അധികൃതര്‍ അന്വേഷിച്ച് സത്യം പുറത്തു കൊണ്ടുവരണം: കെ.എല്‍ പൗലോസ്
വയനാട്: ജില്ലയില്‍ ആദിവാസികള്‍ക്കായി വിവിധ പദ്ധതികളില്‍ ഭൂമി വിലയ്‌ക്കെടുത്ത് നല്‍കിയതില്‍ ക്രമക്കേടുകളും അഴിമതിയും നടന്നുവെന്ന ആരോപണത്തിന്റെ നിജസ്ഥിതിയെപ്പറ്റി ബന്ധപ്പെട്ട അധികൃതര്‍ അന്വേഷിച്ച് സത്യം പുറത്തു കൊണ്ടുവരണമെന്നും കുറ്റക്കാരുടെ പേരില്‍ നടപടി സ്വീകരിക്കണമെന്നും ഡി.സി.സി പ്രസിഡന്റ് കെ.എല്‍ പൗലോസ് ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ നിയമപരമായ ഏതന്വേഷണത്തേയും കോണ്‍ഗ്രസ് പാര്‍ട്ടി സ്വാഗതം ചെയ്യുന്നു. ഭൂമിയെടുത്ത് നല്‍കിയതില്‍ പ്രധാന ചുമതല റവന്യു വകുപ്പിനും പട്ടികവര്‍ഗ്ഗവകുപ്പിനും ആയിരുന്നു. ജില്ലാ കലക്ടര്‍, സബ് കലക്ടര്‍, ഏ.ഡി.എം, പ്ലാനിങ് ഓഫിസര്‍, ഫൈനാന്‍സ് ഓഫിസര്‍, തഹസീല്‍ദാര്‍മാര്‍, വില്ലേജ് ഓഫിസര്‍മാര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷല്‍ ഓഫിസര്‍മാര്‍, ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫിസര്‍മാര്‍ എന്നിവരടങ്ങുന്ന നീണ്ട ഉദ്യോഗസ്ഥ നിരതന്നെ വിശദമായ അന്വേഷണങ്ങളും ചര്‍ച്ചകളും നടത്തിയാണ് ഭൂമി ഏറ്റെടുത്തത്.
ഭൂമിയെടുക്കുന്നതില്‍ കൂടുതല്‍ സുതാര്യത ഉറപ്പുവരുത്തുവാനായി എല്ലാ ആദിവാസി സംഘടനാ പ്രതിനിധികളെകൂടി ചേര്‍ത്ത് ജില്ലാ കലക്ടര്‍ പര്‍ച്ചേഴ്‌സ് കമ്മിറ്റി രൂപീകരിച്ചത് 2015ല്‍ മാത്രമാണ്. അതിനുശേഷമെടുത്ത ഭൂമിയെ സംബന്ധിച്ച് അഭിപ്രായം രേഖപ്പെടുത്താന്‍ ഈ സമിതിക്കും അവസരമുണ്ടായിരുന്നു. കൂടുതല്‍ ഭൂമിയെടുത്തത് 2015ന് ഈ സമിതി രൂപീകരിക്കുന്നതിന് മുന്‍പാണ്. രണ്ടു ഘട്ടത്തിലും ഭൂമിയുടെ വിലനിര്‍ണയത്തിനുള്ള അധികാരം ജില്ലാ കലക്ടററുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘത്തിനായിരുന്നു. ഈ നടപടികള്‍ക്കിടയില്‍ ക്രമക്കേടുകളോ അഴിമതിയോ നടന്നിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ ഉത്തരവാദികളുടെ പേരില്‍ നടപടി സ്വീകരിക്കണമെന്നു തന്നെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഭിപ്രായമെന്നും കെ.എല്‍ പൗലോസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."