കേരളത്തിന് ഇന്ന് 66 വയസ്സ്; വായനക്കാർക്ക് കേരളപ്പിറവി ആശംസകൾ
തിരുവനന്തപുരം: തുടർച്ചയായ പ്രളയം, കൊവിഡ് മഹാമാരി.. അവയെല്ലാം അതിജീവിച്ച് കേരളം ഇന്ന് അറുപത്താറാം ജന്മദിനത്തിൽ. ജാതി, മത, രാഷ്ട്രീയ ഭേദമന്യേ മലയാളിയെന്ന വികാരത്തോടെ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് കേരളം മുന്നേറുകയാണ്. ഐക്യ കേരളത്തിനുള്ള പ്രക്ഷോഭങ്ങളുടെ ഫലമായി 1956 നവംബർ ഒന്നിനാണ് തിരുവിതാംകൂറും കൊച്ചിയും മലബാറും ചേർത്ത് കേരളം രൂപീകരിച്ചത്. ഭാഷാ സംസ്ഥാനങ്ങൾക്കായി ഇന്ത്യയിലുണ്ടായ പോരാട്ടങ്ങളുടെ വിജയംകൂടിയാണ് കേരളത്തിന്റെ രൂപീകരണം.
കേര വൃക്ഷങ്ങളുടെ (തെങ്ങ്) നാടായതിനാലാണ് കേരളം എന്ന പേര് ലഭിച്ചത് എന്ന വാദത്തിനാണ് കൂടുതൽ ബലം. എന്നാൽ ചേരന്മാർ ഭരിച്ചിരുന്ന ചേരളം, പിന്നീട് കേരളമായെന്നും വാദമുണ്ട്. പ്രകൃതി അനുഗ്രഹിച്ചലോകത്തെ ഏറ്റവും സുന്ദരമായ സ്ഥലങ്ങളിലൊന്നായതിനാൽ ദൈവത്തിന്റെ സ്വന്തം നാടെന്ന് ടൂറിസം ലോകത്ത് അറിയപ്പെടുന്നു. വിദ്യാഭ്യാസ, ആരോഗ്യ, ജീവിതനിലവാര സൂചികകളിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ് കേരളം.
കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ 12 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി ആന്റണി രാജു അധ്യക്ഷനാകും. മന്ത്രി വി.എൻ വാസവൻ മുഖ്യപ്രഭാഷണം നടത്തും. ചീഫ് സെക്രട്ടറി വി.പി ജോയ് ഉദ്യോഗസ്ഥർക്ക് ഭരണഭാഷ ചൊല്ലിക്കൊടുക്കും. മലയാള ഭാഷയ്ക്ക് നൽകിയ വിലപ്പെട്ട സംഭാവനകൾ കണക്കിലെടുത്ത് എം. മുകുന്ദൻ, പ്രൊഫ. വി. മധുസൂദനൻ നായർ എന്നിവരെ ആദരിക്കും.
സമകാലിക ജനപഥം ഭരണഭാഷാ പതിപ്പിന്റെ പ്രകാശനം, സംസ്ഥാനതല ഭരണഭാഷാ പതിപ്പിന്റെ പുരസ്‌കാരം നൽകൽ തുടങ്ങിയവ മുഖ്യമന്ത്രി നിർവഹിക്കും. സംസ്ഥാന ഭരണഭാഷാ പുരസ്‌കാര സമർപ്പണവും നടത്തും.
kerala-state-celebrates-66th-formation-day
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."