രണ്ടാമങ്കത്തിന് ഇന്ത്യ; ഡല്‍ഹിയില്‍ അഫ്ഗാനെ നേരിടും; മത്സരം ഉച്ചക്ക് രണ്ട് മുതല്‍
രണ്ടാമങ്കത്തിന് ഇന്ത്യ; ഡല്‍ഹിയില്‍ അഫ്ഗാനെ നേരിടും; മത്സരം ഉച്ചക്ക് രണ്ട് മുതല്‍
ന്യൂഡല്‍ഹി: ആദ്യ മത്സരത്തില്‍ അവിസ്മരണീയ ജയം സ്വന്തമാക്കിയ ഇന്ത്യ ലോകകപ്പിലെ രണ്ടാം പോരിന് ഇന്നിറങ്ങുന്നു. ന്യൂഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്ത് ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന മത്സരത്തില്‍ അയല്‍ക്കാരായ അഫ്ഗാനിസ്താനാണ് എതിരാളികള്‍. ഇന്ന് നീലപ്പട ഇറങ്ങുമ്പോള്‍ ഏകദിന ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറിന് സാക്ഷ്യംവഹിച്ച അതേ വേദിയില്‍ ഇന്ത്യ അഫ്ഗാനെതിരേ മറ്റൊരു റെക്കോഡ് തിരുത്തുമോ എന്നാണ് ലോകം കാത്തിരിക്കുന്നത്. ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ ഇറങ്ങിയ ദക്ഷിണാഫ്രിക്ക മൂന്ന് താരങ്ങളുടെ സെഞ്ചുറിക്കരുത്തില്‍ 428 റണ്‍സെന്ന ലോകകപ്പിലെ റെക്കോഡ് ടോട്ടല്‍ പടുത്തുയര്‍ത്തിയിരുന്നു. നിലവിലെ ഇന്ത്യന്‍ ടീം മികച്ച ഫോമിലാണെന്നതിനാല്‍ ആ റെക്കോഡ് കടപുഴകുമെന്ന ആരാധകരുടെ വിശ്വാസവും തള്ളിക്കളയാനാകില്ല.
അഞ്ചു തവണ ലോക ചാംപ്യന്‍മാരായ ആസ്‌ത്രേലിയക്കെതിരായ ആദ്യ മത്സരത്തില്‍ രണ്ട് റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യ തോല്‍വി മുന്നില്‍ കണ്ടതായിരുന്നു. എന്നാല്‍ പിന്നീട് ഇന്ത്യയെ വിജയതീരത്തെത്തിച്ച കോഹ്‌ലി കെ.എല്‍ രാഹുല്‍ കൂട്ടുകെട്ടിനു മുന്നില്‍ ലോകം കൈയടിച്ചു. എങ്കിലും ഏഷ്യാകപ്പിനു ശേഷം മികച്ച താരനിരകളുമായി ഇന്ത്യ ലോകകപ്പിനെത്തുമ്പോള്‍ ഇവര്‍ കിരീടജേതാക്കളാകുമെന്ന് വിലയിരുത്തിയവര്‍ ആദ്യ മത്സരത്തിലെ പ്രകടനത്തിനു ശേഷം ആശങ്ക അറിയിച്ച് തുടങ്ങിയിട്ടുണ്ട്. ഏഷ്യാകപ്പില്‍ മികച്ച ഫോമില്‍ ബാറ്റ് വീശിയ രോഹിത് ശര്‍മയും പിന്നാലെ നടന്ന ഓസീസ് പരമ്പരയില്‍ കരുത്തറിയിച്ച ശ്രേയസ് അയ്യരും നിരാശപ്പെടുത്തി. ഇരുവര്‍ക്കും പിന്നാലെ ഇഷന്‍ കിഷനും പൂജ്യമായി മടങ്ങിയതിന്റെ ഞെട്ടല്‍ ഇപ്പോഴും ഇന്ത്യന്‍ ആരാധകരിലുണ്ട്. ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയ കിഷന്‍ ഇന്നും ക്യാപ്റ്റനൊപ്പം ഓപണിങ്ങിന് ഇറങ്ങുമെന്നാണ് വിവരം. ബാറ്റിങ്‌നിരയില്‍ മറ്റു മാറ്റമൊന്നും ഉണ്ടാവില്ലെന്ന അറിയിപ്പ് മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡ് നല്‍കുന്നുണ്ട്. അതേസമയം, ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ മൂന്നാം സ്പിന്നറായി അവതരിച്ച അശ്വിന് പകരം ഡല്‍ഹിയില്‍ മൂന്നാം പേസറെ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. മുഹമ്മദ് ഷമിയോ ഷാര്‍ദുല്‍ താക്കൂറോ ആയിരിക്കും പകരക്കാരായി ഇറങ്ങുക. ഇതില്‍ ആസ്‌ത്രേലിയക്കെതിരായ പരമ്പരയില്‍ മിന്നും ഫോമില്‍ പന്തെറിഞ്ഞ മുഹമ്മദ് ഷാമിക്ക് നറുക്കുവീഴാനാണ് സാധ്യത.
അതേസമയം, ഹഷ്മത്തുല്ല ഷാഹിദി നയിക്കുന്ന അഫ്ഗാനിസ്താന്‍ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോട് ആറു വിക്കറ്റിന് പരാജയപ്പെട്ടാണ് രണ്ടാം മത്സരത്തിന് ഇറങ്ങുന്നത്. ബംഗ്ലാദേശിനെതിരേ ബാറ്റിങ്ങിലും ബൗളിങ്ങിലും നന്നേ പരാജയപ്പെട്ട അഫ്ഗാന്‍ പാളിച്ചകളെല്ലാം പരിഹരിച്ചുള്ള വരവാണ്. അന്ന് 47 റണ്‍സെടുത്ത വിക്കറ്റ്കീപ്പര്‍ റഹ്മാനുല്ല ഗുര്‍ബാസിന് മാത്രമാണ് അഫ്ഗാന്‍ നിരയില്‍ അല്‍പമെങ്കിലും തിളങ്ങാനായത്. ഇന്ത്യന്‍ മണ്ണില്‍ നടക്കുന്ന ഐ.പി.എല്ലില്‍ മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാറുള്ള റാഷിദ് ഖാനും മുഹമ്മദ് നബിയും മുജീബുറഹ്മാനുമൊക്കെ ആദ്യ മത്സരത്തില്‍ നിറംമങ്ങിയത് അഫ്ഗാന്‍ ടീമിനെ ചെറുതായൊന്നുമല്ല ബാധിച്ചത്. ഇന്ത്യയെക്കാള്‍ മികച്ച സ്പിന്‍ ബൗളര്‍മാരുണ്ടെന്ന് അവകാശപ്പെടുന്ന ഹഷ്മത്തുല്ല ഷാഹിദിയും കൂട്ടരും ആ കരുത്ത് രാജ്യതലസ്ഥാനത്ത് പയറ്റുമോയെന്നാണ് ഇന്ത്യന്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."