നാടു നീങ്ങുന്നുവോ കായിക കേരളം
ഏഷ്യൻ ഗെയിംസിന് ചൈനയിലെ ഹാങ്‌ചോയിൽ കൊടിയിറങ്ങിയപ്പോൾ കേരളത്തിന്റെ കായിക യശസ്സിനു കൂടിയാണ് കൊടിയേറിയത്. ഇന്ത്യ നേടിയ 107 മെഡലിൽ 15 എണ്ണത്തിൽ കൈയൊപ്പിട്ടത് മലയാളി താരങ്ങളായിരുന്നുവെന്നത് കായിക കേരളത്തിന് മാത്രമല്ല, ഓരോ കേരളീയനും അഭിമാനകരമാണ്. അതിൽ ആറ് സ്വർണ മെഡലുണ്ട്. ആറു വെള്ളിയും മൂന്നു വെങ്കലവുമുണ്ട്. ആരും എത്തിപ്പിടിക്കാൻ ആഗ്രഹിക്കുന്ന ഈ നേട്ടങ്ങൾ കൈപ്പിടിയിലൊതുക്കിയ താരങ്ങൾക്ക് അഭിനന്ദനവും സ്വീകരണവും നൽകേണ്ട വേളയിൽ പക്ഷേ കേൾക്കുന്നത് ശുഭവാർത്തകളല്ല.
നമ്മുടെ അഭിമാനമായ ഈ താരങ്ങൾ കേരളം വിടുന്നുവെന്ന പ്രഖ്യാപനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. കായിക താരങ്ങളുടെ മനംമടുത്താൽ ട്രാക്കിൽ നിന്ന് പിന്നെ ഉയരുക നേട്ടങ്ങളുടെ കഥകളായിരിക്കില്ല, ആശങ്കയുടെ നെടുവീർപ്പുകളായിരിക്കും.
മെഡൽ ജേതാക്കൾക്ക് ഓരോ സംസ്ഥാനവും വാരിക്കോരി പാരിതോഷികങ്ങൾ പ്രഖ്യാപിക്കുമ്പോൾ കേരള സർക്കാർ മൗനത്തിലാണ്. സർക്കാരിന്റെ തുടർച്ചയായ അവഗണനയിൽ മനംമടുത്ത് ബാഡ്മിന്റൺ താരം എച്ച്.എസ് പ്രണോയ് തമിഴ്‌നാട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞത് ദുഃഖത്തോടെയാണ് കായിക കേരളം കേട്ടത്. പ്രണോയ് മാത്രമല്ല, കളിക്കളത്തിലെ അവഗണനയുടെ കഥകൾ തുറന്നുപറഞ്ഞ് കൂടുതൽ കായിക താരങ്ങൾ രംഗത്തുവന്നിട്ടുണ്ട്.
ഇവരൊക്കെ കേരളം വിടാനാണ് ആഗ്രഹിക്കുന്നത്. ഇത് നമ്മുടെ കായികമേഖലയ്ക്ക് ഗുണകരമാകില്ല. കൂടുതൽ താരങ്ങൾ വളർന്നുവരണമെങ്കിൽ സർക്കാരിന്റെ കരുതലും തുണയും ആവശ്യമാണ്. അത് ഭാവിതലമുറയോടുള്ള കടപ്പാട് കൂടിയാണ്. നമ്മുടെ താരങ്ങൾക്ക് അർഹിക്കുന്ന പരിഗണന കൊടുക്കാൻ അധികൃതർക്ക് കഴിഞ്ഞോ എന്ന ചർച്ച കായികലോകത്ത് മാത്രം ഒതുങ്ങേണ്ടതുമല്ല.
കഴിഞ്ഞ ദിവസം സമാപിച്ച ഏഷ്യൻ ഗെയിംസിലെ മെഡൽ നേട്ടത്തിന് പിന്നാലെയാണ് പ്രണോയ് തീരുമാനം അറിയിച്ചത്.
