താലിബാന്റെ രണ്ടാം വരവിലെ പിന്നാമ്പുറങ്ങള്‍
ഫൈസല്‍ നിയാസ് ഹുദവി
'കഴിഞ്ഞ നാല്‍പത് വര്‍ഷമായി യുദ്ധം അനുഭവിച്ചുകൊണ്ടിരിക്കുന്ന ജനതയാണ് ഞങ്ങള്‍. യുദ്ധം അവസാനിപ്പിച്ചു അഫ്ഗാനില്‍ സ്ഥിരതയും സമാധാനവും കൊണ്ടുവരികയെന്നതാണ് ഞങ്ങളുടെ മുന്‍ഗണന. ലോകത്ത് നിന്നു ഒറ്റപ്പെട്ട് ജീവിക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. എല്ലാവരുമായും നല്ല ബന്ധത്തില്‍ ലോകത്തോടൊപ്പം ജീവിക്കാനാണ് താല്‍പര്യം. മറ്റൊരു രാജ്യത്തിനോ വ്യക്തികള്‍ക്കോ എതിരെ ഞങ്ങളുടെ മണ്ണ് ഉപയോഗിക്കാന്‍ അനുവദിക്കില്ല' - വ്യക്തവും സമകാലികവുമായ അറബി ഭാഷയില്‍ ദോഹയിലെ താലിബാന്‍ രാഷ്ട്രീയ ഓഫിസിന്റെ വക്താവ് മുഹമ്മദ് നഈം അല്‍ജസീറ ചാനലിലൂടെ തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നത് കേട്ടപ്പോള്‍ അത്ഭുതവും കൗതുകവും തോന്നി. തലമറക്കാത്ത, മേക്കപ്പ് ചെയ്ത അല്‍ജസീറയിലെ വാര്‍ത്താ അവതാരികയുടെ ചോദ്യങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെ മറുപടി പറഞ്ഞ നഈം ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം അഫ്ഗാന്‍ ഭരണം വീണ്ടും കൈപ്പിടിയില്‍ ഒതുക്കുമ്പോള്‍ താലിബാന്‍ ഒരുപാട് മാറിയിട്ടുണ്ടെന്നാണ് മനസ്സിലാക്കിത്തരുന്നത്. 1996-2001 കാലഘട്ടത്തില്‍ അധികാരത്തിലിരുന്ന താലിബാന്‍ നേതാവായിരുന്ന മുല്ല ഉമറിന്റെ ഒരു ഫോട്ടോ പോലും കിട്ടാനില്ലായിരുന്നുവെങ്കില്‍, അഫ്ഗാന്‍ പ്രസിഡന്റിന്റെ കൊട്ടാരം ഒരു രക്തച്ചൊരിച്ചിലില്ലാതെ കീഴടക്കിയ രണ്ടാം വരവില്‍ താലിബാന്‍ അംഗങ്ങള്‍ കാമറക്ക് മുന്നില്‍ പോസ് ചെയ്യുന്നതും മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്യുന്നതും താടിവയ്ക്കാത്ത ഗനി സര്‍ക്കാരിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പം മാധ്യമങ്ങളെ കണ്ടതും മാറ്റത്തിന്റെ സൂചനകളാവുമോ? ബി.ബി.സിയിലും ഏറ്റവും അവസാനമായി അഫ്ഗാനിലെ ടോളോ ന്യൂസിന്റെ പ്രാദേശിക ചാനലിലും സ്ത്രീ അവതാരികകളോട് താലിബാന്‍ വക്താക്കള്‍ സംസാരിക്കുന്നതും ലോകം കൗതുകത്തോടെ വീക്ഷിക്കുകയാണ്.
