HOME
DETAILS

ജോലിക്കായി യുവാക്കൾ എവിടെപ്പോകും?

  
backup
November 02 2022 | 02:11 AM

job-opprtunity-2022-editorial


സംസ്ഥാന സർക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം 58ൽ നിന്ന് 60 ആക്കി ഉയർത്തിക്കൊണ്ടുള്ള ധനകാര്യ വകുപ്പിന്റെ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുകയാണ്. 122 പൊതുമേഖലാ സ്ഥാപനങ്ങളിലും ആറ് ധനകാര്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ഒന്നര ലക്ഷത്തോളം ജീവനക്കാർക്കാണ് ഇതിന്റെ ആനുകൂല്യം കിട്ടുന്നത്. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പൊതു മാനദണ്ഡം നിശ്ചയിക്കാൻ 2017ൽ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശ കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് സർക്കാർ പറയുന്നത്.


പെൻഷൻ പ്രായം വർധിപ്പിക്കുകയില്ലെന്നത് ഇടതുമുന്നണി സർക്കാറിൻ്റെ നയപരമായ തീരുമാനമായിരുന്നു. അത്തരമൊരു തീരുമാനത്തിൽ നിന്ന് സർക്കാർ പിറകോട്ടുപോയിരിക്കുകയാണ്. പെൻഷൻ പ്രായം കൂട്ടിയതിൽ പ്രതിഷേധിച്ചു പ്രതിപക്ഷ പാർട്ടികളും അവരുടെ യുവജന സംഘടനകളും എതിർപ്പുമായി തെരുവിലിറങ്ങിയിട്ടുണ്ട്. പെൻഷൻ പ്രായം കൂട്ടുന്നതിനെതിരേ എല്ലാകാലവും കർശന നിലപാട് സ്വീകരിച്ചുപോരുന്ന യുവജന സംഘടനയാണ് ഡി.വൈ.എഫ്.ഐ. ഇടതുമുന്നണി സർക്കാരിൻ്റെ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ രംഗത്തെത്തിയിട്ടുണ്ട്. സി.പി.ഐ യുവജന സംഘടനയായ എ.ഐ.വൈ.എഫ് ശക്തമായ എതിർപ്പ് അറിയിച്ചിട്ടുണ്ട്.
പൊതു മേഖലാ സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം കൂട്ടിയതിന്റെ ചുവടുപിടിച്ച് സർക്കാർ ജീവനക്കാരുടേയും പെൻഷൻ പ്രായം 60 ആക്കുമെന്ന് കരുതേണ്ടിയിരിക്കുന്നു. അവരിപ്പോൾ തന്നെ ഈ ആവശ്യം ഉയർത്തിക്കഴിഞ്ഞു. പങ്കാളിത്ത പെൻഷൻകാരുടേയും ഡോക്ടർമാരുടേയും പെൻഷൻ പ്രായം സർക്കാർ നേരത്തെ തന്നെ 60 ആക്കി ഉയർത്തിയിട്ടുണ്ട്.


സാമ്പത്തിക പ്രയാസത്തിന്റെ പേരിൽ പെൻഷൻ പ്രായം കൂട്ടുന്നതിലൂടെ ജോലിക്ക് വേണ്ടി വേഴാമ്പലുകളെപ്പോലെ ദാഹിച്ചു കഴിയുന്ന അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് മുമ്പിലാണ് സർക്കാർ വാതിലുകൾ കൊട്ടിയടക്കുന്നത്. രണ്ട് വർഷംകൂടി പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് നീട്ടി കൊടുക്കുമ്പോൾ രണ്ട് വർഷത്തിനുള്ളിൽ സർക്കാർ ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കഴിഞ്ഞുപോകുന്ന ഉദ്യോഗാർഥികൾ നിരവധിയാണ്.


