ഉളിക്കലിനെ വിറപ്പിച്ച് കാട്ടാന; ഭയന്നോടിയ 6 പേര്‍ക്ക് പരുക്ക്; സ്‌കൂളുകള്‍ക്ക് അവധി
ഉളിക്കലിനെ വിറപ്പിച്ച് കാട്ടാന; ഭയന്നോടിയ 6 പേര്‍ക്ക് പരുക്ക്; സ്‌കൂളുകള്‍ക്ക് അവധി
കണ്ണൂര്‍: കണ്ണൂര്‍ ഉളിക്കല്‍ ടൗണിനടുത്ത് ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തുരത്താനുള്ള ഊര്‍ജിത ശ്രമവുമായി വനംവകുപ്പ്. നിരവധി തവണ പടക്കം പൊട്ടിച്ച് കാട്ടാനയെ ആനയെ കശുമാവിന്‍ തോട്ടത്തിലേക്ക് തുരത്തിയെങ്കിലും വീണ്ടും ജനവാസ മേഖലയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്.
ആനയെക്കണ്ട് ഭയന്നോടിയ ആറുപേര്‍ക്ക് പരുക്കേറ്റു. ഉളിക്കല്‍ ടൗണിലെ സിനിമാ തിയേറ്ററിനടുത്ത് നിന്ന് പള്ളിക്കുന്നില്‍ വരെയെത്തിയ ആന കര്‍ണാടക വനത്തില്‍ നിന്ന് ഇറങ്ങിയതാവാമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍.
ഇതിനിടെ, ഉളിക്കല്‍ ടൗണില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള നടപടിയും അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്. ഉളിക്കലിലെ വയത്തൂര്‍ ജനവാസ മേഖലയിലാണ് കാട്ടാനയിപ്പോള്‍ നിലയുറപ്പിച്ചിരിക്കുന്നത്. കാട്ടാനയെ പകല്‍ കാട്ടിലേക്ക് തുരത്തുക ബുദ്ധിമുട്ടാണെന്നാണ് വനംവകുപ്പ് പറയുന്നത്. പത്തു കിലോമീറ്റര്‍ ദൂരത്തിലായാണ് വനമേഖലയിലുള്ളത്. വൈകിട്ടോടെ തന്നെ കാട്ടിലേക്ക് തുരത്താനുള്ള ഊര്‍ജിത ശ്രമത്തിലാണ് വനംവകുപ്പ്.
ആന ഓടിക്കൊണ്ടിരിക്കുന്ന സ്ഥലത്ത് വനംവകുപ്പും നിരീക്ഷണം നടത്തുന്നുണ്ട്. നിലവില്‍ ജനവാസകേന്ദ്രത്തോട് ചേര്‍ന്നുള്ള റബ്ബര്‍ തോട്ടത്തില്‍ നിലയുറപ്പിച്ചിരിക്കുകയാണ് കാട്ടാന. ആന വിരണ്ടോടാന്‍ സാധ്യതയുള്ളതിനാല്‍ മയക്കുവെടി പ്രായോഗികമല്ലെന്ന് വനംവകുപ്പ് അറിയിച്ചു. വൈകുന്നേരം വരെ ജനങ്ങള്‍ കാത്തിരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായുള്ള ജോലികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. വയത്തൂര്‍ വില്ലേജ് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."