അഫ്ഗാന്‍ മലനിരകളിലെ പരുക്കന്‍ ജീവിതവും ഗോത്ര സംസ്‌കാരവും മുന്നോട്ട് നയിക്കുന്ന സ്വതവേ പോരാളികളായ പഷ്തൂണ്‍ വിഭാഗത്തിനു മുന്‍തൂക്കമുള്ള അഫ്ഗാനിലെ രാഷ്ട്രീയത്തില്‍ ആപേക്ഷികമായി പ്രായം കുറഞ്ഞ വിഭാഗമാണ് താലിബാന്‍. 1979ല്‍ ആരംഭിച്ച സോവിയറ്റ് അധിനിവേശം തുടക്കം കുറിച്ച രാഷ്ട്രീയ അസ്ഥിരതയുടെ തുടര്‍ച്ചയാണ് അയല്‍രാഷ്ട്രങ്ങളായ ഇന്ത്യയും പാകിസ്താനും സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലും അഫ്ഗാനില്‍ മുഴങ്ങുന്നത്. സോവിയറ്റിന്റെ ചുകപ്പന്‍ സേനയെ അഫ്ഗാനില്‍ നിന്നു കെട്ടുകെട്ടിക്കാന്‍ യു.എസിന്റെ സഹായത്തോടെ വളര്‍ന്നു വന്ന ഒട്ടനവധി ഗ്രൂപ്പുകളുടെ തുടര്‍ച്ചയാണ് താലിബാനും. തീവ്രവാദം എന്ന് പേരിട്ടു വിളിച്ച ഈ പ്രതിഭാസത്തിന്റെ വേരുകള്‍ അന്വേഷിച്ചു പോയാല്‍ അത് ചെന്നെത്തുന്നത് അഫ്ഗാന്‍ മലനിരകളിലേക്കായിരിക്കും. സോവിയറ്റ് അധിനിവേശത്തെ തടുക്കാനെന്നപേരില്‍ തങ്ങളുടെ രാഷ്ട്രീയ അജന്‍ഡ വിജയിപ്പിച്ചെടുക്കാന്‍ ഇസ്‌ലാമിനെ തീവ്രമായി വ്യാഖ്യാനിച്ചു പുസ്തകങ്ങളും ലഘുലേഖകളും വിതരണം ചെയ്ത അമേരിക്ക ശേഷം പതിറ്റാണ്ടുകള്‍ നീണ്ട യുദ്ധത്തിനും ഇസ്‌ലാമിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് വഴി തുറന്നത്.
ലക്ഷക്കണക്കിന് സാധാരണ മനുഷ്യര്‍ക്കു മരണവും അഭയാര്‍ഥിത്വവും സമ്മാനിച്ച സോവിയറ്റ് അധിനിവേശം അഫ്ഗാനികള്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ 1989ല്‍ രാജ്യം വിട്ടു. പിന്നീട് അങ്ങോട്ട് ആഭ്യന്തര യുദ്ധത്തിനാണ് അഫ്ഗാന്‍ സാക്ഷ്യം വഹിച്ചത്. ബുര്‍ഹാനുദ്ധീന്‍ റബ്ബാനിയും ഗുല്‍ബുദ്ധീന്‍ ഹിക്മതിയാറും അഹ്മദ് ശാ മസൂദും അടങ്ങുന്ന വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള ഈ കലഹകാലത്താണ് താലിബാന്‍ പിറക്കുന്നത്. കാണ്ഡഹാറിലെ സന്‍ജ് സാറിലെ മതപഠനശാലകളിലെ അമ്പതിലധികം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് 1994ല്‍ മുഹമ്മദ് മുല്ലാ ഉമറിന്റെ നേതൃത്വത്തില്‍ അഫ്ഗാനിലെ കുത്തഴിഞ്ഞ ആഭ്യന്തരാവസ്ഥക്ക് അറുതിവരുത്താനായി ഒത്തുചേര്‍ന്നാണ് താലിബാന്‍ രൂപപ്പെടുന്നത്. ത്വാലിബ് എന്ന പദത്തിന്റെ ബഹുവചനമാണ് പഷ്തുവില്‍ ത്വാലിബാന്‍. അതായത് വിദ്യാര്‍ഥികള്‍ എന്നര്‍ഥം. അഫ്ഗാനിലെ ഓരോ പ്രവിശ്യകളും പതുക്കെ പിടിച്ചടക്കിയ അവര്‍ 1996 സെപ്റ്റംബര്‍ 27നു തലസ്ഥാനമായ കാബൂള്‍ കീഴടക്കി.
