ന്യൂസ്‌ക്ലിക്കിനെതിരേയുള്ള നടപടി ലക്ഷ്യംവയ്ക്കുന്നതെന്ത്?
ഡി.പി
ലോക്സഭാ തെരഞ്ഞെടുപ്പിനോട് അടുക്കെ കേന്ദ്രം ഭരിക്കുന്ന പാർട്ടിയും അതിന്റെ പ്രധാന നേതാക്കളെല്ലാം അങ്കലാപ്പിലാണ്. ഹിന്ദുത്വത്തിന്റെ സ്ഥിരം അജൻഡയുടെ ശൗര്യം പണ്ടേപോലെ ഫലിക്കില്ല എന്ന തോന്നലാണ് ഇതിനു കാരണം. പകരമായി, വികസനത്തിന്റെ രാഷ്ട്രീയം മുന്നോട്ടുവയ്ക്കുകയാണെകിൽ പ്രതിപക്ഷം അദാനി ബന്ധം മുതൽ സാധാരണ ഇന്ത്യക്കാർ നിത്യേന അഭിമുഖീകരിക്കുന്ന വിലക്കയറ്റം വരെ ഉന്നയിക്കും. വനിതാ സംവരണം പോലുള്ള തീരുമാനങ്ങളുടെ നേട്ടവുമായി ജനത്തെ സമീപിക്കുകയാണെങ്കിൽ പ്രതിപക്ഷം അവരുടെ വജ്രായുധമായ ജാതി സെൻസസിനെ മുൻനിർത്തി പ്രതിരോധിക്കും. ഇങ്ങനെയുള്ള ഒന്നിലധികം അങ്കലാപ്പുകളിൽപെട്ടിരിക്കുന്ന കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് തെരഞ്ഞെടുപ്പിനെ നേരിടുന്നതിൽ ആത്മവിശ്വാസക്കുറവു വന്നുതുടങ്ങിയ ലക്ഷണമുണ്ട്. മാത്രമല്ല, വൻഭൂരിപക്ഷത്തോടെ വിജയിച്ചില്ലെങ്കിൽ പാർട്ടിക്കകത്തെ വിമതപ്രവർത്തനങ്ങൾ ഊർജ്വസലമാകാൻ വേറൊന്നും വേണ്ട.
ഇത്തരം പ്രതിസന്ധികളെ അഭിമുഖീകരിക്കേ നിലവിലെ അജൻഡയെ നവീകരിക്കുക എന്നതാണ് ഒരു പോംവഴിയായി ബി.ജെ.പി നേതൃത്വം കാണുന്നത്. സർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗപ്പെടുത്തി പ്രതിപക്ഷ രാഷ്ട്രീയപ്പാർട്ടി നേതാക്കളെ വരുതിയിലാക്കാനും അല്ലാത്തവരെ അകത്തിടാനുമുള്ള നീക്കങ്ങൾ ഏറെ കാര്യക്ഷമമായി നടക്കുന്നുണ്ട്. ഒപ്പം തീവ്ര ദേശീയവാദത്തെ പുനരുത്തേജിപ്പിക്കാനുള്ള നീക്കങ്ങളും നടക്കുന്നു. പക്ഷേ, സംഘ്പരിവാർ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം, പഴയപോലെ തീവ്രദേശീയതയുടെ വികാരമൊന്നും ഏശുന്നില്ല എന്നാണ്. മാത്രമല്ല, ഷഹീൻബാഗ് സമരവും കർഷക സമരവും ഇന്ത്യയിലെ പൊതുസമൂഹത്തെ തീവ്രദേശീയതയുടെ രാഷ്ട്രീയത്തെപ്പറ്റി പുനർവിചിന്തനം ചെയ്യാൻ പ്രേരിപ്പിച്ചിട്ടുമുണ്ട്.
