്ഛനും കൊലപാതകത്തിൽ പങ്കുണ്ട്. ഷാരോണിനൊപ്പം പുറത്തു പോയിരുന്ന സമയത്തെല്ലാം ഗ്രീഷ്മയുടെ പക്കൽ ജ്യൂസ് ഉണ്ടായിരുന്നു. നേരത്തേയും ഷാരോൺ കോളേജിൽ പോയി മടങ്ങി വരുമ്പോൾ ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. ഒരു തവണ ആശുപത്രിയിലും കൊണ്ടുപോയി. രണ്ട് മാസമെങ്കിലും പദ്ധതിയിട്ട് തയ്യാറാക്കിയതാകണമെന്നും ഷാരോണിന്റെ പിതാവ് പറഞ്ഞു.
parassala-sharon-murder-grishma-s-mother-allegations
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."