സെപ്റ്റംബര്‍ 11 ലെ ആക്രമണങ്ങളെ തുടര്‍ന്ന് ഉസാമ ബിന്‍ ലാദന്റെ പേരു പറഞ്ഞാണ് അമേരിക്ക അഫ്ഗാനില്‍ അധിനിവേശം നടത്തുന്നത്. അന്നേ എല്ലാവരും പറഞ്ഞതാണ് അമേരിക്കക്ക് ഒരിക്കലും അഫ്ഗാന്‍ വിജയിച്ചടക്കാന്‍ കഴിയില്ലെന്ന്. 2 ട്രില്യന്‍(രണ്ടുലക്ഷം കോടി) അമേരിക്കന്‍ ഡോളറിലധികം ഇതുവരെ ഇരുപത് വര്‍ഷം നീണ്ട ഈ യുദ്ധത്തിനുവേണ്ടി അമേരിക്ക ചെലവിട്ടു കഴിഞ്ഞു. നാലു കോടി വരുന്ന അഫ്ഗാന്‍ ജനതക്ക് ഈ പണം വിതരണം ചെയ്തിരുന്നുവെങ്കില്‍ ഓരോരുത്തര്‍ക്കും 50,000 ഡോളര്‍ വീതം (37 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ലഭിച്ചേനെ. 2500 സൈനികരും നാലായിരത്തോളം കരാര്‍ ജീവനക്കാരും അമേരിക്കക്കു നഷ്ടമായി. അഫ്ഗാനിലും പാക് അതിര്‍ത്തിലുമായി അമേരിക്കന്‍ യുദ്ധം 2,40,000 ലധികം മനുഷ്യജീവനുകള്‍ കുരുതിക്കൊടുത്തതായി അമേരിക്കയിലെ ബ്രൗണ്‍ യൂണിവേഴ്‌സിറ്റി നടത്തിയ പഠനം പറയുന്നു. അതില്‍ തന്നെ 70,000ഓളം അഫ്ഗാന്‍ സാധാരണക്കാരും അത്ര തന്നെ അഫ്ഗാന്‍ ഭടന്മാരും സുരക്ഷാ സേനാംഗങ്ങളും ജീവന്‍ നല്‍കി. 2009 നു ശേഷം മാത്രം ഒരു ലക്ഷത്തി പതിനൊന്നായിരത്തിലധികം അഫ്ഗാന്‍ സിവിലിയന്‍മാര്‍ കൊല്ലപ്പെടുകയോ മാരകമായി മുറിവേല്‍ക്കുകയോ ചെയ്തതായാണ് ഉനാമ (ഡച അശൈേെമിരല ങശശൈീി ശി അളഴവമിശേെമി) വിലയിരുത്തുന്നത്.
