പുള്ളാവൂരിലെ ചെറുപുഴയില്‍ ഉയര്‍ന്ന് പൊങ്ങി ഫുട്ബോളിന്റെ മിശിഹാ; ചിത്രം പങ്കുവച്ച് അര്‍ജന്റീനയിലെ ഫുട്ബോള്‍ ആരാധകരുടെ പേജ്
കോഴിക്കോട്; ലോകകപ്പ് ആവേശത്തിന്റെ കൊടുമുടിയിലാണ് ഫുട്ബോള്‍ ആരാധകര്‍.ലോകകപ്പ് അങ്ങ് ഖത്തറിലാണെങ്കിലും അവിടുത്തേക്കാളും ആവേശം ചിലപ്പോള്‍ കേരളത്തില്‍ കാണാം. ഇഷ്ട ടീമുകള്‍ തമ്മിലുള്ള വാഗ്വാദങ്ങളും തര്‍ക്കങ്ങളും പതിവുപോലെ മുന്നേറുകയാണ്. ആരാധകര്‍ക്കിടയില്‍ ആവേശത്തിന്റെ മറ്റൊരു മുഖമാണ് മത്സര ബുദ്ധിയോടെ ഇഷ്ടതാരങ്ങളുടെ കട്ടൗട്ടുകള്‍ സ്ഥാപിക്കല്‍. കോഴിക്കോട് കൊടുവള്ളിക്കടുത്ത് പുള്ളാവൂരിലെ ചെറുപുഴയില്‍ വെള്ളത്തിനു നടുക്ക് ഉയര്‍ന്നു നില്ക്കുന്ന അര്‍ജന്റീന താരം ലയണല്‍ മെസ്സിയുടെ കൂറ്റന്‍ കട്ടൗട്ടാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം.
അര്‍ജന്റീന ആരാധകര്‍ കട്ടൗട്ടുമായി പോകുന്നതിന്റെയും പുഴയില്‍ സ്ഥാപിക്കുന്നതിന്റെയും വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.ഇവയെല്ലാം തന്നെ ഇപ്പോള്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്. ഇതിന് പുറമെ അര്‍ജന്റീന ടീമിന്റെ ഔദ്യോഗിക ഫേസ്ബുക് പേജും അന്താരാഷ്ട്ര മാധ്യമങ്ങളും ഉള്‍പ്പെടെ ഈ ചിത്രം പങ്കുവെച്ചതോടെ പുള്ളാവൂരിലെ മെസ്സി ആഗോള വൈറലായിരിക്കുകയാണ്. ഫോക്സ് സ്പോര്‍ട്സ് ഉള്‍പ്പെടെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുള്ളാവൂരിലെ പുഴയിലെ മെസ്സിയുടെ ചിത്രം പങ്കുവെച്ചതോടെയാണ് ലോകവ്യാപകമായി ഇത് ശ്രദ്ധിക്കപ്പെട്ടത്. ഇതോടെ,പുള്ളാവൂരുകാരുടെ ഫുട്ബാള്‍ ആവേശവും ആകാശത്തോളമുയര്‍ന്നു കഴിഞ്ഞു.
1986ല്‍ മെക്സികോയില്‍ നടന്ന ലോകകകപ്പിനുശേഷം പിന്നീടൊരു ലോകകപ്പ് കിരീടം ഉയര്‍ത്താന്‍ കഴിയാത്ത അര്‍ജന്റീനക്ക് വേണ്ടി ലയണല്‍ മെസ്സി എന്ന നായകന്റെ പേരില്‍ ഒരു ലോകകപ്പെന്ന സ്വപ്നവുമായാണ് അര്‍ജന്റീന താരങ്ങള്‍ ഖത്തറില്‍ പന്തുതട്ടാനിറങ്ങുന്നത്. യോഗ്യതാമത്സരങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചാണ് അര്‍ജന്റീന ലോകകപ്പ് യോഗ്യത നേടിയത്. ചെറിയ പിഴവുകളില്പോലും നിരവധി പഴികേള്ക്കലുകളും ടീം നേരിട്ടിട്ടുണ്ട്. ഇത്തവണത്തെ ലോകകപ്പ് കിരീടം അര്‍ജന്റീന സ്വന്തമാക്കുമെന്നാണ് ലണ്ടന്‍ ആസ്ഥാനമായുള്ള സ്റ്റോക്ക് ബ്രോക്കറിന്റെ പ്രവചനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."