എ.ടി.എമ്മില്‍ നിന്ന് പണംതട്ടല്‍: കാസര്‍കോട് സ്വദേശികളെ തെളിവെടുപ്പിനെത്തിച്ചു
കാസര്‍കോട്: വിവിധ ബാങ്കുകളുടെ വ്യാജ എ.ടി.എം കാര്‍ഡുകള്‍ ഉപയോഗിച്ച് കേരള ബാങ്കിന്റെ എ.ടി.എമ്മുകളില്‍ നിന്ന് മൂന്നുലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത കേസില്‍ പ്രതികളായ കാസര്‍കോട് സ്വദേശികളെ തിരുവനന്തപുരം സൈബര്‍ ക്രൈം സ്‌ക്വാഡ് തെളിവെടുപ്പിനായി കാസര്‍കോട്ടെത്തിച്ചു. തളങ്കര കൊപ്പലിലെ അബ്ദുല്‍ സമദാനി (32), മീപ്പുഗിരി ചെട്ടുംകുഴി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മുഹമ്മദ് നജീബ് (28), സഹോദരന്‍ മുഹമ്മദ് നുഹ്മാന്‍ (37) എന്നിവരെയാണ് തിരുവനന്തപുരം സൈബര്‍ സ്‌ക്വാഡ് സി.ഐ കെ.എന്‍ ഷിജുവിന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ കാസര്‍കോട്ടേക്ക് കൊണ്ടുവന്നത്. അവരവരുടെ വീടുകളിലേക്ക് കൊണ്ടുപോയി തെളിവെടുത്തു.
മൂന്നുപേരും വിവിധ ബാങ്കുകളുടെ വ്യാജ എ.ടി.എം കാര്‍ഡുകളുണ്ടാക്കി സംസ്ഥാന വ്യാപകമായി തട്ടിപ്പ് നടത്തിയിരുന്നു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലെ കേരള ബാങ്ക് എ.ടി.എമ്മുകളില്‍ നിന്നാണ് പ്രതികള്‍ മൂന്നുലക്ഷത്തിലേറെ രൂപ കൈക്കലാക്കിയത്. ബാങ്ക് ഓഫ് ബറോഡയുടെ വ്യാജ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് മൂന്നുപേരും ജൂലൈ 22ന് ഉച്ചയോടെ കേരളബാങ്കിന്റെ കാലിക്കടവിലെ എ.ടി.എമ്മില്‍ നിന്ന് 74,000 രൂപയും വൈകുന്നേരം തളങ്കരയിലെ എ.ടി.എമ്മില്‍ നിന്ന് 25,000 രൂപയും തട്ടിയെടുത്തതായി തെളിഞ്ഞതോടെയാണ് അന്വേഷണം കാസര്‍കോട് ജില്ലയിലേക്ക് കൂടി വ്യാപിപ്പിച്ചത്.
ജൂലൈ 29ന് കേരള ബാങ്കിന്റെ തളങ്കര ശാഖ മാനേജര്‍ എ.ടി.എം തട്ടിപ്പുമായി ബന്ധപ്പെട്ട് കാസര്‍കോട് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരുന്നു. പരാതി തിരുവനന്തപുരം സൈബര്‍ സെല്ലിന് കൈമാറുകയാണുണ്ടായത്.
കേരളത്തിലെ വിവിധ ജില്ലകളില്‍ തട്ടിപ്പ് നടന്നതിനാല്‍ അന്വേഷണച്ചുമതല തിരുവനന്തപുരം സൈബര്‍ ക്രൈം പൊലിസ് ഏറ്റെടുത്തു.
പ്രതികളില്‍ ഒരാളെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും മറ്റു രണ്ടുപേരെ തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ നിന്നുമാണ് അറസ്റ്റു ചെയ്തത്. ഡല്‍ഹി കേന്ദ്രീകരിച്ച് വിവിധ ബാങ്കുകളുടെ വ്യാജ എ.ടി.എം കാര്‍ഡുകളുണ്ടാക്കി പണം തട്ടുന്ന സംഘത്തില്‍പ്പെട്ടവരാണ് അറസ്റ്റിലായ കാസര്‍കോട് സ്വദേശികളെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."