ഓഗസ്റ്റിൽ നടന്ന ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ മെഡൽ നേടിയിട്ടും സംസ്ഥാന സർക്കാരിൽ നിന്നോ ബാൻഡ്മിന്റൻ അസോസിയേഷനിൽ നിന്നോ ഒരു ഫോൺ കോൾ പോലുമുണ്ടായില്ല എന്നാണ് ഈ താരം പറയുന്നത്. കഴിഞ്ഞ വർഷം നടന്ന തോമസ് കപ്പിലെ ചരിത്ര വിജയത്തിനുശേഷം അസോസിയേഷൻ പ്രഖ്യാപിച്ച രണ്ടു ലക്ഷം രൂപ ഇതുവരെ പ്രണോയിക്ക് ലഭിച്ചിട്ടില്ല. അടുത്ത സീസണിൽ തമിഴ്‌നാടിനു വേണ്ടിയായിരിക്കും പ്രണോയ് കളിക്കുക. ഏഷ്യൻ ഗെയിംസിലെ മെഡൽ നേട്ടത്തിന് പിന്നാലെ മലയാളി അത്‌ലറ്റുകളായ അബ്ദുല്ല അബൂബക്കറും എൽദോസ് പോളും കേരളത്തിന് ഇനി കളിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഏഷ്യൻ മെഡൽ ജേതാക്കൾക്ക് സംസ്ഥാന സർക്കാർ പാരിതോഷികം പ്രഖ്യാപിക്കാത്തതിലാണ് താരങ്ങൾക്കിടയിലും കായികരംഗത്തും വിമർശനം ഉയർന്നിരിക്കുന്നത്. ഇന്നത്തെ മന്ത്രിസഭാ യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന സൂചന കായിക മന്ത്രി നൽകിയിട്ടുണ്ട്. എങ്കിലും മറ്റ് സംസ്ഥാനങ്ങൾ അവിടുത്തെ താരങ്ങൾക്ക് ലക്ഷക്കണക്കിന് രൂപ പ്രഖ്യാപിച്ചപ്പോൾ കേരളം ഒന്നും ചെയ്തില്ലെന്നാണ് വിമർശനം. ഏഷ്യൻ ഗെയിംസിന് ചൈനയിൽ സമാപനമാകുന്നതിനു മുമ്പുതന്നെ മെഡൽ നേടിയ താരങ്ങൾക്ക് അതത് സംസ്ഥാന സർക്കാരുകൾ പാരിതോഷികങ്ങൾ പ്രഖ്യാപിച്ചിരുന്നു.
സ്വർണ ജേതാക്കൾക്ക് ഹരിയാന സർക്കാർ മൂന്നു കോടിയും വെള്ളിമെഡലിന് 1.5 കോടിയും വെങ്കലത്തിന് 75 ലക്ഷം രൂപയും പ്രഖ്യാപിച്ചു. പഞ്ചാബ്, ഒഡിഷ, ഉത്തർപ്രദേശ്, ഡൽഹി സർക്കാരുകൾ സ്വർണ മെഡലിന് ഒരു കോടി പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിൽ സ്വർണ മെഡൽ ജേതാവിന് 50 ലക്ഷമാണ് കിട്ടുക. സമ്മാനത്തുക നേരത്തെ പ്രഖ്യാപിച്ചാൽ താരങ്ങൾക്ക് അത് കൂടുതൽ നേട്ടങ്ങൾ കൊയ്യാനുള്ള പ്രോത്സാഹനമാകുമെന്ന കാര്യത്തിൽ തർക്കമില്ല.
ഇൗയൊരു തിരിച്ചറിവ് നമ്മുടെ ഭരണാധികാരികൾക്കും ഇല്ലാത്തതല്ല. ഇങ്ങനെയൊക്കെ ഇവിടെ മതിയെന്ന നിസംഗതയും സാമ്പത്തിക പ്രതിസന്ധിയും തന്നെയാണിതിന് പിന്നിൽ.
ഒറ്റമനസോടെ, ഒറ്റക്കുതിപ്പിലുള്ള നീക്കമാണ് അത്‌ലറ്റിക് ട്രാക്കിൽ ഗ്രൂപ്പ് ഇനങ്ങളിൽ മെഡലെന്ന നേട്ടത്തിലെത്തുന്നത്. എന്നാൽ നീണ്ട കരഘോഷത്തിനപ്പുറം ഒരോ വിജയത്തിന്റെ പിന്നിലുള്ളവർക്ക് ലഭിക്കുന്ന പരിഗണനയുടെ അന്തരം ബോധ്യമാകണമെങ്കിൽ ഏഷ്യൻ ഗെയിംസിലെ 4-400 മീറ്റർ റിലേയിലെ സ്വർണ നേട്ടം മാത്രം മതി. സ്വർണം നേടിയ ടീമിലെ ഡൽഹിക്കാരനായ മലയാളി അമോജ് ജേക്കബിന് ഒരു കോടിയും തമിഴ്‌നാട്ടുകാരൻ രജേഷ് രമേഷിന് 50 ലക്ഷവും കിട്ടും.