പ്രത്യശാസ്ത്രപരമായും സംഘടനാപരമായും തീവ്രദേശീയ അജൻഡയെ പുനഃപരീക്ഷിക്കുക എന്നല്ലാതെ മറ്റൊരു സാധ്യതയുമില്ലാത്ത നിലയിൽ 'രാജ്യദ്രോഹ'ത്തിന്റെ പതിവ് ആഖ്യാനത്തെ പുനഃപ്രവർത്തനക്ഷമമാക്കാനുള്ള ഉദ്യമത്തിന്റെ ഏറ്റവും പുതിയ നീക്കമാണ് 'ന്യൂസ് ക്ലിക്ക്' വാർത്താ പോർട്ടലിനെതിരേയുള്ള ക്രിമിനൽ നടപടികൾ. 'ന്യൂസ്‌ക്ലിക്' നിരവധി വായനക്കാരുള്ള വാർത്താമാധ്യമമല്ല. ഗ്രാസ്റൂട്ട് എന്ന് വിശേഷിപ്പിക്കാൻ പറ്റുമെന്നും തോന്നുന്നില്ല. കാരണം, പ്രധാനമായും ഇംഗ്ലീഷ് ഭാഷയിലുള്ള ഇടതുപക്ഷ വീക്ഷണം പുലർത്തുന്ന ഉള്ളടക്കമുള്ള, വരേണ്യമെന്നു തന്നെ പറയാവുന്ന ബുദ്ധിജീവികൾ വിശകലനത്തിനായി അന്വേഷിച്ചു ചെല്ലുന്ന വാർത്താസ്രോതസ് മാത്രമാണ് 'ന്യൂസ്‌ക്ലിക്'.
ഈ നിലയിൽ പരിമിത സ്വാധീനമുള്ള ബദൽ മാധ്യമസ്ഥാപനത്തിന്റെ ഓഫിസ് റെയ്‌ഡു ചെയ്യുകയും അതിന്റെ മുഖ്യപത്രാധിപരായ പ്രബീർ പുരകായസ്ഥക്കെതിരേയും എച്ച്.ആർ മാനേജർ അമിത് ചൗധരിക്കതിരേയും യു.എ.പി.എ ചുമത്തുകയും രാജ്യദ്രോഹം ആരോപിക്കുകയും ചെയ്തതിന്റെ പിന്നിലെ ലക്ഷ്യം യാഥാർഥത്തിൽ ചൈനീസ് ഇടപെടലുകൾ എന്ന ഉമ്മാക്കിയെ മുൻനിർത്തി രാഷ്ട്രീയ ചർച്ചകളുടെ ഗതി തങ്ങൾക്കനുകൂലമാക്കാനുള്ള ഒടുക്കത്തെ ശ്രമമാണ്.
അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ യു.എസിൽ വലിയ ചർച്ചാ വിഷയമായിരുന്നു. ഈ തന്ത്രം ഇവിടെയും പയറ്റാനുള്ള ശ്രമം തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഉപദേശിക്കുന്ന അന്താരാഷ്ട്ര സെഫോളജി ഏജൻസികൾ നിർദേശിച്ചിട്ടുണ്ടോ എന്ന് സംശയിക്കണം.
'ന്യൂസ്‌ക്ലിക്കി'നെതിരേ ഇ.ഡി അന്വേഷണം വളരെ മുമ്പ് തുടങ്ങിയതാണ്. എന്നിട്ടും ഒരു തുമ്പും കിട്ടിയില്ല. അങ്ങനെയിരിക്കെയാണ് 'ന്യൂയോർക് ടൈംസി'ൽ ചൈനയുടെ ആഗോള പ്രചാരവേലയെക്കുറിച്ചുള്ള റിപ്പോർട്ട് പ്രസിദ്ധീകരിക്കപ്പെടുന്നത്. ചൈനീസ് സർക്കാരിനോട് ആഭിമുഖ്യമുള്ള ഐ.ടി വ്യവസായിയും ശതകോടീശ്വരനുമായ നെവിലെ റോയ് സിംഘം ചൈനയ്ക്ക് അനുകൂലമായി വാർത്ത നൽകാൻ വൻതോതിൽ മാധ്യമ സ്ഥാപനങ്ങൾക്ക് പണം നൽകിയിരിക്കുന്നുവെന്നാണ് ന്യൂയോർക് ടൈംസ് പുറത്തുവിട്ട വാർത്ത. ഇതിലെ ഒരു പരാമർശം മാത്രമാണ് ന്യൂസ്‌ക്ലിക്കിന് ഫണ്ട് ലഭിച്ചുവെന്നുള്ളത്. സർക്കാർ അംഗീകൃത രീതികളിൽ ഫണ്ട് വാങ്ങിയെന്ന് 'ന്യൂസ്‌ക്ലിക്' സമ്മതിച്ചിട്ടുമുണ്ട്.
