ആം ആദ്മി പാര്‍ട്ടിക്ക് 50 കോടി നല്‍കി, സത്യേന്ദ്ര ജെയിനിന് 10 കോടി; ഗുരുതര ആരോപണവുമായി സുകേഷ് ചന്ദ്രശേഖര്‍
ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടി സര്‍ക്കാരിനെ പിടിച്ചുകുലുക്കുന്ന ആരോപണങ്ങളുമായി സാമ്പത്തിക തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖര്‍. സത്യേന്ദര്‍ ജയിനിന് 10 കോടി ഉള്‍പ്പെടെ ആം ആദ്മി പാര്‍ട്ടിക്ക് 60 കോടി രൂപ നല്‍കിയെന്നാണ് സുകേഷിന്റെ വെളിപ്പെടുത്തല്‍. നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് സുകേഷ്, ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേനയ്ക്ക് പരാതിക്കത്തയച്ചു.
ജയിലില്‍ വെച്ച് തന്നെ കഠിനമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും സുരക്ഷയ്ക്കായി സത്യേന്ദ്രര്‍ ജയിനിന് പണം നല്‍കിയെന്നുമാണ് സുകാഷ് കത്തില്‍ പറഞ്ഞത്.
സാമ്പത്തിക തട്ടിപ്പു കേസുകളില്‍ ഉള്‍പ്പെടെ പ്രതിയായിട്ടുള്ള സുകേഷ് 2017 മുതല്‍ ഡല്‍ഹി തിഹാര്‍ ജയിലിലാണ്.
അതേസമയം, സുകേഷിന്റെ ആരോപണങ്ങള്‍ ഡല്‍ഹി മുഖ്യമന്ത്രിയും എ.എ.പി അധ്യക്ഷനുമായ അരവിന്ദ് കെജ് രിവാള്‍ തള്ളി. ആരോപണങ്ങള്‍ തെറ്റാണെന്നും ഗുജറാത്തിലെ മോര്‍ബി പാലം ദുരന്തത്തില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ബി.ജെ.പി മനപൂര്‍വം കെട്ടിച്ചമച്ച ആരോപണങ്ങളാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
'ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണ്, മോര്‍ബി ദുരന്തത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ്. ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി അവര്‍ പരിഭ്രാന്തരായിരിക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ഒന്നും അവര്‍ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടി വന്നിരുന്നില്ല. കോണ്‍ഗ്രസും ബി ജെ പിയും അവിടെ ഒറ്റക്കെട്ടായി നീങ്ങി. എന്നാല്‍ ആം ആദ്മിയുടെ വരവ് അവരെ പ്രതിസന്ധിയിലാക്കി. സത്യേന്ദര്‍ ജെയിനിനെതിരെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ഒരു തട്ടിപ്പുകാരനെ ഉപയോഗിച്ച് അവര്‍ കടുത്ത നിരാശയിലായിരിക്കുകയാണ്', കെജരിവാള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."