ജലാലാബാദില്‍ തുടങ്ങിയ താലിബാന്‍ വിരുദ്ധ പ്രതിഷേധം അഫ്ഗാനിസ്ഥാന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുന്നു
കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാന്‍ നഗരമായ ജലാലാബാദില്‍ തുടങ്ങിയ താലിബാന്‍ വിരുദ്ധ പ്രതിഷേധം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുന്നു. അഫ്ഗാനിസ്ഥാന്റെ ദേശീയ പതാകയുമേന്തിയാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്.
സമാനമായ പ്രതിഷേധം ഖോസ്റ്റ് പ്രവിശ്യയിലും നടന്നതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
അഫ്ഗാന്‍ ദേശീയപതാക മാറ്റി താലിബാന്‍ പതാക സ്ഥാപിച്ചതോടെയാണ് ജലാലാബാദില്‍ സംഘര്‍ഷവും പ്രതിഷേധവും ഉടലെടുത്തത്. ഇതേത്തുടര്‍ന്നുണ്ടായ വെടിവയ്പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
അഫ്ഗാനിസ്ഥാന്‍ ദേശീയ പതാക അഴിച്ചുമാറ്റി താലിബാന്‍ പതാക കെട്ടിയതോടെ പ്രദേശവാസികള്‍ എതിര്‍പ്പുമായി രംഗത്തുവരികയായിരുന്നുവെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് നൂറുകണക്കിനാളുകള്‍ അഫ്ഗാന്‍ പതാകയുമേന്തി തെരുവില്‍ പ്രതിഷേധവുമായി രംഗത്തെത്തി. ജലാലാബാദിലെ സുപ്രധാന ചത്വരത്തിനു മുകളിലെ പതാകയുമായി ബന്ധപ്പെട്ടാണ് പ്രശ്‌നമുദിച്ചത്.
അതേസമയം, അഫ്ഗാനിസ്ഥാനില്‍ നിന്ന് വിവിധ രാജ്യങ്ങള്‍ രക്ഷാപ്രവര്‍ത്തനവും ഒഴിപ്പിക്കലും തുടരുന്നു. നൂറുകണക്കിനു പേരുമായി യു.കെയിലേക്കും ജര്‍മനിയിലേക്കും വിമാനങ്ങള്‍ പറന്നു. സ്ത്രീ സ്വാതന്ത്ര്യവും മാധ്യമസ്വാതന്ത്ര്യവും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പൊതുമാപ്പും താലിബാന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയും കുടിയേറ്റം തുടരുകയാണ്.
തങ്ങള്‍ ഇതിനകം 3200 പേരെ കാബൂളില്‍ നിന്ന് രക്ഷപ്പെടുത്തിയെന്ന് യു.എസ് സൈന്യം വ്യക്തമാക്കി. ചൊവ്വാഴ്ച മാത്രം 1100 പേരെയാണ് ഒഴിപ്പിച്ചത്. ഇതിലേറെയും സാധാരണക്കാരാണ്.
നയതന്ത്ര ഉദ്യോഗസ്ഥര്‍, സഹായികള്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ തുടങ്ങി, കഴിഞ്ഞ 24 മണിക്കൂറിനിടെ 5000 പേരെ കാബൂളില്‍ നിന്ന് വിമാനം വഴി മറ്റു രാജ്യങ്ങളിലേക്ക് കൊണ്ടുപോയിട്ടുണ്ട്. യാത്രാവിമാനങ്ങള്‍ക്ക് നിരോധനമുള്ള കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് സൈനിക വിമാനങ്ങളിലാണ് ആളുകളെ ഒഴിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."