പോർട്ടലിലെ ലഭ്യമായ ഉള്ളടക്കത്തിൽനിന്ന് മനസിലാക്കാവുന്നത് 'ന്യൂസ്‌ക്ലിക്' ചൈനയെ എതിർക്കുന്ന ഒരു വാർത്തയും അതിൽ നൽകിയിട്ടില്ല എന്നതാണ്. അനുകൂലിച്ചിട്ടുമില്ല. അതേസമയം, അരുണാചൽ അതിർത്തിയിലെ ചൈനയുടെ അതിക്രമം രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയതിനെക്കുറിച്ചു പ്രത്യേക വിശകലനമൊന്നും നൽകാൻ ഈ പോർട്ടൽ താൽപര്യമെടുത്തിട്ടില്ല. അല്ലെങ്കിൽ തന്നെ നെഹ്റുവിന്റെ കാലം മുതൽക്കേ കോൺഗ്രസിന്റെ നിലപാടല്ല കമ്യൂണിസ്റ്റ് പാർട്ടിക്ക് ചൈനയെക്കുറിച്ചുള്ളത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിലേക്ക് നയിച്ചതിൽ സുപ്രധാന ഘടകം ചൈന-സോവിയറ്റ് സ്പ്ലിറ്റ് എന്ന് വിളിക്കുന്ന മാർക്സിസ്റ്റ് നേതാക്കളുടെ ചൈനീസ് കമ്യൂണിസത്തോടുള്ള ആഭിമുഖ്യമാണ്.
ചൈനയോടുള്ള പ്രകടമായ ഈ അഭിമുഖ്യത്തെ മുൻനിർത്തിയാണ് 'ന്യൂസ്‌ക്ലിക്' എന്ന ഇടതുപക്ഷ ബദൽ മാധ്യമം ചൈനയുടെ താൽപര്യാർഥം പൗരത്വ നിയമഭേദഗതിക്കെതിരേയുള്ള ഷഹീൻബാഗ് സമരത്തെയും കേന്ദ്ര സർക്കാരിന്റെ കർഷക നിയമത്തിനെതിരേയുള്ള കർഷകജനതയുടെ സംഘടിതപ്രക്ഷോഭത്തെയും ഇളക്കിവിടുകയായിരുന്നു എന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത്. രാജ്യദ്രോഹമെന്ന ആഖ്യാനത്തിനുള്ള വ്യാജതെളിവുകൾ സൃഷ്ടിക്കാനും അതിനെ ചുറ്റിപ്പറ്റി പുകമറ സൃഷ്ടിക്കാനുമാണ് 'ന്യൂസ്‌ക്ലിക്കി'നെതിരേയുള്ള നീക്കത്തിലൂടെ ഉദ്യമിക്കുന്നതെന്നു ന്യായമായും വിചാരിക്കാവുന്നതാണ്. വ്യാജ ആഖ്യാനത്തിന്റെ ലക്ഷ്യം കർഷക സമരവും ഷഹീൻബാഗ് പ്രക്ഷോഭവും രാജ്യദ്രോഹപരമായിരുന്നു എന്നു വരുത്തിതീർക്കുകയാണ്.
