റാഗിങ്, വിദ്യാര്‍ത്ഥിയുടെ കര്‍ണപുടം അടിച്ചു പൊട്ടിച്ചു, മര്‍ദ്ദനത്തില്‍ ദേഹമാസകലം പരുക്ക്
കോഴിക്കോട്: നാദാപുരം എം.ഇ.ടി കോളജില്‍ ക്രൂരമായ റാഗിങ്. റാഗിങ്ങില്‍ ഒന്നാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥി നിഹാല്‍ ഹമീദിന്റെ കര്‍ണപുടം പൊട്ടിയതായി പരാതി. നിഹാലിന്റെ ദേഹമാസകലം മര്‍ദ്ദനമേറ്റിട്ടുണ്ട്. മുഹമ്മദ് റാഫി, സലാഹുദ്ദീന് എന്നീ വിദ്യാര്‍ത്ഥികള്‍ക്കും മര്‍ദനമേറ്റു.
കഴിഞ്ഞ ബുധനാഴ്ചയാണ് റാഗിങ് നടന്നതെന്നാണ് വിവരം. 15ഓളം പേര് വരുന്ന സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് റാഗിങ് നടത്തിയത്. രണ്ടു മാസം മുന്‍പ് കോളജില്‍ പ്രവേശനം നേടിയവരാണ് മര്‍ദനത്തിനിരയായത്. രക്ഷിതാക്കളാണ് ഇതേക്കുറിച്ച് പൊലിസിലും കോളജ് അധികൃതര്‍ക്കും പരാതി നല്‍കിയത്.
വസ്ത്രധാരണത്തെ ചൊല്ലി മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ഭീഷണി മുഴക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തതായി നിഹാല്‍ പറയുന്നു. നിഹാലിന്റെ ഇടതു ചെവിക്കാണ് അടിയേറ്റത്. പരിക്കേറ്റ് വടകര ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. കേള്‍വിശക്തി വീണ്ടെടുക്കാന്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയ്ക്ക് നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം, റാഗിങ് ശ്രദ്ധയില്‍പെട്ട ഉടന്‍ തന്നെ എട്ടു വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്ന് കോളജ് അധികൃതര്‍ അറിയിച്ചു. നാദാപുരം പൊലിസിനെ വിവരം അറിയിച്ചിട്ടുണ്ടെന്നും കോളജ് അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."