79ാം പിറന്നാള്‍ നിറവില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
കൊച്ചി: 79ാം പിറന്നാള്‍ നിറവില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സാധാരണ പിറന്നാള്‍ ദിനം പുതുപ്പളളിയിലായിരുന്നെങ്കിലും ഇത്തവണ രോഗാവശതകള്‍ മൂലം കൊച്ചിയില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ഉമ്മന്‍ ചാണ്ടി. പുതുപ്പളളിയില്‍ നിന്ന് ഇരുപത്തിയേഴാം വയസില്‍ തുടങ്ങിയ പാര്‍ലമെന്ററി ജീവിതം എഴുപത്തിയൊമ്പതാം പിറന്നാള്‍ ദിനത്തിലെത്തുമ്പോള്‍ ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി നിയമസഭാ അംഗമായിരുന്നതടക്കമുളള പല റെക്കോര്‍ഡുകളും ഉമ്മന്‍ ചാണ്ടിക്ക് സ്വന്തമാണ്.
1943 ഒക്ടോബര്‍ 31 ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ കെ.ഒ ചാണ്ടിയുടേയും ബേബി ചാണ്ടിയുടേയും മകനായിട്ടാണ് ഉമ്മന്‍ ചാണ്ടിയുടെ ജനനം. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യു വിലൂടെ പൊതുപ്രവര്‍ത്തനരംഗത്തെത്തി. കെ.എസ്.യു യൂണിറ്റ് പ്രസിഡന്റില്‍ തുടങ്ങി മുഖ്യമന്ത്രി പദം വരെ എത്തിനില്‍ക്കുന്നു ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം. 1970 മുതല്‍ 2021 വരെ പുതുപ്പള്ളിയില്‍ നിന്ന് 12 തവണ തുടര്‍ച്ചയായി കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2020 ലാണ് നിയമസഭ അംഗത്വത്തിന്റെ 50-ാം വാര്‍ഷികം ആഘോഷിച്ചത്. 2004-2006, 2011-2016 എന്നീ കാലയളവില്‍ കേരള മുഖ്യമന്ത്രിയായി. ആഭ്യന്തര വകുപ്പ്, തൊഴില്‍, ധനകാര്യ വകുപ്പ് മന്ത്രിയായും പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ചയായി ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹം ഈയാഴ്ച തന്നെ ജര്‍മ്മനിക്ക് തിരിക്കും. മകന്‍ ചാണ്ടി ഉമ്മന്‍, മകള്‍ മറിയം ഉമ്മന്‍, ബെന്നി ബഹനാന്‍ എംപി എന്നിവര്‍ ചികിത്സയ്ക്കായി ജര്‍മ്മനിയിലേക്ക് പോകുന്ന ഉമ്മന്‍ചാണ്ടിയെ അനുഗമിക്കും. മുഖ്യമന്ത്രി പദമൊഴിഞ്ഞിട്ട് വര്‍ഷം ആറു കഴിഞ്ഞെങ്കിലും സംഘടനാ രംഗത്ത് പഴയ പ്രതാപമില്ലെങ്കിലും ജനപ്രീതിയില്‍ ഉമ്മന്‍ചാണ്ടിയെ മറികടക്കുന്നൊരു കോണ്‍ഗ്രസുകാരന്‍ ഇന്ന് കേരളത്തില്‍ ഇല്ല. ജനങ്ങളുമായുളള ഈ ബന്ധമാണ് എഴുപത്തിയൊമ്പതാം പിറന്നാള്‍ ദിനത്തിലും ഉമ്മന്‍ചാണ്ടിയെന്ന രാഷ്ട്രീയ നേതാവിനെ പ്രസക്തനാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."