നാലു പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ ഇത്ര വലിയ നഷ്ടം അഫ്ഗാനിനും തങ്ങള്‍ക്ക് തന്നെയും ഉണ്ടാക്കിവച്ചിട്ട് അമേരിക്ക തിരിച്ചുപോവുമ്പോള്‍ തുടങ്ങിയിടത്ത് തന്നെയാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്. അമേരിക്കന്‍ സൈന്യം പൂര്‍ണമായും ഒഴിഞ്ഞുപോകുന്നതിനു മുമ്പ് തന്നെ താലിബാന്‍ തലസ്ഥാന നഗരിയിലെ ഭരണസിരാകേന്ദ്രം ഉള്‍പ്പെടെ അഫ്ഗാനിന്റെ 90 ശതമാനത്തിലധികം സ്ഥലങ്ങള്‍ കീഴടക്കി കഴിഞ്ഞു. അതായത് ആരില്‍ നിന്നു അഫ്ഗാനെ മോചിപ്പിക്കാനാണോ അമേരിക്ക വന്നത് അവരെ തന്നെ ഭരണമേല്‍പിച്ചാണ് അമേരിക്ക സ്ഥലം വിടുന്നത്. മൂന്നുലക്ഷത്തിലധികം വരുന്ന അഫ്ഗാന്‍ സേന 80,000 താഴെവരുന്ന താലിബാന്‍കാരെ നേരിടാന്‍ ധാരാളാമാണെന്ന് പറഞ്ഞാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അഫ്ഗാന്‍ വിടാന്‍ ഒരുങ്ങിയത്. ഇനി അവര്‍ അഫ്ഗാന്‍ പിടിച്ചടക്കുകയാണെങ്കില്‍ അതിനു മാസങ്ങള്‍ എടുക്കുമെന്നാണ് യു.എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. പക്ഷേ എല്ലാം മണിക്കൂറുകള്‍കൊണ്ടു അവസാനിച്ചു.
വിദേശ പാവസര്‍ക്കാരിനുവേണ്ടി ജോലിചെയ്തുവെന്നതിനപ്പുറം ഒരുവിധ ധാര്‍മിക കരുത്തുമില്ലാത്തത്ത് കൊണ്ടാവണം ചെറുത്തുനില്‍പ്പിനു പോലും തയാറാകാതെ ആയുധം ഉപേക്ഷിച്ചു താലിബാനെ പോലും അത്ഭുതപ്പെടുത്തി കാബൂള്‍ ഉള്‍പ്പെടെ അവര്‍ വിട്ടുകൊടുത്തത്. കാബൂള്‍ ശക്തി ഉപയോഗിച്ച് കീഴടക്കില്ലെന്നും താലിബാന്‍ ആദ്യമേ പ്രഖ്യാപിച്ചെങ്കിലും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട സുരക്ഷാ ഭടന്മാര്‍ ഓടിപ്പോവുകയും നിലവിലുണ്ടായിരുന്ന പ്രസിഡന്റ് അബ്ദുല്‍ ഗനി രാജ്യം വിടുകയും ചെയ്തതോടെ താലിബാന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. അഴിമതിയും കെടുകാര്യസ്ഥതയുംകൊണ്ടു പൊറുതിമുട്ടിയ ജനങ്ങള്‍ പ്രാദേശികമായി സംഘടിച്ചു താലിബാനൊപ്പം ചേരുകയാണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്നും താലിബാന്‍ വിരുദ്ധ നേതാക്കളിലൊരാളും സോവിയറ്റ് വിരുദ്ധ പോരാട്ടത്തിലെ പടക്കുതിരയുമായിരുന്ന ഗുല്‍ബുദ്ധീന്‍ ഹിക്മതിയാര്‍ 'വേല ുൃശി'േ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
'താലിബാന്‍ തെക്ക് നിന്ന് വടക്കോട്ട് സൈനിക നീക്കം നടത്തിയിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. എല്ലാ പ്രവിശ്യയിലും ഉയര്‍ന്നുവന്ന പ്രാദേശിക പോരാളികളായിരുന്നു പോരാട്ടം നടത്തിയത്. ദോസ്തുമിന്റെ നാട്ടില്‍ ഉസ്ബക്ക് വംശജര്‍ പിടിച്ചെടുക്കുന്നത് ഞങ്ങള്‍ കണ്ടു; (അഫ്ഗാനിലെ വടക്ക് കിഴക്കന്‍ പ്രവിശ്യയായ) ബാദക്ഷനില്‍, പ്രാദേശിക സര്‍ക്കാരിനോട് യുദ്ധം ചെയ്തത് ബാദക്ഷണികളാണ്, സര്‍ക്കാരിന്റെ ഏറ്റവും മോശമായ കാര്യങ്ങള്‍ കണ്ട ആളുകള്‍ക്ക് സര്‍ക്കാരിനെ മടുത്തു, സാധ്യമായ ആദ്യ ബദല്‍ അവര്‍ തിരഞ്ഞെടുത്തു എന്നതാണ് യാഥാര്‍ഥ്യം'. പുതിയ സര്‍ക്കാര്‍ ഉണ്ടാക്കുന്നതിനു താലിബാനുമായി ചര്‍ച്ച ചെയ്യുന്ന മൂന്നംഗ സംഘത്തിലെ ഹിക്മതിയാറിന്റെ വാക്കുകള്‍ താലിബാന്റെ രണ്ടാം വരവിന്റെ പിന്നാമ്പുറം വ്യക്തമാക്കുന്നു.
