ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചത് താലിബാന്റെ സഹായത്തോടെ
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചത് താലിബാന്റെ സഹായത്തോടെ.
ഇന്ത്യന്‍ സംഘം സുരക്ഷിതമായി വിമാനത്താവളത്തിലെത്തുന്നത് ഉറപ്പാക്കാന്‍ താലിബാന്‍ സൈനികര്‍ ഇന്ത്യന്‍ സംഘത്തെ അനുഗമിച്ചു. വാര്‍ത്താ ഏജന്‍സി എ.എഫ്.പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 36 മണിക്കൂര്‍ നീണ്ട രക്ഷാ ദൗത്യത്തിനൊടുവിലാണ് ഇന്ത്യന്‍ സംഘത്തിന് അഫ്ഗാന്‍ വിടാനായത്. തിങ്കളാഴ്ച വൈകിട്ട് 12 വാഹനങ്ങളിലായി പുറപ്പെട്ട 45 അംഗ ആദ്യ ഉദ്യോഗസ്ഥ സംഘത്തിന് വിമാനത്താവളത്തിലെത്താന്‍ തടസമുണ്ടായില്ല.
എന്നാല്‍ രണ്ടാം സംഘം വിമാനത്താവളത്തിലേക്ക് പുറപ്പെടാനൊരുങ്ങവേ അവര്‍ക്ക് ഗ്രീന്‍സോണ്‍ കടക്കാന്‍ റോഡുകളുടെ നിയന്ത്രണം ഏറ്റെടുത്തിരുന്ന താലിബാന്‍ സൈനികര്‍ അനുമതി നിഷേധിച്ചു. എംബസിക്ക് പുറത്ത് റോക്കറ്റ് ലോഞ്ചറുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി താലിബാന്‍ സൈനികര്‍ നിലയുറപ്പിച്ചതോടെ ആശങ്കയായി.പിന്നാലെ താലിബാന്‍ സൈനിക കമാന്‍ഡര്‍മാരെ ബന്ധപ്പെട്ട് ഇന്ത്യന്‍ അധികൃതര്‍ സുരക്ഷിത യാത്രയ്ക്ക് സഹായം തേടി. തുടര്‍ന്ന് അവരുടെ എസ്‌കോര്‍ട്ടോടു കൂടിയാണ് അഞ്ചു കിലോമീറ്റര്‍ അകലെയുള്ള വിമാനത്താവളത്തിലെത്തുന്നത്. ചിലയിടത്ത് വാഹനവ്യൂഹം കടന്നുപോകാന്‍ ആള്‍ക്കൂട്ടം തടസമായപ്പോള്‍ താലിബാന്‍ സൈനികര്‍ ചാടിയിറങ്ങി അവരെ വിരട്ടിമാറ്റി. ചിലയിടത്ത് തോക്കു ചൂണ്ടിയും ആകാശത്തേക്ക് വെടി ഉതിര്‍ത്തും ആള്‍ക്കൂട്ടത്തെ മാറ്റേണ്ടി വന്നു. കാബൂള്‍ വിമാനത്താവളം അമേരിക്കന്‍ നിയന്ത്രണത്തിലായതിനാല്‍ ഇന്ത്യക്കാരെ അവിടെ വരെ അനുഗമിച്ചശേഷം താലിബാന്‍ സൈനികര്‍ മടങ്ങി. പിന്നീട് വ്യേമസേന വിമാനത്തിലാണ് ഉദ്യോഗസ്ഥ സംഘം ഇന്ത്യയിലേക്ക് മടങ്ങിയത്. ഇന്ത്യക്കാതെ തിരിച്ചെത്തിക്കാന്‍ റഷ്യ അടക്കമുള്ള രാജ്യങ്ങളുമായി ഇന്ത്യ നേരത്തെ തന്നെ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."