എന്നാൽ ഇതേ ടീമിൽ ഒാടിയ കേരള താരങ്ങളായ മുഹമ്മദ് അജ്മലിനും മുഹമ്മദ് അനസിനും ഇതുവരെ പാരിതോഷികം പ്രഖ്യാപിച്ചിട്ടില്ല.
സമ്മാനം പ്രഖ്യാപിക്കുന്നതിൽ ഓരോ സംസ്ഥാനത്തിനും വ്യത്യസ്ത രീതിയാണെന്ന് സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റിന്റെ വാദം വിമർശനങ്ങളെ പ്രതിരോധിക്കാനുള്ള മറുവാദം മാത്രമാണ്. ഓരോ താരത്തിനും പ്രോത്സാഹനവും പിന്തുണയും നൽകാൻ സർക്കാരിനും കൗൺസിലിനും ഉത്തരവാദിത്വമുണ്ട്. പ്രോത്സാഹനക്കുറവ്, ഭാവിതലമുറയെ ഈ മേഖലയിൽനിന്ന് അകറ്റാനേ ഇടയാക്കൂ.
മറ്റ് സംസ്ഥാനങ്ങളിലെ സഹതാരങ്ങളെല്ലാം അതത് നാടുകളിലെ സ്വീകരണങ്ങളിൽ പങ്കെടുത്ത് പാരിതോഷികങ്ങൾ വാങ്ങിക്കൊണ്ടിരിക്കുമ്പോൾ നമ്മുടെ താരങ്ങൾക്ക് വിലപിക്കേണ്ടി വരുന്നതിനെ ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ല.
ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ 28 സ്വർണവും 38 വെള്ളിയും 41 വെങ്കലുമാണ് ഇന്ത്യൻ നേട്ടം. 2018 ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിനേക്കാൾ 37 മെഡലുകളാണ് ഇന്ത്യൻ താരങ്ങൾ അധികം നേടിയത്.
എട്ടാം സ്ഥാനത്തുനിന്ന് നാലാം സ്ഥാനത്ത് താരങ്ങൾ ഇന്ത്യയെ എത്തിച്ചുവെങ്കിലും ഈ താരങ്ങളോടുള്ള കേന്ദ്ര സർക്കാരിന്റെ നിലപാട് എന്താണെന്ന് ബോധ്യപ്പെടാൻ, സമീപകാലത്ത് ഗുസ്തി അസോസിയേഷനുമായി ബന്ധപ്പെട്ടുണ്ടായ ലൈംഗിക ആരോപണ വിവാദം മാത്രം മതി. ഇത്തരം തെറ്റുകൾ തിരുത്താനും മാതൃകയാകാനും കേരളം പോലുള്ള സംസ്ഥാനങ്ങളിലെ കായിക ലോകം സജ്ജമാവുകതന്നെ വേണം. അതിന് കളിക്കളത്തിനും കായിക താരങ്ങൾക്കും അവർ അർഹിക്കുന്ന പരിഗണനയും കരുതലും കൊടുക്കുക തന്നെ വേണം.
ഒരൊറ്റ ദിവസത്തെ അധ്വാനവും പരിശീലനവുംകൊണ്ട് ട്രാക്കിലെത്തുന്നവരല്ല ഇവരൊന്നും. മാസങ്ങളും വർഷങ്ങളും നീണ്ട കഠിന പരിശീലനത്തിന്റെ നാൾവഴികൾ പിന്നിട്ടാണ് ഓരോ താരവും മാറ്റുരയ്ക്കാനെത്തുന്നത്. അവരുടെ പ്രകടനത്തിനുതകുന്ന പരിഗണനയും പ്രതിഫലവും നൽകിയേ മതിയാവൂ. ചെലവു ചുരുക്കലിന്റെ പേരിൽ കായിക താരങ്ങളുടെ ആത്മവിശ്വാസം തകർത്ത് നമ്മുടെ മൈതാനങ്ങൾ തരിശിടരുത്.
Content Highlights:editorial in 11/10/2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."