നാലു കാറുകളില്‍ കൊണ്ടുവന്ന പണം ഹെലികോപ്റ്ററില്‍ കുത്തിനിറച്ചാണ് അശ്‌റഫ് ഗനി ഓടിപ്പോയത്. സുരക്ഷാഭടന്മാരും അമേരിക്കക്കും സര്‍ക്കാരിനും വേണ്ടി ജോലി ചെയ്തവരും പ്രതികാരം ഭയന്നോ വിദേശ രാജ്യങ്ങളില്‍ കൂടുതല്‍ സുഖകരമായ ജീവിതം പ്രതീക്ഷിച്ചോ നാടുവിടാന്‍ കാബൂള്‍ എയര്‍പോര്‍ട്ടിലേക്ക് അവര്‍ തള്ളിക്കയറി. തങ്ങളെ സഹായിച്ച പതിനായിരക്കണക്കിന് അഫ്ഗാനികളെയും കുടുംബത്തെയും അമേരിക്കയിലേക്ക് മാറ്റിത്താമസിപ്പാക്കാനാണ് യു.എസ് ഉദ്ദേശിക്കുന്നത്. നിലവില്‍ 88,000 സ്‌പെഷല്‍ വിസ പ്രോസസിങ് നടന്നു വരുന്നതായി ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതില്‍പെട്ടവരെയാണ് യു.എസ് എയര്‍ഫോഴ്‌സിന്റെ കാര്‍ഗോ ഫ്‌ലൈറ്റുകളില്‍ കുത്തിനിറച്ചു കാബൂളില്‍ നിന്നു ഖത്തറിലെ അല്‍ഉദൈദ് സൈനിക ക്യാംപിലേക്ക് മാറ്റിയത്. വിസയും പാസ്‌പോര്‍ട്ടും ഇല്ലാതെ അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് ജനങ്ങളെ കൊണ്ടുപോകുന്നവെന്ന പ്രചാരണങ്ങളെ തുടര്‍ന്നു ആയിരങ്ങളാണ് കാബൂള്‍ എയര്‍പോര്‍ട്ടില്‍ എത്തിയത്. ലോകത്തെ ഒന്നാം നമ്പര്‍ ശക്തിക്ക് മാന്യമായി തങ്ങള്‍ ഒഴിപ്പിക്കേണ്ടവരെ ഒഴിപ്പിക്കാന്‍ പോലും കഴിയുന്നതിനു മുമ്പ് കാര്യങ്ങള്‍ കൈവിട്ടു പോയി എന്നു ചുരുക്കം.
