ഗ്രീഷ്മ ശുചിമുറിയില്‍ വെച്ച് കുടിച്ചത് ലൈസോള്‍,ആരോഗ്യനില തൃപ്തികരം, അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തും
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ രാജ് കൊലപാതകത്തില്‍, പൊലിസ് സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ച് പ്രതി ഗ്രീഷ്മ. പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലുണ്ടായിരുന്ന അണുനാശിനിയായ ലൈസോള്‍ കുടിച്ചാണ് ഗ്രീഷ്മ ആത്മഹത്യ ശ്രമം നടത്തിയത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഛര്‍ദ്ദിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഗ്രീഷ്മയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതര സ്ഥിതി അല്ലെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.ജീവന് അപകടം സംഭവിക്കുന്ന അവസ്ഥയില്ലെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തുമെന്ന് റൂറല്‍ എസ്പി അറിയിച്ചു.
ഇന്നലെ രാത്രി ഒന്നേകാലോടെയാണ് ഗ്രീഷ്മയെ നെടുമങ്ങാട് ഡി.വൈ.എസ്.പി ഓഫീസില്‍ എത്തിച്ചത്. പാറശ്ശാലയിലെ യുവാവിന്റെ മരണത്തില്‍ ഇന്നലെയാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാന്‍ തീരുമാനിച്ചുവെന്നും കഷായത്തില്‍ വിഷം കലര്‍ത്തുകയായിരുന്നുവെന്നും പെണ്‍കുട്ടി പൊലീസിനോട് സമ്മതിച്ചു. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്.
ഇരുവരും തമ്മിലുള്ള പ്രണയം ബന്ധുക്കള്‍ അറിഞ്ഞപ്പോള്‍ പിന്മാറാന്‍ ശ്രമിച്ചു. വിവാഹനിശ്ചയത്തിന് മുമ്പേ തന്നെ ബന്ധത്തില്‍ നിന്നും പിന്മാറാന്‍ ശ്രമിച്ചു. ആത്മഹത്യാഭീഷണി മുഴക്കിയിട്ടും ഷാരോണ്‍ പിന്മാറിയില്ല. ഷാരോണിന്റെ മരണത്തിന് ശേഷം ചോദ്യം ചെയ്യലില്‍ നിന്നും എങ്ങനെ രക്ഷപ്പെടാമെന്ന് ഗുഗിളില്‍ തിരഞ്ഞതായും ഗ്രീഷ്മ പൊലീസിനോട് പറഞ്ഞു.കേസില്‍ ഗ്രീഷ്മയുടെ ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. മാതാപിതാക്കളെയും അമ്മാവനെയുമാണ് ചോദ്യം ചെയ്യുന്നത്. വ്യത്യസ്ത കേന്ദ്രങ്ങളിലായാണ് ചോദ്യം ചെയ്യുന്നത്. അതിനിടെ, ഗ്രീഷ്മയുടെ വീടിന് നേര്‍ക്ക് കല്ലേറുണ്ടായി. അജ്ഞാതരാണ് ഇന്നലെ രാത്രി കല്ലേറ് നടത്തിയത്. വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. പാറശ്ശാലയിലെ തമിഴ്നാട്ടില്‍ പെട്ട പൂമ്പള്ളിക്കോണം എന്ന പ്രദേശത്തെ ഗ്രീഷ്മയുടെ വീടായ ശ്രീനിലയത്തിന് നേരെയാണ് ആക്രമണം നടന്നത്. വീടിന്റെ ഗേറ്റ് അകത്ത് നിന്നും പൂട്ടിയ നിലയിലാണ്. ഗ്രീഷ്മയുടെ മാതാപിതാക്കള്‍ ഇന്നലെ ഈ വീട്ടിലേക്ക് മടങ്ങിയെത്തിയിരുന്നില്ല. ഇവരെ പൊലീസ് രണ്ട് സ്റ്റേഷനുകളിലായി പാര്‍പ്പിച്ചിട്ടുണ്ടെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."