കർഷക സമരം കൊടുമ്പിരികൊണ്ടിരിക്കുന്ന വേളയിൽ തന്നെ ഇത്തരത്തിലുള്ള പ്രചാരണത്തിനായുള്ള ശ്രമങ്ങൾ നടന്നിരുന്നു. തീവ്രവാദികളുടെ സാന്നിധ്യവും അന്താരാഷ്ട്ര ഗൂഢാലോചനയും ആരോപിക്കപ്പെട്ടിരുന്നു. ദിഷ രവി എന്ന ഇരുപത്തിരണ്ട് വയസുകാരിയായ പരിസ്ഥിതി പ്രവർത്തകയ്ക്കെതിരേ കേസെടുത്തത് ഓർക്കുക. ഗ്രെറ്റ തൻബെർഗ് സാമൂഹ്യമാധ്യമം വഴി കൈമാറിയ സമരത്തിന്റെ 'ടൂൾ കിറ്റ്' ദിഷ രവി പങ്കുവച്ചുവെന്നാണ് അവർ ചെയ്ത ഗുരുതരമായ കുറ്റമായി ചിത്രീകരിച്ചത്. 'ടൂൾകിറ്റ്' എന്നാൽ ചുറ്റികയും സ്പാനറും അത്തരം ഉപകരണങ്ങളൊന്നുമല്ല. പ്രചാരണോപാധികളെയാണ് ടൂൾ കിറ്റ് എന്ന് വിളിക്കുന്നത്. ഇത് അറിയാഞ്ഞിട്ടല്ല. പകരം അന്താരാഷ്ട്ര ഗൂഢാലോചന ആരോപിച്ചു കർഷക സമരത്തെ പൊളിക്കുകയായിരുന്നു ലക്ഷ്യം. ദിഷ രവിയെയാണ് അതിനായി ഇരയാക്കിയത്. ഏതാണ്ട് സമാന രീതിയിലാണ് 'ന്യൂസ് ക്ലിക്കി'നെയും പ്രതിസ്ഥാനത്തു നിർത്തി ഉപയോഗിക്കുന്നത്.
ഇന്ത്യയിലെ തനതായ പ്രക്ഷോഭങ്ങളുടെ പിറകിൽ ചൈനീസ് താൽപര്യങ്ങളും ഗൂഢാലോചനയും നിരത്തിയാൽ പതിയെ കെട്ടുകഥ മെനയാമെന്നല്ലാതെ അതിനപ്പുറം രാഷ്ട്രീയമായി തെരഞ്ഞെടുപ്പിൽ കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് പ്രത്യേകമായ എന്തെങ്കിലും ഗുണം ലഭിക്കാനുള്ള സാധ്യത നന്നേ വിരളമാണ്. ഇന്ത്യയിലെ ജനം ഏറ്റെടുത്തു നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് പിറകിൽ ഗൂഢശക്തികളെ തിരയാൻ പോവുകയാണെങ്കിൽ 2010 കാലത്തു ഡൽഹി കണ്ട യു.പി.എ സർക്കാർ വിരുദ്ധ 'അഴിമതിക്കെതിരേ ഇന്ത്യ' നടത്തിയ പ്രക്ഷോഭമോ? സാമ്പത്തിക സ്ഥിതിയിൽ ഇന്ത്യ വളരെ ഉയർന്ന സൂചികകൾ പ്രകടമാക്കുന്ന ഘട്ടത്തിലാണ് ഈ പ്രക്ഷോഭം നടന്നതെന്ന് ഓർക്കേണ്ടതുണ്ട്.
ന്യൂസ് ക്ലിക്കിനെതിരേയുള്ള അന്വേഷണ ഭാഗമായി ഇനിയും പലതും കെട്ടിച്ചമയ്ക്കപ്പെടും. അന്തിമമായി ബഹുമാനപ്പെട്ട കോടതികൾ തന്നെ ഈ കേസുകൾ തള്ളാനും അകാരണമായി അറസ്റ്റ് ചെയ്യപ്പെട്ടവർക്ക് നീതി നൽകാനുമാണ് സാധ്യത കൂടുതൽ. അതുകൊണ്ട് ചൈനയുമായി ബന്ധപ്പെട്ടുള്ള പ്രചാരണം അവസാനിക്കാൻ പോകുന്നില്ല, തുടരുകതന്നെ ചെയ്യും. രാഹുൽ ഗാന്ധിയെയും പ്രതിപക്ഷ ഐക്യത്തെയും ലക്ഷ്യംവയ്ക്കുന്നതാണ് ഈ പ്രചാരണം. നക്സൽവാദി ആശയക്കാരുടെ കൂടെയാണ് രാഹുൽ എന്ന പ്രചാരണം ഇതിനകം തന്നെ വ്യാപകമായി പ്രചരിപ്പിച്ചിട്ടുണ്ട്. ഇടതുപക്ഷ പാർട്ടികളും അവരുടെ മാധ്യമങ്ങളുമല്ല ടാർഗെറ്റ്; രാഹുൽ ഗാന്ധിയും കോൺഗ്രസ് പാർട്ടിയുമാണ്. അതിനുള്ള കാരണം ഇന്ത്യ മുന്നണിയുടെ ഭാഗമായുള്ള പ്രതിപക്ഷ കക്ഷികളുടെ ഒത്തൊരുമിച്ചുള്ള നീക്കമാണ്.