ഇവിടെ ഏറെ ശ്രദ്ധേയമായ കാര്യമാണ് അമേരിക്കയുടെ ഭീകര സംഘടനകളുടെ ലിസ്റ്റില്‍ അഫ്ഗാനിലെ താലിബാനില്ലെന്നത്. ഫലസ്തീന്‍ പോരാളി പ്രസ്ഥാനമായ ഹമാസിനെയും ഇറാന്റെ റെവലൂഷനറി ഗാര്‍ഡിനെയും ഭീകരസംഘടനകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയ അമേരിക്ക അഫ്ഗാന്‍ താലിബാനെ അക്കൂട്ടത്തില്‍പ്പെടുത്തിയിട്ടില്ലെന്ന് മാത്രമല്ല 2013 മുതല്‍ അവരുമായി ചര്‍ച്ചയിലുമാണ്. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഈ ആവശ്യത്തിനു വേണ്ടി താലിബാന്റെ രാഷ്ട്രീയകാര്യ ഓഫിസ് ആരംഭിക്കുകയും വിവിധ തലങ്ങളിലുള്ള ചര്‍ച്ചകള്‍ നടത്തുകയും ചെയ്തുവരുന്നു. കഴിഞ്ഞ ഏഴു വര്‍ഷത്തിലധികമായി താലിബാന്‍ നേതാക്കളില്‍ ഒരു വിഭാഗം ദോഹ കേന്ദ്രീകരിച്ചു ജീവിക്കുന്നതും മറ്റു രാജ്യങ്ങളുമായും ഉണ്ടാക്കിയെടുത്ത ബന്ധവും അവരുടെ കാഴ്ചപ്പാടുകളില്‍ ഏറെ മാറ്റം വരുത്തിയിട്ടുണ്ടെന്ന് വേണം കരുതാന്‍. അമേരിക്കക്ക് പുറമേ, റഷ്യ, ചൈന, ജപ്പാന്‍ തുടങ്ങിയ പല രാഷ്ട്രങ്ങളുമായി വര്‍ഷങ്ങളായി ഞങ്ങള്‍ നല്ല ബന്ധം പുലര്‍ത്തുന്നുവെന്ന് താലിബാന്‍ അവകാശപ്പെടുന്നു. ദോഹയിലെ അവരുടെ ഓഫിസ് തലവനും സ്ഥാപകരിലൊരാളും നിലവിലെ നേതൃത്വത്തില്‍ രണ്ടാമനുമായ മുല്ല അബ്ദുല്‍ ഗനി ബ്രാദറിനെ 2010ല്‍ പാകിസ്താന്‍ കറാച്ചിയില്‍വച്ച് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും 2018ല്‍ അമേരിക്കന്‍ സമ്മര്‍ദത്തിനു വഴങ്ങി പാകിസ്താന്‍ വിട്ടയച്ചതാണെന്ന കാര്യവും ഇതിനോട് ചേര്‍ത്തുവായിക്കണം. അമേരിക്കന്‍ താലിബാന്‍ ബന്ധങ്ങളിലെ അന്തര്‍ധാരയാണിത് സൂചിപ്പിക്കുന്നത്.
ദയൂബന്ത് സരണി പിന്തുടരുന്ന താലിബാന്‍ മതത്തിനും മത നിയമങ്ങള്‍ക്കും തങ്ങളുടെ സാംസ്‌കാരിക അടിത്തറയില്‍ നിന്നുകൊണ്ടു നല്‍കുന്ന ഇടുങ്ങിയതും തീവ്രവുമായ വ്യാഖ്യാനങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്നു മനസിലാക്കിയാല്‍ അവര്‍ക്കും അഫ്ഗാന്‍ ജനതക്കും ഒരു പുതിയ പ്രഭാതം പ്രതീക്ഷിക്കാം. താലിബാന്‍ വക്താവ് അല്‍ജസീറയോട് പറഞ്ഞത് 'ഞങ്ങള്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ നിങ്ങള്‍ കണ്ടറിയൂ. വാക്കുകള്‍ക്കപ്പുറം പ്രവൃത്തിയാണ് ഞങ്ങള്‍ക്ക് നല്‍കാനുള്ള ഗ്യാരണ്ടി'. നമുക്ക് കാത്തിരുന്നു കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."