ലക്ഷദ്വീപില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; 111 കരാര്‍ ജീവനക്കാരെ ഒഴിവാക്കി
ജലീല്‍ അരൂക്കുറ്റി
കവരത്തി: ലക്ഷദ്വീപില്‍ ടുറിസം മേഖലയില്‍ ജോലി ചെയ്തിരുന്ന 111 പേരെക്കൂടി പിരിച്ചുവിട്ടു. ദ്വീപിലെ ടുറിസം സൊസൈറ്റിയായ സ്‌പോര്‍ട്‌സിന്റെ കീഴില്‍ റിസോര്‍ട്ടുകളിലും ഗസ്റ്റ് ഹൗസുകളിലുമായി ജോലി ചെയ്തിരുന്ന കരാര്‍ ജീവനക്കാരെയാണ് കൂട്ടത്തോടെ പിരിച്ചുവിട്ടത്.
ടുറിസം സീസണല്ലാത്തതിനാലാണ് ഇന്നലെ മുതല്‍ ഒരു മാസത്തേക്ക് ഇവരെ പിരിച്ചുവിടുന്നതെന്നാണ് സ്‌പോര്‍ട്‌സ് മാനേജിങ് ഡയരക്ടര്‍ കൂടിയായ ജില്ലാ കലക്ടര്‍ അസ്ഗര്‍ അലി ഇറക്കിയ ഉത്തരവില്‍ പറയുന്നത്. നേരത്തെ നിരവധി പേരെ ഇതേ രീതിയില്‍ പിരിച്ചുവിട്ടിരുന്നു.
ബംഗാരം റിസോര്‍ട്ട്, അമിനി ഡാക്ക് ബംഗ്ലാവ്, അഗത്തി ഗസ്റ്റ് ഹൗസ്, കല്‍പേനി റിസോര്‍ട്ട്, ആന്ത്രോത്ത് ഡാക്ക് ബംഗ്ലാവ്, കവരത്തി പാരഡൈസ് റിസോര്‍ട്ട്, കവരത്തി ഗസ്റ്റ് ഹൗസ്, കവരത്തി ഡാക്ക് ബംഗ്ലാവ്, കട്മത്ത് റിസോര്‍ട്ട്, എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പുറമേ കൊച്ചിയിലുള്ള താല്‍ക്കാലിക ജീവനക്കാരെയും പിരിച്ചുവിട്ടു. ടുറിസം സീസണ്‍ അല്ലാത്ത സമയങ്ങളില്‍ നേരത്തെ താല്‍ക്കാലികമായി പിരിച്ചുവിട്ടിരുന്നുവെന്നും സീസണ്‍ പുനരാരംഭിക്കുമ്പോള്‍ തിരിച്ചെടുക്കുമെന്നുമാണ് ഔദ്യോഗിക കേന്ദ്രങ്ങള്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ പിരിച്ചുവിട്ടവരില്‍ അധികപേരേയും തിരിച്ചെടുക്കാനുള്ള സാധ്യതയില്ലെന്നാണ് ജീവനക്കാര്‍ ചൂണ്ടികാട്ടുന്നത്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനെതിരേ സമരം ചെയ്തതിന്റെ പ്രതികാരനടപടിയായാണ് കൂട്ടപിരിച്ചുവിടലിനെ നാട്ടുകാര്‍ കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."