'ന്യൂസ്‌ക്ലിക്കി'നെതിരേയുള്ള ക്രിമിനൽ നടപടികൾ ഇന്ത്യയിലെ മാധ്യമപ്രവർത്തനം നേരിടേണ്ടിവരുന്ന അടിയന്തരാവസ്ഥയ്ക്ക് സമാന നടപടികളാണെന്നുള്ള ശരിയായ വിലയിരുത്തൽ പൊതുമണ്ഡലത്തിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്.
മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ഇന്ത്യ വർഷന്തോറം പിറകിൽ പോവുകയാണെന്നുള്ള റിപ്പോർട്ടുകളും ഉദ്ധരിക്കപ്പെടുന്നു. ഈ ഗൗരവമായ പ്രശ്‌നം അതേ ഗൗരവത്തോടെ കേന്ദ്രസർക്കാർ പരിഗണിച്ചിട്ടില്ല എന്ന് വേണം അനുമാനിക്കാൻ. പൗരസ്വാതന്ത്ര്യം, മാധ്യമസ്വാതന്ത്ര്യം എന്നത് വാസ്തവത്തിൽ ഉദാരവാദരാഷ്ട്രീയവും ഭരണഘടനാധിഷ്ഠിതമായ രാഷ്ട്രീയവ്യവസ്ഥയും മുൻഗണന നൽകുന്ന സവിശേഷ മൂല്യമാണ്. വലതുപക്ഷ രാഷ്ട്രീയവും അതിന്റെ സംഘടനാ സംവിധാനങ്ങളും ഒരിക്കലും വിലമതിക്കാത്ത മൂല്യങ്ങളാണിത്. അതുകൊണ്ട് അത്തരത്തിലുള്ള ധാർമികരോഷ പ്രകടനങ്ങൾക്ക് തീവ്ര വലതുരാഷ്ട്രീയം തെല്ലുവിലപോലും കൽപിക്കുന്നില്ല.
വ്യാജ പ്രചാരണവും വികാരമിളക്കിവിടാനുള്ള ആഖ്യാനങ്ങളുമായി അവർ മുന്നോട്ടുപോകും. ഇതിനെ ചെറുക്കനും നേരിടാനും തോൽപ്പിക്കാനും സാമൂഹിക നീതിയിലധിഷ്ഠിതമായ രാഷ്ട്രീയ ഇച്ഛശക്തികൊണ്ടു മാത്രമേ സാധിക്കുകയുള്ളൂ. അതിനുവേണ്ടത് സമർപ്പണ ബുദ്ധിയോടെയുള്ള, അഹിംസാത്മകമായ ചിട്ടയായ രാഷ്ട്രീയപ്രവർത്തനവും ആവശ്യം വേണ്ട വിട്ടുവീഴ്ചകളുമാണ്. വിട്ടുവീഴ്ച എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നീതിബോധം അട്ടത്തുവച്ച് സ്വാർഥലാഭത്തിനുവേണ്ടി പ്രവർത്തിക്കുക എന്നതല്ല. ശരിയായ ലക്ഷ്യങ്ങൾക്ക് ഒപ്പം ചേർന്നവരോട് പുലർത്തുന്ന സൗഹാർദപരമായ നീക്കുപോക്കുകളാണ് വിട്ടുവീഴ്ച എന്നത്.
Content Highlights:What does the action against Newsclick target?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."