യുവാൻ ശങ്കർ രാജ ഉംറയ്ക്കായി മക്കയിൽ; ഉംറ വേഷത്തിലുള്ള യുവാന്റെ ചിത്രം വൈറൽ
ചെന്നൈ: ഇളയരാജയുടെ മകനും തമിഴ് സംഗീത സംവിധായകനുമായ യുവാൻ ശങ്കർ രാജ ഉംറയ്ക്കായി മക്കയിൽ. യുവാൻ തീർത്ഥാടന വേഷത്തിൽ വിമാനത്തിനുള്ളിൽ ഇരിക്കുന്ന ചിത്രം വൈറലായിട്ടുണ്ട്. തമിഴ്, മലയാളം, ഇംഗ്ലീഷ് സിനിമാ സൈറ്റുകളിൽ ഇതിന്റെ ചിത്രം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
യുവാൻ ശങ്കർ രാജ 2014ലാണ് ഇസ്ലാം സ്വീകരിച്ചതായി സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തിത്. ഇസ്ലാം സ്വീകരിച്ച കാര്യം പരസ്യപ്പെടുത്തിയപ്പോൾ മാത്രമായിരുന്നു ഇളയരാജ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ പോലും ഇക്കാര്യം അറിഞ്ഞത്. എന്തുകൊണ്ട് ഇസ്ലാം സ്വീകരിച്ചെന്ന് യുവാൻ വിശദീകരിക്കുന്ന വിഡിയോ പിന്നീട് അദ്ദേഹത്തിന്റെ ഭാര്യ സഫ്‌റൂൺ നിസാർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.
യുവാന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു: എന്റെ മാതാവ് ജീവിച്ചിരിക്കുമ്പോൾ ലോകാവസാനമുണ്ടാവുമോ എന്ന് ഞാൻ മാതാവുമായി ചർച്ച ചെയ്യുമായിരുന്നു. 2011ൽ മാതാവ് മരിച്ചതോടെ മാനസികമായി വലിയ ഒറ്റപ്പെടലുണ്ടായി. ആകെ തകർന്ന സമയത്താണ് ഒരു സുഹൃത്ത് മക്കയിൽ നിന്നു കൊണ്ടുവന്ന മുസല്ല സമ്മാനമായി നൽകിയത്. വല്ലാതെ തകർന്നിരിക്കുന്ന സമയങ്ങളിൽ ഈ മുസല്ലയിൽ ധ്യാനിച്ചിരിക്കുന്ന പതിവുണ്ടായിരുന്നു. മാതാവില്ലാത്ത ലോകത്ത്, തനിച്ച് മാനസികമായി തകർന്ന നിലയിൽ നിൽക്കുമ്പോൾ താങ്ങായാണ് ഇസ്‌ലാമിനെ ആശ്ലേഷിച്ചത്. - യുവാൻ പറയുന്നു. ഖുർആൻ പാരായണം ചെയ്യുന്നത് തനിക്ക് സമാധാനം നൽകുന്നുവെന്ന് യുവാൻ വിവിധ അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ട്.
10ാം വയസിൽ സംഗീത രംഗത്തെത്തിയ യുവാനെ സിനിമാ ലോകം ശ്രദ്ധിക്കുന്നതു അജിത്ത്-മുരുകദാസ് ചിത്രമായ ദീനയിലൂടെയാണ്. 150 ൽ അധികം സിനിമകൾക്ക് സംഗീതം നൽകിയ യുവാൻ തമിഴിലെ ഏതാണ്ട് എല്ലാ പ്രമുഖ നടൻമാരുടെയും ചിത്രങ്ങളുടെയും ഭാഗമായിട്ടുണ്ട്.
photo-of-yuvan-shankar-raja-going-to-mecca-goes-viral
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."