2026 ആകുമ്പോഴേക്കും 40 ലക്ഷം തൊഴിലവസരം സൃഷ്ടിക്കപ്പെടുമെന്നാണ് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് എഴുതിയ ലേഖനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവകാശപ്പെടുന്നത്. സർക്കാരിന്റെ ശ്രമം വിജയിക്കുകയാണെങ്കിൽ മുഖ്യമന്ത്രിയുടെ ലേഖനത്തിൽ പറയുന്ന കാര്യങ്ങൾ സഫലമായേക്കാം. പക്ഷേ അതിനിടയിലുള്ള കാലയളവിലെ തൊഴിൽ അവസരങ്ങൾ യുവാക്കൾക്ക് നിഷേധിക്കപ്പെടുകയാണ് പുതിയ തീരുമാനത്തിലൂടെ. അഭ്യസ്തവിദ്യരും സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയങ്ങൾ നേടിയവരും ജോലിക്ക് വേണ്ടി കാത്തിരിക്കുമ്പോൾ അവരോട് ചെയ്യുന്ന അനീതിയാണിത്. പൊതു മേഖലാ സ്ഥാപനങ്ങളിൽ നിന്ന് പിരിയുന്ന ജീവനക്കാർക്ക് വലിയ തോതിൽ ആനുകൂല്യം നൽകുന്നതിൽനിന്ന് താൽക്കാലികാശ്വാസം മാത്രമാണ് പെൻഷൻ പ്രായം കൂട്ടുന്നതിലൂടെ സർക്കാരിന് ലഭിക്കുന്നത്. എന്നാൽ പ്രായപരിധി കഴിയുന്ന അഭ്യസ്തവിദ്യരായ ഉദ്യോഗാർഥികളോട് ചെയ്യുന്ന എല്ലാകാലത്തേക്കുമുള്ള അനിതിയുമാണത്. രണ്ടു വർഷം കഴിഞ്ഞാൽ 60 തികയുന്ന പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ നൽകാൻ സർക്കാർ നിർബന്ധിതമാകും. അതിനകം സർക്കാർ തൊഴിലിന് അപേക്ഷിക്കാനുള്ള പ്രായപരിധി കഴിഞ്ഞവരോട് ചെയ്ത അനീതിക്ക് എന്ത് പ്രായശ്ചിത്തമാണ് സർക്കാരിന് ചെയ്യാനാവുക. ഇപ്പോൾ തന്നെ അപ്രഖ്യാപിത നിയമനനിരോധങ്ങളാണ് സർക്കാർ ഓഫിസുകളിലുള്ളത്. എത്രയോ സർക്കാർ ഓഫിസുകളിൽ ഒഴിവുകൾ നികത്താതെ കിടക്കുന്നു. ഇതുകാരണം ബാക്കി വരുന്ന ജീവനക്കാർക്ക് തൊഴിൽ ഭാരം വർധിക്കുകയാണ്. അതിനാൽ സാധാരണക്കാരന്റെ ആവശ്യങ്ങൾ പരിഹരിക്കാനുമാകുന്നില്ല. സാധാരണക്കാരനാകട്ടെ ആവശ്യങ്ങൾ നിറവേറ്റിക്കിട്ടാൻ നിരന്തരം ഓഫിസുകൾ കയറി യിറങ്ങേണ്ടിയും വരുന്നു.


സർക്കാരിനുണ്ടാകുന്ന സാമ്പത്തിക പ്രയാസത്തിന്റെ അടിസ്ഥാന കാരണം വരവറിയാതെ ചെലവാക്കുന്നതാണ്. സാമ്പത്തിക അച്ചടക്കം പാലിക്കാത്തതിന്റെ ദുരന്തഫലങ്ങളാണിതെല്ലാം. ബജറ്റ് മറികടന്ന് പണം ചെലവാക്കുമ്പോൾ ഏതൊരു സർക്കാർ ഖജനാവും കാലിയാകും. അഭ്യസ്ത വിദ്യരുടെ തൊഴിലില്ലായ്മ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സംസ്ഥാനത്ത് ഒറ്റയടിക്ക് 122 പൊതുമേഖലാ സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം 60 ആക്കിയതിനെ ഏത് കോണിൽ നിന്നു വീക്ഷിച്ചാലും ന്യായീകരിക്കാനാവില്ല. യുവാക്കൾ വൻ തോതിൽ തൊഴിലിനായി വിദേശ രാജ്യങ്ങളിലേക്ക് പൊയിക്കൊണ്ടിരിക്കുന്നത് കാണാതിരുന്നുകൂട. നേരത്തെ ഗൾഫ് മേഖലയിലേക്കായിരുന്നുവെങ്കിൽ ഇപ്പോഴത് ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും സംസ്ഥാനത്ത് നിന്നുള്ള, തൊഴിൽ നൈപുണ്യം നേടിയവർ ഒഴുകിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ സംസ്ഥാനത്ത് ഉപയോഗപ്പെടുത്തേണ്ട മനുഷ്യവിഭവശേഷിയാണ് ഇതിലൂടെ നഷ്ടപ്പെടുന്നത്. കുടിയേറ്റം പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുകയാണ് പല പാശ്ചാത്യൻ രാജ്യങ്ങളും. സാങ്കേതിക പരിജ്ഞാനം ലഭിച്ച യോഗ്യരായ യുവാക്കൾ അത്തരം രാജ്യങ്ങളിൽ ജോലി സമ്പാദിച്ചു അവിടങ്ങളിൽ തന്നെ സ്ഥിര താമസമാക്കിക്കൊണ്ടിരിക്കുന്ന പ്രവണതയും വർധിച്ചുവരുന്നുണ്ട്. നൈപുണ്യവികസനമെന്ന് നാം പറയുന്നുണ്ടെങ്കിലും നമ്മുടെ യുവാക്കളുടെ ക്രയശേഷി ഉപയോഗപ്പെടുത്തി പാശ്ചാത്യൻ രാജ്യങ്ങളാണ് സമ്പന്നമാകുന്നത്. കാലാന്തരത്തിൽ കിഴവന്മാർ മാത്രമുള്ള ഒരു സംസ്ഥാനമായി നമ്മുടെ കൊച്ചു കേരളം മാറുമോ എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.


കക്ഷി രാഷ്ട്രീയ ബന്ധമില്ലാത്ത, ഭരണത്തിൽ സ്വാധീനം ചെലുത്താൻ കഴിയാത്ത യോഗ്യരായ യുവാക്കൾക്ക് തൊഴിൽ അന്യമായി ക്കൊണ്ടിരിക്കുന്ന സംസ്ഥാനമായി കേരളം മാറി എന്ന ആരോപണത്തെ നിഷേധിക്കാനാവില്ല. യൂനിവേഴ്‌സിറ്റികൾ അടക്കമുള്ള സർക്കാർ സ്ഥാപനങ്ങളിൽ പിൻവാതിൽ നിയമനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. കരാർ നിയമനങ്ങൾ നടത്തി പിന്നെ സ്ഥിരപ്പെടുത്തുന്നു. പിൻവാതിൽ നിയമനങ്ങൾക്കും അപ്രഖ്യാപിത നിയമന നിരോധനങ്ങൾക്കും പുറമേ പെൻഷൻ പ്രായം കൂട്ടുകയും ചെയ്യുമ്പോൾ ഇനിയും ഏത് വാതിലിലാണ് തൊഴിലില്ലാത്ത പരശ്ശതം ഉദ്യോഗാർഥികൾ മുട്ടി വിളിക്കേണ്ടത്? അവരുടെ പരിദേവനത്തിന് എന്ത് മറുപടിയാണ് പറയുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും, സ്‌നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും നന്ദി,  ജനങ്ങളുടെ ഇടയില്‍തന്നെയുണ്ടാവും: പി സരിന്‍

Kerala
  •  21 days ago
No Image

ജാര്‍ഖണ്ഡില്‍ അടിച്ചുകയറി ഇന്ത്യാ സഖ്യം ; മഹാരാഷ്ട്രയില്‍ എന്‍ഡിഎ 

National
  •  21 days ago
No Image

3920ല്‍ ഒതുങ്ങി എന്‍.കെ സുധീര്‍; ചേലക്കരയില്‍ ലഭിച്ചത് പിണറായിസത്തിന് എതിരെയുള്ള വോട്ടെന്ന് പി.വി അന്‍വര്‍

Kerala
  •  21 days ago
No Image

ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രത്യേകിച്ച് ഒന്നുമില്ല; വോട്ട് കുറഞ്ഞത് പരിശോധിക്കും: കെ സുരേന്ദ്രന്‍

Kerala
  •  21 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  21 days ago
No Image

മഹാരാഷ്ട്രയില്‍ 50 പോലും തികക്കാതെ മഹാവികാസ്; ഇത് ജനവിധിയല്ല, തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ എന്തോ കുഴപ്പമുണ്ടെന്ന് സഞ്ജയ് റാവത്

National
  •  21 days ago
No Image

കന്നിയങ്കത്തില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ പ്രിയങ്ക; മറ്റന്നാള്‍ മുതല്‍ പാര്‍ലമെന്റില്‍, പ്രതിപക്ഷത്തിന് കരുത്തുപകരാന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഇനി അനിയത്തിയും

Kerala
  •  21 days ago
No Image

ചേലക്കര, ഇളക്കമില്ലാത്ത ഇടതുകോട്ടയെന്ന് ഉറപ്പിച്ച് പ്രദീപ്; രമ്യയ്ക്ക് തിരിച്ചടി

Kerala
  •  21 days ago
No Image

പാലക്കാടിന് മധുര 'മാങ്കൂട്ടം' ; പത്തനംതിട്ടയില്‍ നിന്ന് പാലക്കാട് വഴി നിയമസഭയിലേക്ക് രാഹുല്‍

Kerala
  •  21 days ago
No Image

വയനാട്ടില്‍ എല്ലാ റൗണ്ടിലും പ്രിയങ്കയ്ക്ക് രാഹുലിനേക്കാള്‍ വോട്ട് ലീഡ്; ഭൂരിപക്ഷം 3 ലക്ഷം കടന്നു

Kerala
  •  21 days ago